Connect with us

Kerala

എസ് എസ് എയിലെ ദിവസവേതനക്കാരെ കരാര്‍ ജീവനക്കാരാക്കും: മന്ത്രി

Published

|

Last Updated

കോഴിക്കോട്: എസ് എസ് എക്ക് ഓഫീസുകളില്‍ ദിവസവേതനടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ കരാറടിസ്ഥാനത്തിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തതായി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ്. ഇതുസംബന്ധിച്ച് ഒരാഴ്ചക്കകം തുടര്‍ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സ്റ്റേറ്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ബി ആര്‍ സി എംപ്ലോയിസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസരംഗത്ത് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ച കേന്ദ്രാവിഷ്‌കൃതപദ്ധതിയാണ് എസ് എസ് എയും ആര്‍ എം എസ് എയും. ഈരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനകള്‍ രൂപം കൊണ്ടത് ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്താണ്. ജീവനക്കാരുടെ സംഘടനകളായാലും മാനേജ്‌മെന്റുകളുടെ സംഘടനകളായാലും വിദ്യാര്‍ഥി സംഘടനകളായാലും അവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
എസ് എസ് എയുടെ പദ്ധതി തുക ചില വര്‍ഷങ്ങളില്‍ കൂടുതല്‍ ലഭിക്കുമെങ്കിലും ചില വര്‍ഷങ്ങളില്‍ കുറവുണ്ടാകുന്നു. ചില ഘടകങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി റിസോഴ്‌സ് അധ്യാപകരുടെ എണ്ണം കുറക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ നിലവില്‍ റിസോഴ്‌സ് അധ്യാപകര്‍ക്ക് ജോലി ചെയ്ത പലര്‍ക്കും തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാന്‍ തടസ്സമുണ്ടായിട്ടുണ്ട്. ഇതില്‍ പല ഭാഗത്തും നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. എല്ലാവരേയും ഉള്‍ക്കൊള്ളണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ നിലവിലുള്ള നിബന്ധനകള്‍ കൂടി കണക്കിലെടുക്കണം. ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരം അധ്യാപകരുടെ വാര്‍ഷിക നിയമനവുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ നടപടികള്‍ തത്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് കോറോത്ത് അധ്യക്ഷത വഹിച്ചു. മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം സാഹിര്‍, ജില്ലാ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി കെ എസ് സുലൈമാന്‍, ട്രഷറര്‍ യഹ്‌യാഖാന്‍ പ്രസം ഗിച്ചു.