വള്ളിക്കുന്ന് റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ്: രണ്ടാംഘട്ടം ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി

Posted on: April 9, 2015 10:04 am | Last updated: April 9, 2015 at 10:04 am

പരപ്പനങ്ങാടി: വള്ളിക്കുന്ന് റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തികളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി റെയില്‍വേ ഇലക്ട്രി ഫിക്കേഷന്‍ വിഭാഗം ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജോണ്‍സണ്‍ സ്ഥലം സന്ദര്‍ശിച്ചു.
ആര്‍ യു ബി ലൊക്കേഷനിലുളള രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകള്‍ ഉടന്‍ മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനിച്ചതായും ഏപ്രില്‍ മൂന്നാം വാരത്തില്‍ കോണ്‍ഗ്രീറ്റ് ബോക്‌സുകളുടെ ഇറക്ഷന്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറോടൊപ്പം ഉയര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കെ എന്‍ എ ഖാദര്‍ എം എല്‍ എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി 90 ലക്ഷം രൂപ 2013ല്‍ റെയില്‍വേക്ക് കൈമാറിയെങ്കിലും ഇതുവരെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് പത്തിന് ഡവലപ്‌മെന്റ് കമ്മിറ്റി ഡിവിഷണല്‍ മാനേജറെ സന്ദര്‍ശിക്കുകയും മഴക്കാലത്തിനു മുന്‍പ് പണി പൂര്‍ത്തീകരിക്കാതിരുന്നാലുള്ള പ്രയാസം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്ഥലം എം പി. ഇ അഹമ്മദ് ഡിവിഷണല്‍ മാനേജറുമായി ഏപ്രില്‍ അഞ്ചിന് ഫോണില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തുകയായിരുന്നു. വള്ളിക്കുന്നിലെത്തിയ ഉദ്യോഗസ്ഥ സംഘത്തെ ഡവലപ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പി പി അബ്ദുള്‍ റഹ്മാന്‍, എം കേശവന്‍ എന്നിവര്‍ സ്വീകരിച്ചു.