ചാവക്കാട് നടന്നത് സദാചാര ഗുണ്ടായിസം: പിണറായി

Posted on: April 4, 2015 6:39 pm | Last updated: April 4, 2015 at 8:56 pm

pinarayiതിരുവനന്തപുരം: കേരളത്തില്‍ പതിവായി മാറുന്ന സദാചാര ഗുണ്ടാആക്രമണ പരമ്പരയില്‍ ഒടുവിലത്തേതാണ് ചാവക്കാട് നടന്നതെന്ന് പിണറായി വിജയന്‍. ജാതിക്കും മതത്തിനും അതീതമായ സ്ത്രീ പുരുഷ സൗഹൃദങ്ങള്‍ സദാചാര ലംഘനമെന്നാരോപിച്ച് ആക്രമിക്കുന്ന പ്രവണത ശക്തമാണ്. കേരളത്തിന്റെ പിന്നോട്ടുപോക്കാണ് ഇത് സൂചിപ്പിക്കുന്നതെന്നും പിണറായി ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.
പൂര്‍ണരൂപം വായിക്കാം…….

കേരളത്തില്‍ പതിവായി മാറുന്ന സദാചാരഗുണ്ടാ ആക്രമണ പരമ്പരയില്‍ ഒടുവിലത്തേതാണ് ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം. അഞ്ചങ്ങാടി പുതിയേടത്ത് മാമ്മുട്ടിയുടെ മകന്‍ സവാഹീര്‍ എന്ന 28 കാരനെ ‘പ്രദേശത്തെ ഒരു യുവതിയുമായി പ്രണയ ബന്ധം ഉണ്ട്’ എന്നാരോപിച്ചാണ് കൊന്നു കളഞ്ഞത്. ഏറെക്കുറെ സവാഹിറിന്റെ സമപ്രായക്കാരാണ് പ്രതികള്‍.
കോഴിക്കോട് കൂടരഞ്ഞിയില്‍ യുവാവിനെയും സഹോദരിയെയും സദാചാരഗുണ്ടകള്‍ അക്രമിച്ചത്
ഇയ്യിടെയാണ് . കുറ്റിയാടി സ്വദേശിയായ വിദ്യാര്‍ഥിനിയും സഹോദരനും സ്‌കൂളില്‍ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ ചെന്നപ്പോള്‍ കമിതാക്കളെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു.
കുലുക്കല്ലൂര്‍ എരവത്രയില്‍ കുലുക്കല്ലൂര്‍ 45കാരിയായ വീട്ടമ്മയുടെ വീട്ടില്‍ ചെന്നെന്നാരോപിച്ച്മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തിയതും സമീപ നാളുകളിലെ വാര്‍ത്തയാണ്.
കേരളത്തിന്റെ തിരിച്ചു പോക്കിന്റെ സൂചനകളാണിത്. നമ്മുടെ സമൂഹം എത്തിപ്പെട്ട ഭീതിജനകമായ അവസ്ഥയുടെ പ്രതിഫലനം ആണ്.
ജാതിക്കും മതത്തിനും അതീതമായ പ്രണയങ്ങള്‍ , സ്ത്രീ പുരുഷ സൌഹൃദങ്ങള്‍ തുടങ്ങിയവയെല്ലാം സദാചാരലംഘനമാണെന്ന് ആരോപിച്ച് അവരെ ‘കൈകാര്യംചെയ്യുന്ന’ പ്രവണത ശക്തമാണ്. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തായി നടക്കുന്നു.
തുല്യതയിലും നീതിയിലും പരസ്പര വിശ്വാസത്തിലും സൗഹൃദത്തിലുമധിഷ്ഠിതമായ ജനാധിപത്യസദാചാര സങ്കല്‍പമാണ് ഇതിലൂടെ തകര്ക്കപ്പെടുന്നത്. ഈ കാടത്തം എല്ലാ തലത്തിലും ചെറുത്തു തോല്‍പ്പിക്കപ്പെടണം.
നിയമം കയ്യിലെടുത്തു അഴിഞ്ഞാടുന്ന അത്തരം സംഘങ്ങളെയും അവയ്ക്ക് പിന്തുണ നല്കുന്നവരെയും ഒറ്റപ്പെടുത്തുകയും അവരുടെ രാഷ്ട്രീയ ദൗത്യം തിരിച്ചറിയുകയും വേണം.
പോലീസ് ഇത്തരം വിഷയങ്ങളില്‍ നീതിപൂര്‍വകമായി ഇടപെട്ടില്ലെങ്കില്‍ സമൂഹം ആരാജകത്വത്തിലേക്കാണ് പതിക്കുക.