Connect with us

Kollam

സുന്നിസെന്ററിന് നേരെ അര്‍ധരാത്രിയില്‍ ആക്രമണം

Published

|

Last Updated

ചവറ: എസ് എസ് എഫ്, എസ് വൈ എസ് വടക്കുംതല യൂനിറ്റ് ഓഫീസായ സുന്നി സെന്ററിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 12നാണ് സംഭവം. വടക്കുംതല ജുമാമസ്ജിദിന് സമീപത്ത് സ്ഥിതി ചെയ്യുന്ന സുന്നി സെന്ററിന്റെ ലൈറ്റ്‌ബോര്‍ഡും സമീപത്തായി സ്ഥാപിച്ചിരുന്ന ഫഌക്‌സ് ബോര്‍ഡുകളും പൂര്‍ണമായി നശിപ്പിച്ചിട്ടുണ്ട്. സുന്നി സെന്ററിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടക്കാന്‍ അക്രമികള്‍ ശ്രമിച്ചെങ്കിലും വിഫലമായി.

സംഭവത്തിന് പിന്നില്‍ പ്രദേശത്തെ ചില മുജാഹിദ് സംഘടനാ പ്രവര്‍ത്തകരാണെന്ന് ചൂണ്ടിക്കാട്ടി സുന്നി സംഘടനകള്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. വടക്കുംതലയില്‍ ജമാഅത്തിനെതിരായി പുതിയ ജുമുഅ തുടങ്ങാനുള്ള മുജാഹിദ് പ്രവര്‍ത്തകരുടെ നീക്കത്തിനെതിരെ ശക്തമായ ജനരോക്ഷമാണ് നിലനില്‍ക്കുന്നത്. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള മുജാഹിദ് സംഘടനകളുടെ ആസൂത്രിത നീക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് എസ് എസ് എഫ്, എസ് വൈ എസ് യൂനിറ്റ് കമ്മിറ്റി ആരോപിച്ചു.ജുമുഅ തുടങ്ങാനുളള മുജാഹിദുകളുടെ നീക്കത്തിനെതിരെ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഹല്ല് അംഗങ്ങള്‍ സംഘടിച്ച് പ്രതിഷേധിച്ച് വരുന്നത്.

സംഭവത്തില്‍ സുന്നി സംഘടനകളുടെ പേര് വലിച്ചിഴക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതാണ് മുജാഹിദ് പ്രവര്‍ത്തകരെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും എസ് എസ് എഫ്, എസ് വൈ എസ് യൂനിറ്റ് കമ്മിറ്റി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സുന്നിസെന്ററിന് നേരെ ആക്രമണം നടത്തി പ്രദേശത്തെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സുന്നി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Latest