Connect with us

International

ഇറാഖ് സൈനികര്‍ക്ക് ജോര്‍ദാന്‍ പരിശീലനം നല്‍കുന്നു

Published

|

Last Updated

അമ്മാന്‍: വരും ആഴ്ചകളില്‍ ഇറാഖിലെ പ്രത്യേക സൈനിക അംഗങ്ങള്‍ക്ക് ജോര്‍ദാന്‍ പരിശീലനം നല്‍കാന്‍ തയ്യാറെടുക്കുന്നു. ഇസിലിനെതിരെയുള്ള ഇറാഖ് സൈന്യത്തിന്റെ പോരാട്ടത്തിന് ശക്തിപകരാന്‍ വേണ്ടിയാണ് ജോര്‍ദാന്റെ ഈ നടപടിയെന്ന് കരുതപ്പെടുന്നു. ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇറാഖ് പ്രതിരോധ മന്ത്രി ഖാലിദ് അല്‍ ഉബൈദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസിലിനെതിരെയുള്ള പോരാട്ടത്തിനാവശ്യമായ ആയുധങ്ങളും ജോര്‍ദാന്‍ ഇറാഖിന് നല്‍കി സഹായിക്കാന്‍ ധാരണയായി. രാജ്യത്തിന്റെ നിരവധി പ്രദേശങ്ങള്‍ ഇപ്പോള്‍ തന്നെ ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിന്‍ കീഴിലാണ്.
അടുത്ത ആഴ്ച ഇറാഖ് സൈന്യത്തിന്റെ ആദ്യ ബാച്ചിന് ജോര്‍ദാന്‍ സൈന്യം പരിശീലനം നല്‍കുമെന്നും ഇറാഖ് സൈന്യത്തിന് വേണ്ടി ജോര്‍ദാന്റെ ആയുധങ്ങള്‍ തുറന്നുകൊടുക്കുമെന്നും ഇറാഖ് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.
സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇസില്‍ വിരുദ്ധ യുദ്ധത്തില്‍ അമേരിക്കയോടൊപ്പം സഹകരിക്കുന്ന രാജ്യമാണ് ജോര്‍ദാന്‍. ഇറാഖിലെയും സിറിയയിലെയും സൈന്യങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ നിര്‍ണായകമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ജോര്‍ദാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജോര്‍ദാന്‍ സന്ദര്‍ശനത്തിനെത്തിയ ഇറാഖ് പ്രതിരോധ മന്ത്രി ഉബൈദി, തങ്ങളുടെ ശ്രദ്ധ ഇസില്‍ പിടിച്ചെടുത്ത പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കലാണെന്ന് കൂട്ടിച്ചേര്‍ത്തു. അന്‍ബാര്‍ പ്രവിശ്യ ഇസിലിന്റെ നിയന്ത്രണത്തിന് കീഴില്‍ വന്നതോടെ ജോര്‍ദാന്‍ വലിയ ഭീഷണിയാണ് നേരിടുന്നത്. ഇസിലിനെതിരെ പോരാടാന്‍ അമേരിക്കക്ക് താവളം ഒരുക്കാനും ജോര്‍ദാന്‍ മുന്നോട്ടുവന്നിരുന്നു.

---- facebook comment plugin here -----

Latest