പ്രബോധന രംഗത്തെ പൊളിച്ചെഴുത്ത് നിര്‍ദേശിച്ച് ദഅ്‌വാ സമ്മേളനം

    Posted on: December 21, 2014 10:10 pm | Last updated: December 21, 2014 at 10:10 pm

    markazമര്‍കസ് നഗര്‍: പ്രബോധന രംഗത്ത് സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തണമെന്ന് മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ നടന്ന ദഅ്‌വ സമ്മേളനം.
    യൂ ട്യൂബ് നല്‍കുന്ന സാധ്യതകളും ഫേസ് ബുക്കിന്റെ വിശാലമായ ചുവരുകളും നന്മകളുടെ പ്രചാരണത്തിന് ഉപയോഗിക്കണമെന്ന് ദഅ്‌വാ സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു. അഞ്ച്മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു സന്ദേശം യു ട്യൂബില്‍ ഇടുന്നതോടെ അതിരുകളില്ലാത്ത ലോകത്തേക്കാണ് അത് കൈമാറുന്നത്. ഫേസ് ബുക്ക് നല്‍കുന്ന സാധ്യതകളും വ്യത്യസ്തമല്ല. കാന്തപുരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് ലഭിക്കുന്ന പ്രചാരം ഉദാഹരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
    സോഷ്യല്‍ മീഡിയകളില്‍ നന്മ ചിന്തിക്കുന്നവരുടെയും ആഗ്രഹിക്കുന്നവരുടെയും കൂട്ടായ്മകള്‍ വ്യാപകമാക്കണമെന്ന അഭിപ്രായവും സമ്മേളനത്തില്‍ ഉയര്‍ന്നു. സാഹചര്യത്തിന് സന്ദര്‍ഭത്തിനും അനുസരിച്ച് പ്രബോധനം നടത്തണം. ജീവിത വിശുദ്ധി കൈവരിച്ച ശേഷം കര്‍മ്മരംഗത്തിറങ്ങണം.
    ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തുന്നവരോട് പോലും സംയമനത്തോടെ പെരുമാറി അവരിലേക്ക് നമ്മുടെ ആശയങ്ങള്‍ എത്തിക്കാന്‍ പ്രബോധകര്‍ ശ്രമിക്കണം. ഇടപെടലുകളില്‍ ധൈര്യം കാണിക്കണം. തുടങ്ങിയ നിര്‍ദേശങ്ങളും സമ്മേളനത്തില്‍ ഉയര്‍ന്നു. കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്ല്യാപ്പള്ളി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, പി എസ് കെ മൊയ്തു ബാഖവി മാടവന, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുര്‍റഷീദ് സഖാഫി കക്കിഞ്ച, അബ്ദുല്‍ കരീം സഖാഫി ഇടുക്കി, ഹസന്‍ സഖാഫി തറയിട്ടാല്‍, അശ്‌റഫ് സഖാഫി കടവത്തൂര്‍, അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, നേമം സിദ്ദീഖ് സഖാഫി, ഫൈസല്‍ അഹ്‌സനി ഉളിയില്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അലവി സഖാഫി കായലം, അബ്ദുല്ല സഖാഫി മലയമ്മ പ്രസംഗിച്ചു.