‘അറബ് മേഖലയില്‍ മാറ്റം അനിവാര്യം’

Posted on: December 15, 2014 5:13 pm | Last updated: December 15, 2014 at 5:13 pm

arab strategy forumദുബൈ: മേഖലയിലെ സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ സാമൂഹിക മാറ്റങ്ങള്‍ അനിവാര്യമാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. അറബ് സ്ട്രാറ്റജി ഫോറത്തിന് മുന്നോടിയായി രാജ്യാന്തര പണ്ഡിതന്മാരുടെയും വിദഗ്ധരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്.
അതോടൊപ്പം തന്നെ രാഷ്ട്രീയ സമ്മര്‍ദങ്ങളെ അതിജീവിക്കുകയും വേണം. രാഷ്ട്രീയ നേതാക്കളും ചിന്തകരും ഭാവിയെക്കുറിച്ചുള്ള സമൂഹത്തിന്റെ ഉത്കണ്ഠകള്‍ക്ക് മറുപടി കണ്ടെത്തണം. അതിനുവേണ്ടിയുള്ള സാമഗ്രികളും പദ്ധതികളും തയ്യാറാക്കണം. വിട്ടുവീഴ്ചാ മനോഭാവത്തോടെയുള്ള നയരൂപവത്കരണമാണ് അഭികാമ്യമായിരിക്കുന്നത്. യു എ ഇയെ സംബന്ധിച്ചിടത്തോളം മേഖലയിലെ രാഷ്ട്രീയ സ്ഥിരതയുള്ള സംവിധാനമാണ് ചൂണ്ടിക്കാണിക്കാനുള്ളത്. ഏത് വെല്ലുവിളിയും നേരിടാന്‍ യു എ ഇ തയ്യാറാണ്. ഞങ്ങള്‍ ഭാവിയെക്കുറിച്ച് നേരത്തെതന്നെ പഠനം നടത്തുകയും മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്തു. ശരിയായ തീരുമാനങ്ങള്‍, ജനങ്ങളുടെ പുരോഗതി ഉറപ്പുവരുത്താന്‍ സഹായകമായി. ഇതിനായി ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇനി വിജ്ഞാനാധിഷ്ഠിതമായ ഭാവി കരുപ്പിടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ശൈഖ് മുഹമ്മദ് പറഞ്ഞു.