Connect with us

Palakkad

കേരളത്തിലേക്ക് കഞ്ചാവ് കടത്ത് വ്യാപകം

Published

|

Last Updated

പാലക്കാട്: കേരളത്തിലേക്ക് കഞ്ചാവുകടത്ത് തുടരുന്നു. നാല് മാസത്തിനിടെ ഗോവിന്ദാപുരം അതിര്‍ത്തിവഴി കേരളത്തിലെത്തിയത് 14 കിലോഗ്രാമിലേറെ. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഏഴെണ്ണം. പിടികൂടിയതിലും എത്രയോ ഇരട്ടി ഇതുവഴി കടന്നുപോയിട്ടുണ്ട്. കെ എസ് ആര്‍ ടി സി യുടെ അന്തര്‍സംസ്ഥാനസര്‍വീസുകളില്‍ സൈഡ് റാക്കില്‍ ബാഗില്‍ വെച്ചാണ് കടത്ത്.
മറ്റ് വാഹനങ്ങളില്‍ പരിശോധന കാര്യക്ഷമമല്ല. യുവാക്കള്‍ക്ക് കഞ്ചാവ് കടത്തുന്നതില്‍ നല്ലൊരു പങ്കുണ്ട്. നാട്ടില്‍ മതിയായ അളവില്‍ കിട്ടാതെ വരുമ്പോള്‍ കടത്തുസംഘത്തിന്റെ ജോലി സ്വയം ഏറ്റെടുക്കുകയാണെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. പിടിയിലായ പലരും കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടിലെ കമ്പം, തേനി, മധുര തുടങ്ങിയ ഭാഗങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് കഞ്ചാവിന്റെ ഒഴുക്ക്. കടത്ത് നടത്തുന്നത് സ്‌കൂള്‍ ബാഗുകളിലും യാത്രാബാഗുകളിലുമാണ്. കഞ്ചാവിന്റെ മണം അറിയാതിരിക്കാന്‍ സുഗന്ധദ്രവ്യം ബാഗില്‍ സ്‌പ്രേ ചെയ്യും. കൂടുതല്‍ ലഹരി തരുന്ന മുന്തിയയിനം കഞ്ചാവായ നീലച്ചടയന്‍ ഇനംവരെ കേരളത്തിലേക്ക് കടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. തെക്കന്‍ ജില്ലാതിര്‍ത്തികളില്‍ പരിശോധന പതിവായതോടെയാണ് കടത്ത് പാലക്കാട് ജില്ലാമാര്‍ഗമാക്കിയതെന്നാണ് സൂചന. കടത്തുസംഘത്തിന്റെ പണി കൃത്യമായി നിശ്ചിതകേന്ദ്രങ്ങളില്‍ എത്തിക്കല്‍ മാത്രം. പിന്നില്‍ ആരാണെന്നോ ലക്ഷ്യസ്ഥാനമേതെന്നോ ഇവിടെയിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍ ആരാണെന്നോ വെളിച്ചത്ത് വരാറില്ല.