ആര്‍ എസ് എസുകാരനായതില്‍ അഭിമാനമുണ്ടെന്ന് വെങ്കയ്യ നായിഡു

Posted on: December 12, 2014 12:28 am | Last updated: December 11, 2014 at 11:28 pm

ന്യൂഡല്‍ഹി: ആര്‍ എസ് എസുകാരനായതില്‍ അഭിമാനം കൊള്ളുന്നുവെന്ന കേന്ദ്ര പാര്‍ലിമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡുവിന്റെ പ്രസ്താവന ലോക്‌സഭയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി. ആഗ്രയിലെ കൂട്ട മതപരിവര്‍ത്തന റിപ്പോര്‍ട്ടുകളില്‍ മറുപടി പറയുമ്പോഴാണ് അദ്ദേഹം ആര്‍ എസ് എസിനെ പുകഴ്ത്തി രംഗത്ത് വന്നത്. ആര്‍ എസ് എസ് മഹത്തായ സംഘടനയാണെന്നും തന്റെ ആര്‍ എസ് എസ് പാശ്ചാത്തലത്തില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിനെതിരെയുള്ള ആരോപണങ്ങളെ നിഷേധിച്ച വെങ്കയ്യ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘ് പരിവാര്‍ സംഘടനകളുടെയും മോദി സര്‍ക്കാറിന്റെയും ഇമേജ് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാര്‍ട്ടികള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസവും ആഗ്രാ കൂട്ടമതപരിവര്‍ത്തനം പാര്‍ലിമെന്റിനെ പ്രക്ഷുബ്ധമാക്കി. ഇന്നലെ വിഷയം സഭയുടെ പരിഗണനക്ക് വന്നപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ സര്‍ക്കാറിനെ രൂക്ഷമായി ആക്രമിച്ചു. ആര്‍ എസ് എസിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ രോഷാകുലരായ ചില പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി.