Connect with us

International

ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ പാതിവഴിയില്‍ അവസാനിക്കുമോ?

Published

|

Last Updated

ഹോങ്കോംഗ്: ജനാധിപത്യ പ്രക്ഷോഭം ശക്തിപ്പെട്ടുവന്നിരുന്ന ഹോങ്കോംഗില്‍ പ്രതിഷേധ കൂടാരങ്ങള്‍ ഒഴിപ്പിക്കുന്നത് പോലീസ് ഊര്‍ജിതമാക്കി. പിരിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് പ്രതിഷേധ കേന്ദ്രങ്ങള്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുന്നത്. പ്രക്ഷോഭകര്‍ക്കെതിരെയുള്ള ഈ നീക്കം ജനാധിപത്യ ശ്രമങ്ങള്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരുമെന്നോ എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതുവരെ 655 പേരെ അറസ്റ്റ് ചെയ്തു. രണ്ടര മാസമായി രാജ്യത്തെ അശാന്തമാക്കിയ സമരം പ്രതിഷേധക്കാരുടെ ബാരിക്കേഡുകള്‍ നീക്കം ചെയ്തും റാലികള്‍ തടഞ്ഞുമാണ് പോലീസ് നേരിടുന്നത്. സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ സമീപത്ത് നിന്ന് പ്രതിഷേധക്കാരെ നീക്കിയാണ് നടപടി ആരംഭിച്ചത്. അഭിഭാഷകരും രാഷ്ട്രീയക്കാരും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. പ്രക്ഷോഭ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ഒരു വഴി ഒരുക്കിയതിന് ശേഷമാണ് പോലീസ് നടപടി. നഗരത്തില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാതെ പോലീസിനും സര്‍ക്കാറിനുമെതിരെ മുദ്രാവാക്യമുയര്‍ത്തുന്നുണ്ട്. പിരിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതിഷേധകേന്ദ്രങ്ങളില്‍ തന്നെ നില്‍ക്കുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. എന്നാല്‍, പലയിടത്തും പ്രതിഷേധക്കാര്‍ പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്ന് പിന്‍മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ പൂര്‍ണ സാതന്ത്ര്യമാവശ്യപ്പെട്ടാണ് ഇവര്‍ പ്രക്ഷോഭം നടത്തുന്നത്. ചൈന നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നതിന് പകരം പൂര്‍ണ ജനാധിപത്യം ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സമരം ചൈനക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഹോങ്കോംഗിലെ യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളാണ് സമരവുമായി ആദ്യം രംഗത്തെത്തിയത്.

---- facebook comment plugin here -----

Latest