ലേബര്‍കാര്‍ഡ് പുതുക്കാത്ത കമ്പനികള്‍ക്ക് പൊതുമാപ്പ്: 1,000 ദിര്‍ഹം പിഴയടച്ചാല്‍ പ്രശ്‌നം തീരും

Posted on: December 9, 2014 9:35 pm | Last updated: December 9, 2014 at 9:35 pm

amnestyദുബൈ: ലേബര്‍കാര്‍ഡ് പുതുക്കാത്ത കമ്പനികള്‍ക്ക് പൊതുമാപ്പ് അനുവദിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ തൊഴില്‍ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഉമൈദ് അല്‍ സുവൈദി അറിയിച്ചു. 2015 ജൂണ്‍ 30വരെയാണ് സമയം. പിഴ എത്രതന്നെയായാലും 1000 ദിര്‍ഹം പിഴ അടച്ചാല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം 270 കോടി ദിര്‍ഹമാണ് യു എ ഇ വേണ്ടെന്ന് വെക്കുന്നത്. സ്വകാര്യ കമ്പനികളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്തുകൊണ്ടു കൂടിയാണ് ഈ നീക്കം. 40,000 കമ്പനികളാണ് ഇത്തരത്തിലുള്ളതെന്നാണ് വിലയിരുത്തല്‍. ഓരോ ജീവനക്കാരന്റെയും പേരില്‍ 53,000 ദിര്‍ഹം പിഴയടക്കേണ്ട കമ്പനികളുണ്ട്. ആകെക്കൂടി നോക്കിയാല്‍ ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ പിഴ ഇവര്‍ക്ക് ചാര്‍ത്തപ്പെട്ടിരിക്കും. അത്തരം കമ്പനികള്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തണം. ഇലക്‌ട്രോണിക് ലേബര്‍ കാര്‍ഡിന്‍ മേലാണ് പിഴ ഉണ്ടാകുക. ലക്ഷത്തോളം കാര്‍ഡുകളാണ് ഇത്തരത്തിലുള്ളതെന്നാണ് കരുതുന്നത്. കമ്പനികളുമായി തര്‍ക്കമുള്ള തൊഴിലാളികളുടെ കാര്‍ഡുകളും ഇതിലുള്‍പെടും.
കമ്പനിയുമായി തര്‍ക്കമുണ്ടാകുമ്പോള്‍ ഉടന്‍ തന്നെ ലേബര്‍ കാര്‍ഡ് റദ്ദ് ചെയ്യണമെന്നതാണ് നിയമം. അതിനു മുമ്പ് ജീവനക്കാരനു നല്‍കേണ്ട ആനുകൂല്യം കമ്പനി നല്‍കുകയും വേണം. പക്ഷേ, ചില കമ്പനികളും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ ലേബര്‍ കാര്‍ഡ് റദ്ദ് ചെയ്യപ്പെടുന്നില്ല. രണ്ട് വര്‍ഷമായി ഇങ്ങനെ തര്‍ക്കം നിലനില്‍ക്കുന്ന ധാരാളം സംഭവങ്ങളുണ്ട്. ജൂണ്‍ 30 വരെ 1,000 ദിര്‍ഹം മാത്രമാണ് പിഴ ഈടാക്കുക. ജൂണ്‍ 30ന് ശേഷം ഓരോ മാസത്തേക്കും 500 ദിര്‍ഹം അധിക പിഴ ചുമത്തപ്പെടും. ലക്ഷക്കണക്കിന് ദിര്‍ഹം പിഴയടക്കേണ്ട കമ്പനികളും 1000 ദിര്‍ഹം അടച്ച് പ്രശ്‌നം അവസാനിപ്പിക്കുന്നതാണ് ഉചിതം. ജനുവരി നാല് മുതല്‍ ആണ് ഈ പൊതുമാപ്പ് നിലവില്‍ വരികയെന്നും ഉമൈദ് അല്‍ സുവൈദി അറിയിച്ചു.