Connect with us

Malappuram

തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വിഭജിക്കാന്‍ സാധ്യതയേറി

Published

|

Last Updated

തിരുന്നാവായ: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ തിരുന്നാവായ ഗ്രാമപഞ്ചായത്ത് രണ്ടായി വിഭജിക്കുന്നതിന് സാധ്യതയേറി. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി തിരുന്നാവായ, പട്ടര്‍നടക്കാവ് എന്നീ പേരുകളില്‍ രണ്ട് പഞ്ചായത്തുകള്‍ നിലവില്‍ വരുമെന്നാണറിയുന്നത്.
ഇത് സംബന്ധിച്ച് വിശദമായ പ്രപ്പോസല്‍ തിരുന്നാവായ പഞ്ചായത്ത് സമ്പൂര്‍ണ വികസന മുന്നേറ്റ സമിതി ചെയര്‍മാനും തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മുന്‍പ്രസിഡന്റുമായ ഫൈസല്‍ എടശ്ശേരി തദ്ദേശസ്വയംഭരണ മന്ത്രിക്കും കേരള സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ക്കും മലപ്പുറം ഡി ഡി പിക്കും സമര്‍പ്പിച്ചു. നിലവില്‍ തിരൂര്‍ മുനിസിപ്പാലിറ്റിയേക്കാളും ഭൂമി വിസ്തൃതിയുണ്ട്. പഞ്ചായത്തില്‍ രണ്ട് വില്ലേജുകളിലായി 50000ത്തിലധികം ജനസംഖ്യയാണുള്ളത്.
പഞ്ചായത്ത് രണ്ടായി വിഭജിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകരുടെ ബാഹുല്യം മൂലം പഞ്ചായത്തില്‍ നിന്നും കൃത്യസമയത്ത് സേവനം ലഭ്യമാക്കാന്‍ കഴിയുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. അതുകൊണ്ടുതന്നെ വിഭജനം അനിവാര്യമാണെന്നാണ് അധികൃതരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം.
പഞ്ചായത്തില്‍ നിലവിലുള്ള രണ്ട് വില്ലേജുകളെ അതിര്‍ത്തിയാക്കി പഞ്ചായത്ത് വിഭജിക്കണമെന്ന് നേരത്തെ ഭരണസമിതിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് വില്ലേജുകള്‍ക്കും കൃത്യമായി നാച്വറല്‍ അതിര് ഇല്ലാത്തതിനാല്‍ വില്ലേജുകളുടെ ഭൂപ്രദേശങ്ങള്‍ മാത്രം തിട്ടപ്പെടുത്തി പഞ്ചായത്ത് രൂപവത്കരിക്കല്‍ അപ്രായോഗികമാണ്. അതുകൊണ്ട്തന്നെ കാരത്തൂര്‍ മുതല്‍ കുണ്ടുകുളം ഖിദ്മത്ത് സ്‌കൂള്‍ വരെയും വൈരങ്കോട് തെക്ക് ഭാഗത്തെയും ഉള്‍പ്പെടുത്തി പുതിയ തിരുന്നാവായ പഞ്ചായത്തും കോഴിക്കോട്ട്കുന്ന് മുതല്‍ ചേരുലാല്‍ ബാവപ്പടി വരെയുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പട്ടര്‍നടക്കാവ് ആസ്ഥാനമായി പുതിയ പട്ടര്‍നടക്കാവ് ഗ്രാമ പഞ്ചായത്തും രൂപവത്കരിക്കുന്നതിനാണ് പ്രപ്പോസലുള്ളത്.

Latest