Connect with us

Business

റബ്ബര്‍ വില തകര്‍ച്ചയില്‍; സ്വര്‍ണ വില ഉയര്‍ന്നു

Published

|

Last Updated

കൊച്ചി: കുരുമുളക് ശേഖരിക്കാന്‍ ആഭ്യന്തര വ്യാപാരികള്‍ വീണ്ടും രംഗത്ത്. റബ്ബറിന്റെ വില തകര്‍ച്ച രൂക്ഷം. വെളിച്ചെണ്ണ വിലയില്‍ നേരിയ കുറവ്. സ്വര്‍ണ വില കുതിച്ചു കയറി.
ഉത്തരേന്ത്യയില്‍ നിന്ന് കുരുമുളകിനു ആവശ്യം ഉയര്‍ന്നു. സ്‌റ്റോക്കിസ്റ്റുകളും കര്‍ഷകരും ഉത്പന്നം കാര്യമായി വില്‍പ്പന നടത്തുന്നില്ല. മാര്‍ക്കറ്റിലേക്കുള്ള ചരക്ക് വരവ് കുറവാണ്. കാര്‍ഷിക മേഖല പുതിയ സീസണിനു തയ്യാറെടുക്കുകയാണെങ്കിലും ചരക്ക് നീക്കം നിയന്ത്രിച്ചതോടെ കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 73,500 രൂപയായി ഉയര്‍ന്നു. അണ്‍ ഗാര്‍ബിള്‍ഡ് 70,500 രൂപ.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഉത്പന്നത്തിനു ആവശ്യക്കാരില്ല. എങ്കിലും ന്യൂ ഇയര്‍ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ഇടപാടുകാര്‍ രംഗത്ത് വരുമെന്നാണ് ഒരു വിഭാഗം കയറ്റുമതിക്കാര്‍ കരുതുന്നത്. ആഗോള വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 12,300 ഡോളര്‍. മറ്റ് രാജ്യങ്ങളുടെ നിരക്ക് താഴ്ന്ന നിലവാരത്തിലാണ്.
പുതിയ അടക്ക വില്‍പ്പനക്ക് വന്നു. പാന്‍ മസാല വ്യവസായികളാണ് ഉത്പന്നം ശേഖരിക്കുന്നത്. പുതിയ അടക്ക 16,500-18,000 രൂപയിലും പഴയ അടക്ക 20,000-22,000 രൂപയിലും വ്യാപാരം നടന്നു.
ചുക്ക് വില സ്‌റ്റെഡി നിലവാരത്തിലാണ്. ശൈത്യം ശക്തിയാര്‍ജിക്കുന്നതോടെ ഉത്തരേന്ത്യന്‍ ഡിമന്‍ഡ് അനുഭവപ്പെടാം. കൊച്ചിയില്‍ വിവിധയിനം ചുക്ക് 21,000-23,000 രൂപയിലാണ്.
ജാതിക്കയുടെയും ജാതിപത്രിയുടെയും വിലകളിലും മാറ്റമില്ല. കയറ്റുമതിക്കാര്‍ ചെറിയ അളവില്‍ ചരക്ക് സംഭരിച്ചു. കൊച്ചിയില്‍ ജാതിക്ക തൊണ്ടന്‍ 250-280 രൂപ, തൊണ്ടില്ലാത്തത് 450-480, ജാതിപത്രി 750-800 രൂപ.
നാളികേരോത്പന്നങ്ങളുടെ നിരക്ക് താഴ്ന്നു. വെളിച്ചെണ്ണക്ക് ലോക്കല്‍ ഡിമന്‍ഡ് മങ്ങിയത് വിലയെ ബാധിച്ചു. കൊച്ചിയില്‍ വെളിച്ചെണ്ണ 14,500 ലും കൊ്രപ 9720 ലും പിണ്ണാക്ക് 2200-3000 രൂപയിലുമാണ്.
റബ്ബര്‍ സംഭരണത്തിലെ അനിശ്ചിതവസ്ഥ നേട്ടമാക്കി ടയര്‍ വ്യവസായികള്‍ റബ്ബര്‍ ഷീറ്റു വില ഇടിച്ചു. റബ്ബര്‍ വില 12,200 ല്‍ നിന്ന് 11,700 രൂപയായി. അഞ്ചാം ഗ്രേഡ് 19,500 ലാണ്. ലാറ്റക്‌സ് വില 7300 ലേക്ക് ഇടിഞ്ഞു. ഒട്ടുപാല്‍ 7750 രൂപയിലാണ്.
സ്വര്‍ണ വില വര്‍ധിച്ചു. പവന്‍ 19,880 രൂപയില്‍ നിന്ന് 19,600 ലേക്ക് തുടക്കത്തില്‍ താഴ്ന്ന ശേഷം ശനിയാഴ്ച പവനു 400 രൂ ഉയര്‍ന്ന് 20,000 ലേയ്ക്ക് കയറി. ഒരു ഗ്രാമിന്റെ വില 2500 രൂപ. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിനു 1188 ഡോളറിലാണ്.