Connect with us

National

മഹാരാഷ്ട്രയില്‍ ശിവസേന പ്രതിപക്ഷത്തേക്ക്

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് പിന്തുണ നല്‍കുമെന്ന് എന്‍ സി പി വ്യക്തമാക്കിയതോടെ ശിവസേന പ്രതിപക്ഷത്തേക്ക്. ബി ജെ പി സര്‍ക്കാറിന് ഉപാധികളില്ലാതെ ഏകപക്ഷീയമായി എന്‍ സി പി പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ശിവസേന വ്യക്തമാക്കിയത്. ഇക്കാര്യം മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറി അനന്ത് കല്‍സയെ ശിവസേന ഔദ്യോഗികമായി അറിയിച്ചു. ശിവസേന എം എല്‍ എയായ ഏക്‌നാഥ് ഷിന്‍ഡെയെ പ്രതിപക്ഷ നേതാവായി പരിഗണിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ച ഇന്നലെ ശിവസേന എം എല്‍ എമാര്‍ പ്രതിപക്ഷ ബഞ്ചില്‍ ഇരുന്നു. സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നാളെ വിശ്വാസ വോട്ടെടുപ്പിനെ നേരിടാനിരിക്കെയാണ് സമ്മര്‍ദ തന്ത്രവുമായി ശിവസേന രംഗത്തെത്തിയത്. ബി ജെ പി സര്‍ക്കാറിന് ഉപാധികളില്ലാതെ പുറമെ നിന്ന് പിന്തുണ നല്‍കുമെന്ന് എന്‍ സി പി ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്‍ സി പി നേതാവ് ശരത് പവാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ആവര്‍ത്തിച്ചു. സംസ്ഥാനത്തിന്റെ താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് പവാര്‍ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് രണ്ട് ദിവസത്തെ സമയം ബി ജെ പിക്ക് നല്‍കുന്നതായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഞായറാഴ്ച അറിയിച്ചിരുന്നു.
സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 22 എം എല്‍ എമാരുടെ കൂടി പിന്തുണ ബി ജെ പിക്ക് ആവശ്യമുണ്ട്. 63 അംഗങ്ങളുള്ള ശിവസേനയാണ് സഭയിലെ രണ്ടാമത്തെ വലിയ കക്ഷി. 41 അംഗങ്ങളാണ് എന്‍ സി പിക്കുള്ളത്.
അതേസമയം, പ്രത്യേക നിയമസഭാ സമ്മേളനത്തിന് മുമ്പ് പ്രോ ടേം സ്പീക്കറായി സഭയിലെ മുതിര്‍ന്ന അംഗം ജീവ പാണ്ഡു ഗവിത്തിന് (സി പി എം) ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു രാജ്ഭവനില്‍ വെച്ച് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതിനു ശേഷം പുതിയ അംഗങ്ങള്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. ബുധനാഴ്ച പുതിയ സ്പീക്കറെ തിരഞ്ഞെടുക്കും. ഇതിന് ശേഷമായിരിക്കും വിശ്വാസ വോട്ടെടുപ്പ്. സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ശിവസേന അറിയിച്ചിട്ടുണ്ട്.

Latest