മിനിപമ്പ ശുചിത്വം ഉറപ്പാക്കാന്‍ പ്രത്യേക സംഘം

Posted on: November 5, 2014 9:54 am | Last updated: November 5, 2014 at 9:54 am

വളാഞ്ചേരി: ശബരിമല ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയിലും പരിസരത്തും ശുചിത്വമുറപ്പാക്കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കും. മിനിപമ്പയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തവനൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം ശുചിത്വം ഉറപ്പാക്കുക. ഇവര്‍ക്ക് ജില്ലാ ശുചിത്വമിഷന്‍ പരിശീലനം നല്‍കും. രാത്രിയും പകലും പ്രത്യേക സംഘങ്ങളായാണ് ശുചീകരണം നടത്തുക. പാതയോരങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ടാവില്ല. അനധികൃത കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാന്‍ ജില്ലാ കലക്റ്റര്‍ നിര്‍ദേശം നല്‍കി. ഹോട്ടലുകളില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കാനും വില വിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
തീര്‍ഥാടകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് പ്രത്യേക ടാങ്കുകള്‍ സ്ഥാപിക്കും. ആരോഗ്യ വിഭാഗം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയാണ് കുടിവെള്ളം വിതരണം ചെയ്യുക. മണ്ഡലകാലം കഴിയുന്നത് വരെ പൊലീസ്-ഫയര്‍ ഫോഴ്‌സ്- ആരോഗ്യം വിഭാഗം ജീവനക്കാരുടെ സേവനം 24 മണിക്കൂറും മിനിപമ്പയിലുണ്ടാവും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ എയ്ഡ് ബൂത്തും ആംബുലന്‍സ് സേവനവും ഒരുക്കും.
വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. മിനിപമ്പയില്‍ നിന്നും കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കെ ടി ജലീല്‍ എം എല്‍ എ, മുന്‍ എം പി. സി ഹരിദാസ്, ആര്‍ ഡി ഒ. കെ ഗോപാലന്‍, ഡെപ്യൂട്ടി കലക്ടര്‍ എന്‍ കെ ആന്റണി, ഡി ടി പി സി സെക്രട്ടറി വി ഉമ്മര്‍ കോയ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.