Connect with us

Kozhikode

സംഘട്ടനത്തില്‍ തൊഴിലാളി മരിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്കും ഒമ്പത് മാസം കഠിനതടവ്

Published

|

Last Updated

കോഴിക്കോട്: റോഡ് നിര്‍മാണത്തിനിടെയുണ്ടായ സംഘട്ടനത്തില്‍ തൊഴിലാളി മരിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്കും ഒമ്പത് മാസം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തോട്ടുമുക്കം – വാലില്ലാപ്പുഴ റോഡ് നിര്‍മാണത്തിനിടെ കണ്ണാടിപൊയില്‍ ചേലകണ്ടിപ്പൊയില്‍ പിണ്ടംനീക്കിമീത്തല്‍ ചേക്കുട്ടിയുടെ മകന്‍ പി എ ദാമോദരന്‍ (53) മരണപ്പെട്ട കേസിലാണ് മലപ്പുറം ഊര്‍ങ്ങാട്ടിരി സ്വദേശികളായ പുത്തന്‍ വീട്ടില്‍ ഷാഹിന്‍ (28), കുറ്റിക്കാട്ടുമ്മല്‍ മുഹമ്മദ് റാഫി (25), നെല്ലിക്കാട്ടില്‍ നസീബ് (25) എന്നിവരെ കോഴിക്കോട് രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ഡോ. കൗസര്‍ എടപകത്ത് ശിക്ഷിച്ചത്. പിഴ സംഖ്യയില്‍ അമ്പതിനായിരം രൂപ മരണപ്പെട്ട ദാമോദരന്റെ കുടുംബത്തിന് നല്‍കാനും കോടതി വിധിച്ചു. പിഴസംഖ്യയില്‍ 20,000 രൂപ വിതം സംഘര്‍ഷത്തില്‍ പരുക്കേറ്റ തൊഴിലാളികളായ ഷൈജു, ഉണ്ണിനായര്‍ എന്നിവര്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
2012 ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം. റോഡ് പണി നടക്കുന്നതിനിടെ ടാറിംഗ് മിക്ചറുമായി വന്ന ഓട്ടോറിക്ഷ തടഞ്ഞ് പ്രതികള്‍ ഡ്രൈവര്‍ ഷൈജുവിനെ്യൂആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടെ റോഡ് പണിയില്‍ ഏര്‍പ്പെട്ട ദാമോദരന്‍, അശോകന്‍, ഉണ്ണിനായര്‍ എന്നിവര്‍ സംഘര്‍ഷ സ്ഥലത്തേക്ക് ഓടിയെത്തുകയും തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ ദാമോദരന്‍ കുഴഞ്ഞ് വീണ് മരിക്കുകയുമായിരുന്നു. മരണം ഹൃദയസ്തംഭനം മൂലമാണെന്ന് തെളിഞ്ഞതോടെ നരഹത്യക്കുള്ള വകുപ്പുകള്‍ ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്. ജില്ലാ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷാജു ജോര്‍ജ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

 

Latest