പാക് ഹൈക്കമ്മീഷണറുമായി ഗീലാനിയും മാലികും കൂടിക്കാഴ്ച നടത്തി

Posted on: August 20, 2014 7:32 am | Last updated: August 20, 2014 at 7:33 am

Kashmiri seperatist leader Syed Ali Shahന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള സെക്രട്ടറിതല ചര്‍ച്ചകള്‍ ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയും ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസീന്‍ മാലിക്കും പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണ് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതുമായി ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ഇരുവരും പുറത്തുവിട്ടിട്ടില്ല.
കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര വിഷയമാണെന്നും ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമല്ലെന്നും നേരത്തെ ഗീലാനി അഭിപ്രായപ്പെട്ടിരുന്നു. ‘അവര്‍ പറയുന്നു കാശ്മീര്‍ ആഭ്യന്തര പ്രശ്‌നമാണെന്ന്. എന്നാല്‍, യാഥാര്‍ഥ്യത്തിന് വിരുദ്ധമാണിത്. ജമ്മു കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര പ്രശ്‌നമാണ്. അത് പരിഹരിക്കുക തന്നെ വേണം.’- പാക് ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് ഗീലാനി പറഞ്ഞു. പാക്കിസ്ഥാനുമായുള്ള വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് പ്രശ്‌നം പരിഹരിക്കണമെന്നില്ലെന്നും സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും ഗീലാനി കുറ്റപ്പെടുത്തി. വാജ്പയി സര്‍ക്കാറിന്റെ കാലത്തുള്‍പ്പെടെ ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാന്‍ എംബസി സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഗീലാനി പറഞ്ഞു.
പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അധികമായി പ്രതികരിക്കുകയാണെന്ന് ഹുര്‍റിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് അഭിപ്രായപ്പെട്ടു. കാശ്മീരി പണ്ഡിറ്റുകള്‍ തിരികെ വരുന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലെന്ന് പണ്ഡിറ്റുകളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കവെ യാസീന്‍ മാലിക് പറഞ്ഞു.
ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുമായി ചര്‍ച്ച നടത്താനുള്ള പാക് ഹൈക്കമ്മീഷണറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഈ മാസം 25ന് ഇസ്‌ലാമാബാദില്‍ നടക്കേണ്ട വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ഇന്ത്യ റദ്ദാക്കിയത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്ഥാന്‍ ഇടപെടുകയാണെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ആരോപണം. സെക്രട്ടറിതല ചര്‍ച്ചകള്‍ റദ്ദാക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ചര്‍ച്ച റദ്ദാക്കിയതിനെ ബി ജെ പി ന്യായീകരിച്ചു. ഇന്ത്യാ സര്‍ക്കാര്‍, വിഘടനവാദികള്‍ ഇവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തോട് വേണം പാക്കിസ്ഥാന്‍ ചര്‍ച്ച നടത്താനെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.