കോഴിയിറച്ചിയും ആന്റിബയോട്ടിക്കും

Posted on: August 8, 2014 6:00 am | Last updated: August 8, 2014 at 12:49 pm

chickenകോഴിയിറച്ചിയില്‍ ഹോര്‍മോണുകളും രാസപദാര്‍ഥങ്ങളും കണ്ടെത്തുന്നത് നമ്മുടെ നാട്ടില്‍ പുതിയ സംഭവമല്ല. എന്നാല്‍, ഇന്ത്യയില്‍ അതും ഡല്‍ഹിയില്‍ പരിശോധനക്കെടുത്ത 70 കോഴിയിറച്ചി സാമ്പിളുകളില്‍ 40 ശതമാനത്തിലും കൂടിയ തോതില്‍ ആന്റിബയോട്ടിക്കുകളുടെ സാന്നിധ്യവും 17 ശതമാനത്തില്‍ ഒന്നിലധികം ആന്റിബയോട്ടിക്കുകളുടെ കൂടിയ തോതും കണ്ടെത്തിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്.
സാധാരണക്കാര്‍ വരെ ഇന്ന് കൊളസ്‌ട്രോള്‍ കുറഞ്ഞതും വേഗത്തില്‍ ദഹിക്കുന്നതും താരതമ്യേന ‘ചുകന്ന’ ഇറച്ചികളേക്കാള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കുറവുള്ളതുമായ കോഴിയിറച്ചിയെ ആശ്രയിക്കുന്നവരാണ്. കോഴിത്തീറ്റയിലൂടെ ക്യാന്‍സറിന് വരെ വഴി വെക്കുന്ന ഹോര്‍മോണുകളും രാസ പദാര്‍ഥങ്ങളും കോഴിയിറച്ചിയിലെത്തുന്നുണ്ടെന്ന വാര്‍ത്തക്ക് പിന്നാലെയാണ് ഈ വാര്‍ത്ത. കൊക്കോകോള ആരോഗ്യത്തിന് ഹാനികരമാണ് എന്ന് കണ്ടെത്തിയ ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വിറോണ്‍മെന്റ്(സി എസ് ഇ) എന്ന സന്നദ്ധ സംഘടനയാണ് കോഴിയിറച്ചിയിലെ അമിതമായ ഹോര്‍മോണ്‍ സാന്നിധ്യം റിപോര്‍ട്ട് ചെയ്തത്.
യാതൊരുവിധ നിയന്ത്രണവുമില്ലാതെയാണ് കോഴിയില്‍ ആന്റിബയോട്ടിക്കുകള്‍ കുത്തിവെക്കുന്നത്. സി എസ് ഇയുടെ റിപോര്‍ട്ട് പ്രകാരം, മനുഷ്യനില്‍ പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ഉപയോഗിക്കുന്ന സിപ്രോഫ്‌ളോക്‌സിന്‍ എന്ന ആന്റിബയോട്ടിക്കാണ് കോഴി കര്‍ഷകര്‍ സുലഭമായി ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ മനുഷ്യനില്‍ സിപ്രോഫ്‌ളോക്‌സിന്‍ യാതൊരു പ്രതികരണവും വരുത്താത്ത മരുന്നായി മാറിയിരിക്കുന്നുവത്രേ.
ഇന്ത്യയില്‍ നിലവില്‍ ആന്റിബയോട്ടിക്കുകള്‍ കോഴികളില്‍ ഉപയോഗിക്കുന്നതിന് ഒരു നിയന്ത്രണവുമില്ല. കോഴിയിറച്ചിയില്‍ ഉണ്ടായേക്കാവുന്ന ആന്റിബയോട്ടിക്കുകളുടെ അളവും നിയമം മൂലം നിരോധിച്ചിട്ടില്ല. അതുകൊണ്ട് കോഴി കര്‍ഷകരെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിനെ വിലക്കാനും നിയന്ത്രിക്കാനും ഉപയോഗിക്കുന്നവര്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന നിയമനിര്‍മാണവും നടത്തണമെന്ന് സി എസ് ഇ നിര്‍ദേശിക്കുന്നു. ഇന്ന് രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും രോഗാവസ്ഥയില്‍ അല്ലാതിരുന്നിട്ടു കൂടി ആന്റിബയോട്ടിക്കുകള്‍ കോഴിത്തീറ്റയൊടൊപ്പം ചേര്‍ത്ത് 35 മുതല്‍ വരെ 42 ദിവസം ജീവിതചക്രമുള്ള കോഴികളില്‍ കുത്തിനിറക്കുകയാണ്. പ്രധാനമായും എന്റോഫഌക്‌സോസിന്‍, സിപ്രോഫഌക്‌സോസിന്‍ എന്നീ രണ്ട് പ്രധാനപ്പെട്ട ആന്റിബയോട്ടിക്കുകളാണ് മിക്കവാറും എല്ലാ സാമ്പിളുകളിലും പരിശോധനയില്‍ കണ്ടെത്തിയത്.
മനുഷ്യന് ഉപയോഗിക്കാവുന്ന ആന്റിബയോട്ടിക്കുകള്‍ ഒരു കാരണവശാലും കോഴികളില്‍ ഉപയോഗിക്കാന്‍ പാടില്ല. ഭക്ഷണത്തോടൊപ്പം ആന്റിബയോട്ടിക്കുകള്‍ ചേര്‍ത്ത് നല്‍കാന്‍ പാടില്ല. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കണം. അസുഖങ്ങള്‍ ചെറുക്കാന്‍ രോഗപ്രതിരോധ ചുറ്റുപാടുകള്‍ നിര്‍ബന്ധമാക്കണം. കോഴികളില്‍ ഉപയോഗിക്കാവുന്ന ആന്റിബയോട്ടിക്കുകളുടെ സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കണം. കോഴികളില്‍ ആന്റിബയോട്ടിക്കുകളുടെ നിയന്ത്രണ സ്റ്റാന്‍ഡേര്‍ഡ് സര്‍ക്കാര്‍ കൊണ്ടുവരണം എന്നു തുടങ്ങി ഏഴ് നിര്‍ദേശങ്ങള്‍ സി എസ് ഇ ഇന്ത്യ സര്‍ക്കാറിനോട് നടപ്പിലാക്കാന്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.
കോഴിയിറച്ചിയിലൂടെ ബാക്ടീരിയ, ആന്റിബയോട്ടിക്കുകള്‍, ഹോര്‍മോണുകള്‍, ഡൈയോക്‌സിനുകള്‍, കീടനാശിനികള്‍, ആര്‍സിനിക് പോലുള്ള ഘനലോഹങ്ങള്‍ എന്നിവ മനുഷ്യ ശരീരത്തിലെത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രോഗങ്ങളില്ലാതെ തടിച്ചുകൊഴുത്ത് കൂടുതല്‍ ഭാരം ലഭിക്കാന്‍ കോഴി ഫാമുകാര്‍ ഹോര്‍മോണുകളെയും ആന്റിബയോട്ടിക്കുകളെയും കോഴിത്തീറ്റയിലൂടെയും ഇന്‍ജക്ഷന്‍ വഴിയും നിരന്തരമായി കോഴിയില്‍ എത്തിക്കുകയാണ്. അതുകൊണ്ട് മനുഷ്യനുണ്ടാകുന്ന ഭക്ഷ്യവിഷബാധ, മറ്റു ബാക്ടീരിയല്‍ രോഗങ്ങള്‍, കടുത്ത പനി തുടങ്ങിയ രോഗങ്ങള്‍ക്ക് സാധാരണ ഡോക്ടര്‍മാര്‍ കുറിപ്പെഴുതുന്ന ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ലാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു എന്നതാണ് ഈ പ്രശ്‌നത്തിന്റെ പ്രാധാന്യം വര്‍ധിക്കാന്‍ കാരണം.
കോഴിയില്‍ ആന്റിബയോട്ടിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പ് തന്നെ മനുഷ്യന്‍ അതിനെ ആഹാരമാക്കുന്നു. കോഴിയിറച്ചിയിലൂടെ മനുഷ്യ ശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കുകള്‍ മനുഷ്യ ശരീരത്തില്‍ രോഗപ്രതിരോധത്തിനായി നല്‍കുന്ന ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനക്ഷമത ഇല്ലാതാക്കുന്നു. അതുകൊണ്ട് പലപ്പോഴും മരുന്നിന്റെ ഡോസ് വര്‍ധിപ്പിക്കേണ്ട അവസ്ഥ വരുന്നു. ചിലപ്പോള്‍ ഡോസ് വര്‍ധിപ്പിക്കല്‍ ഫലപ്രദമാകാതെ വരികയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ ഈ വസ്തുതകള്‍ അറിയാതെയാണ് സാധാരണക്കാര്‍ ധാരാളം കോഴിയിറച്ചി ഉപയോഗിക്കുന്നത്. ഇത് ഇവരില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. തങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയുള്ള പാര്‍ശ്വഫലങ്ങള്‍ മനസ്സിലാക്കാതെയാണ് കോഴി കര്‍ഷകപലരും ഇത് ചെയ്യുന്നത്. ഇവര്‍ നടത്തുന്ന ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നിഷ്‌കളങ്കരായ ആളുകളുടെ ജീവിതമാണ് രോഗാതുരമാക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെട്ട് കോഴികളില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണവും ഇക്കാര്യത്തില്‍ നിയമനിര്‍മാണവും നടത്തണം.