ഗ്രേറ്റ് ആള്‍ റൗണ്ടര്‍ കാലിസ് വിരമിച്ചു

Posted on: July 31, 2014 8:56 am | Last updated: August 1, 2014 at 1:19 am

kallis closeupജോഹന്നസ്ബര്‍ഗ്: പതിനെട്ട് വര്‍ഷത്തിനിടെ ലോകക്രിക്കറ്റിലെ മഹാനായ ആള്‍ റൗണ്ടര്‍ എന്ന വിശേഷണം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ച കാലിസ് 2015 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് കരിയര്‍ തുടരുകയായിരുന്നു. എന്നാല്‍, അടുത്തിടെ സമാപിച്ച ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ബാറ്റിംഗ് ഫോം മങ്ങിയത് തീരുമാനം പുന:പരിശോധിക്കാന്‍ കാലിസിനെ പ്രേരിപ്പിച്ചു. മൂന്ന് ഇന്നിംഗ്‌സുകളില്‍ ആകെ അഞ്ച് റണ്‍സാണ് ലങ്കക്കെതിരെ കാലിസിന് നേടാനായത്. ലങ്കയില്‍ വെച്ച് ഒരു സത്യം ഞാന്‍ മനസ്സിലാക്കി. ലോകകപ്പിലേക്കുള്ള ദൂരം ഏറെയാണ്. ഇത്രയും കാലം വലിയ അവസരം നല്‍കിയതിന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയോടും ടീമിനോടും ടീം സ്‌പോണ്‍സര്‍മാരോടും എന്റെ സ്‌പോണ്‍സര്‍മാരോടും ആരാധകരോടും കരിയറിലുടനീളം പ്രചോദനവും സഹായവുമായ എല്ലാവരോടും നന്ദി പറയുന്നു – വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് കാലിസ് പറഞ്ഞു.
മറ്റ് ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ കുറച്ച് കാലം കൂടി തുടരും. സിഡ്‌നി തണ്ടറുമായി രണ്ട് വര്‍ഷ കരാര്‍ അവശേഷിക്കുന്നു. സാധ്യമായാല്‍ ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം നിലനിര്‍ത്താന്‍ വീണ്ടും കളിക്കാനിറങ്ങണം.
ഡിസംബറിലായിരുന്നു കാലിസ് ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 13174 റണ്‍സും 292 വിക്കറ്റും വീഴ്ത്തിയ കാലിസ് ആസ്‌ത്രേലിയയിലും ന്യൂസിലാന്‍ഡിലുമായി അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പോടെ പൂര്‍ണവിരമിക്കല്‍ പദ്ധതിയിട്ടു.
എന്നാല്‍,ദക്ഷിണാഫ്രിക്കന്‍ ടീം 2-1ന് ലങ്കയില്‍ ഏകദിന പരമ്പര ജയിച്ചപ്പോള്‍ ടീമിലെ ഏറ്റവും മോശം പ്രകടനം കാഴ്ച കാലിസ് വിരമിക്കലിനെ കുറിച്ച് അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു. ലോകകപ്പാകുമ്പോഴേക്കും പുതിയൊരു യുവതാരത്തിന് അവസരം ലഭിക്കേണ്ടതിന്റെ അനിവാര്യതയാണ് കാലിസിനെ മുപ്പത്തെട്ടാം വയസില്‍ പൂര്‍ണമായും രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
328 ഏകദിനങ്ങളില്‍ 11579 റണ്‍സും 273 വിക്കറ്റുകളുമാണ് ദക്ഷിണാഫ്രിക്കന്‍ ആള്‍ റൗണ്ടറുടെ സമ്പാദ്യം. 1996 ല്‍ കേപ്ടൗണില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു കാലിസിന്റെ ഏകദിന അരങ്ങേറ്റം. അവസാന ഏകദിന മത്സരം ഈ മാസം പന്ത്രണ്ടിന് ശ്രീലങ്കക്കെതിരെ. വെസ്റ്റിന്‍ഡീസിന്റെ ഗാരി സോബേഴ്‌സിന് ശേഷം ക്രിക്കറ്റ് ലോകം കണ്ട ഗ്രേറ്റ് ആള്‍ റൗണ്ടറായാണ് കാലിസ് വിലയിരുത്തപ്പെടുന്നത്. ലോകകപ്പ് കിരീടം നേടാന്‍ സാധിച്ചില്ലെന്നതാണ് കാലിസിന്റെ കരിയറിലെ ഏക പോരായ്മ.

ALSO READ  ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്