കൊടിയേറി; ഇനി കായികപോരാട്ടം

Posted on: July 24, 2014 12:58 am | Last updated: July 25, 2014 at 1:47 pm

glasgow-1405328276ഗ്ലാസ്‌ഗോ: ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ കൊടിയേറി. വര്‍ണാഭമായ ഉദ്ഘാടനചടങ്ങില്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 2010 ഗെയിംസ് ആതിഥേയരായ ഇന്ത്യയാണ് മാര്‍ച് പാസ്റ്റില്‍ ആദ്യമെത്തിയത്. ബ്രിട്ടീഷ് അധീനതയിലായിരുന്ന മറ്റ് രാഷ്ട്രങ്ങള്‍ പിറകെ അണിനിരന്നു.
മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ദിനത്തില്‍ ഇരുപത് ഫൈനലുകള്‍ നടക്കും. നീന്തലില്‍ ആറ് സ്വര്‍ണമെഡലുകളില്‍ വിധി നിര്‍ണയിക്കപ്പെടും. ട്രയാത്‌ലണ്‍, വെയ്റ്റ്‌ലിഫ്റ്റിംഗ്, ജുഡോ, ജിംനാസ്റ്റിക്‌സ്, സൈക്ലിംഗ് ഫൈനലുകള്‍ ഇന്ന്.

ഇതിനിടെ, കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നു. പുരുഷ റിലേ ടീമിലെ സച്ചിന്‍ റോബിയും പാര അത്‌ലറ്റ് സച്ചിന്‍ ചൗദരിയുമാണ് വ്യത്യസ്ത കാരണങ്ങളാല്‍ ഗെയിംസില്‍ നിന്ന് പിന്‍മാറിയത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നാണ് സച്ചിന്‍ റോബി നാട്ടിലേക്ക് തിരിക്കുന്നത്.. അത്യാസന്ന നിലയിലുള്ള പിതാവിനെ ശുശ്രൂഷിക്കാന്‍ വേണ്ടി സച്ചിന്‍ ചൗദരി ഗെയിംസ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഡോക്ടര്‍ പരിശോധിച്ചതിന് ശേഷം റോബിയോട് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് ഷെഫ് ഡി മിഷ്യന്‍ രാജ് സിംഗ് അറിയിച്ചു. എത്രയും പെട്ടെന്ന് താരം മടങ്ങും. അതേ സമയം, പാര അത്‌ലറ്റ് കഴിഞ്ഞ ദിവസം രാത്രി തന്നെ ക്യാമ്പ് വിട്ടു. മെഡല്‍ പ്രതീക്ഷയായ ചൗദരി പിതാവിന്റെ നിലയില്‍ പുരോഗതി വന്നാല്‍ ഗ്ലാസ്‌ഗോയിലേക്ക് തിരിച്ചെത്തുമെന്നും രാജ് സിംഗ് പറഞ്ഞു. ആഗസ്റ്റ് രണ്ടിനാണ് സച്ചിന്‍ ചൗദരിയുടെ ഇനമായ വെയ്റ്റ് ലിഫ്റ്റിംഗ്.
വസ്ത്രമില്ലാതെ ഇന്ത്യന്‍ താരങ്ങള്‍

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ താരങ്ങളില്‍ പലര്‍ക്കും ഉദ്ഘാടനചടങ്ങിനുപയോഗിക്കേണ്ട പ്രത്യേക വസ്ത്രങ്ങള്‍ ലഭിച്ചില്ലെന്ന് പരാതി. ഇന്ത്യയില്‍ നിന്നു പുറപ്പെടുന്നതിനു മുമ്പേ ലഭിക്കേണ്ടിയിരുന്നതാണ് ഇവയെന്ന് ഒരു മുതിര്‍ന്ന താരം പ്രതികരിച്ചു.
അതേസമയം, തീരുമാനമെടുക്കുന്നതിലുണ്ടായ താമസമാണ് ഇതിനു കാരണമെന്നും ഉടന്‍തന്നെ താരങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ലഭിക്കുമെന്നും ഗെയിംസിന്റെ ചുമതലയുള്ള ഇന്ത്യന്‍ ഒളിംപിക് കമ്മിറ്റി അംഗം രാജ് സിംഗ് അറിയിച്ചു.താരങ്ങള്‍ക്കുള്ള ട്രാക്ക് സ്യൂട്ട്, ഷൂസ്, ബാഗ് തുടങ്ങിയവയടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഗ്ലാസ്‌ഗോ ഗെയിംസ് ചിഹ്നം ആലേഖനം ചെയ്ത കറുത്ത കോട്ടും ചാരനിറത്തിലുള്ള പാന്റ്‌സും പരമ്പരാഗത രീതിയിലുള്ള തലപ്പാവുമാണ് ഉദ്ഘാടനചടങ്ങിനായി ഇന്ത്യന്‍ പുരുഷതാരങ്ങള്‍ക്കുള്ള വേഷവിധാനം. വനിതാ താരങ്ങള്‍ക്ക് സാരിയാണ് വേഷം.