Connect with us

Kozhikode

ഡി വൈ എഫ് ഐ പ്രകടനം; ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സി പി എം

Published

|

Last Updated

കോഴിക്കോട്: കഴിഞ്ഞ ജൂണ്‍ 30ന് കോഴിക്കോട് നഗരത്തില്‍ ഡി വൈ എഫ് ഐ നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ടസംഭവങ്ങളെ മറയാക്കി മുത്തശ്ശി പത്രങ്ങള്‍ ആടിനെ പട്ടിയാക്കുന്ന പ്രചാരവേലയാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി പി എം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഡി വൈ എഫ് ഐ പ്രകടനത്തിനിടെ സി പി എം വിരുദ്ധ കൂട്ടായ്മക്കാരുടെ സമരപന്തലില്‍ കടന്നുചെന്നതിനേയും സത്യഗ്രഹം അലങ്കോലപ്പെടാനിടയായതിനെയും സി പി എം ശക്തമായി അപലപിച്ചിട്ടുള്ളതാണ്. അംഗീകരിക്കാനാകാത്ത ഈ നടപടിയില്‍ പാര്‍ടി അംഗങ്ങളായ ആരെങ്കിലും പങ്കാളികളായിട്ടുണ്ടങ്കില്‍ നടപടി സ്വീകരിക്കുമെന്ന പാര്‍ടിയുടെ നിലപാട് പരസ്യമായി വെളിപ്പെടുത്തിയതുമാണ്. ചില മാധ്യമങ്ങള്‍ ഇതുമായി നടത്തിവരുന്ന പ്രചാരവേലകള്‍ ദുരുദ്ദേശപരമാണ്.
ഡി വൈ എഫ് ഐ ഭാരവാഹിയായ വരുണ്‍ ഭാസ്‌കര്‍ ഉള്‍പ്പെടെയുള്ളവരെ കൊടും കുറ്റവാളികളെ പോലെയാണ് ചിത്രീകരിക്കുന്നത്. ഇതിന് ന്യായീകരണമായി പോലീസ് ഇവരുടെയെല്ലാം പേരില്‍ ചുമത്തിയ കേസുകളുടെ എണ്ണമാണ് എടുത്ത് കാണിക്കുന്നത്. പോലീസ് കേസുകള്‍ കെട്ടിചമച്ചുണ്ടാക്കിയതാണ്. പ്രകടനത്തില്‍ പങ്കെടുക്കാത്ത ആളുകളുടെ വീടുകള്‍ പോലും രാത്രിയില്‍ റെയ്ഡ് ചെയ്ത് ഭീകരത സൃഷ്ടിക്കുകയാണ്. സി പി എം പറയഞ്ചേരി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ ഷിറാസ്ഖാന്റെ വീട്ടില്‍ ഇന്നലെ രാത്രി പോലീസ് നടത്തിയ അതിക്രമം ഇതിന്റെ ഭാഗമാണ്. ഇത്തരം നീക്കങ്ങളില്‍ നിന്ന് പോലീസും തത്പരകക്ഷികളും പിന്തിരിയണമെന്ന് സി പി എം സെക്രേട്ടറിയറ്റ് അഭ്യര്‍ഥിച്ചു.