ഹിരോഷിമയും നാഗസാക്കിയും ജപ്പാനില്‍ തന്നെയല്ലേ?

Posted on: July 6, 2014 6:00 am | Last updated: July 5, 2014 at 11:36 pm

japan protest.jpeg

രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഖ്യങ്ങളെ സാമ്പത്തികം, സൈനികം എന്നിങ്ങനെ വേര്‍തിരിക്കാനാകില്ല. ചരിത്രത്തിലുടനീളം സഖ്യങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ ഒരു കള്ളിയിലും പെടുത്താനാകാത്തവിധം കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ്. നയതന്ത്ര സഖ്യങ്ങളുടെ ആത്യന്തിക ലക്ഷ്യം സാമ്പത്തിക സഹകരണമാണ്. സാമ്പത്തിക സഹകരണം അടിസ്ഥാനപരമായി സൈനികമായ കൂട്ടുകെട്ടില്‍ കലാശിക്കുന്നു. തികച്ചും സമാധാനപരമായ ലക്ഷ്യങ്ങള്‍ക്ക് രൂപപ്പെട്ട സഖ്യങ്ങള്‍ ഏത് നിമിഷവും യുദ്ധ ചേരികളായി രൂപാന്തരം പ്രാപിച്ചേക്കാം. ലോകമഹായുദ്ധങ്ങളും ഇപ്പോള്‍ ഭീകരതയുടെ പേര് പറഞ്ഞ് രൂപപ്പെട്ട സൈനിക നടപടികളുമെല്ലാം സംഭവിക്കുന്നത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഖ്യങ്ങളില്‍ നിന്നാണ്. ചരിത്രത്തെ അപഹസിക്കുന്ന തരത്തിലുള്ള സഖ്യങ്ങള്‍ രൂപപ്പെടാറുണ്ട്. പഴയ ശീതസമരകാല സഖ്യങ്ങളെല്ലാം ഏറെക്കുറെ അസ്തമിച്ച് കഴിഞ്ഞു. നവ ശീത സമരം വരുന്നുണ്ടെങ്കിലും അതിന് പഴയ ലൈനപ്പ് അല്ല ഉള്ളത്. സോഷ്യലിസ്റ്റ് ചേരിയോട് ഇന്ത്യ എത്ര ശക്തമായ പക്ഷപാതിത്വം കാണിച്ചിരുന്നു? ചേരിചേരായ്മയെന്ന സുരക്ഷിത തത്വം മുറുകെ പിടിക്കുമ്പോള്‍ തന്നെയായിരുന്നു അത്. ഇന്നിപ്പോള്‍ അന്താരാഷ്ട്ര വിശാരദന്‍മാര്‍ ഇന്ത്യയെ വിശേഷിപ്പിക്കുന്നത് ഏഷ്യയിലെ ഏറ്റവും ശക്തമായ അമേരിക്കന്‍ സുഹൃത്ത് എന്നാണ്. ഹിരോഷിമയും നാഗസാക്കിയും ഇപ്പോഴും ജപ്പാനില്‍ തന്നെയായിട്ടും ജപ്പാന്‍ അമേരിക്കയുടെ സഖ്യ കക്ഷിയാണ്. അമേരിക്ക പറയുന്നിടത്താണ് അവരുടെ ഭരണഘടനാ ഭേദഗതി പോലും നില്‍ക്കുന്നത്.
ജപ്പാന്‍ ഭരണഘടനയുടെ മുഖമുദ്ര യുദ്ധവിരുദ്ധതയാണ്. അവിടുത്തെ സൈന്യത്തിന്റെ പദവിയും ചുമതലയും സവിശേഷമായ രീതിയിലാണ് ഭരണഘടന നിര്‍വചിച്ചിട്ടുള്ളത്. തികച്ചും പ്രതിരോധപരമായ നീക്കങ്ങളില്‍ മാത്രമേ സൈന്യം ഇടപെടാന്‍ പാടുള്ളൂ. ആക്രമണം എന്നത് അസാധ്യം. സൈന്യം ആധുനികവത്കരിക്കപ്പെട്ടിരിക്കാം. ആക്രമണസജ്ജവുമായിരിക്കാം. പക്ഷേ, മറ്റൊരു രാജ്യത്ത് ചെന്നോ, മറ്റൊരു രാജ്യത്തെയോ ആക്രമിക്കാന്‍ ഭരണഘടന ജപ്പാന്‍ സൈന്യത്തെ അനുവദിക്കുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ അനുഭവത്തില്‍ നിന്നാണ് ഇത്തരമൊരു ഭരണഘടനാ വ്യവസ്ഥക്ക് ജപ്പാന്‍ ജനത മുറവിളി കൂട്ടിയത്. ഭരണഘടനാ ശില്‍പ്പികള്‍ ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ തന്നെ തീരുമാനിച്ചു. യുദ്ധ നിരാസമെന്നത് വെറും തത്വമായാല്‍ പോരാ, ഭരണഘടനാപരമായ ബാധ്യതയാകണമെന്നതായിരുന്നു അവരുടെ തീരുമാനം. അങ്ങനെയാണ് യുദ്ധം നിരാകരിക്കുന്ന നിര്‍ണായകമായ ഒന്‍പതാം വകുപ്പ് പിറന്നത്. ചരിത്രത്തിന്റെ ഘടികാര സൂചി പലവുരു കറങ്ങി ഷിന്‍സോ ആബേയില്‍ എത്തുമ്പോള്‍ ഒന്‍പതാം വകുപ്പ് ജപ്പാന് ഒരു അംഗവൈകല്യമായി തോന്നിയിരിക്കുന്നു. അത് എടുത്തുകളയണമെന്നാണ് പ്രധാനമന്ത്രി ആബേയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും പൂതി. അങ്ങനെയങ്ങ് എടുത്തു കളയാനൊക്കില്ല. അതിന് ഹിതപരിശോധന വേണം. ജനതയുടെ മൂന്നില്‍ രണ്ട് ഭാഗവും ഭേദഗതിയെ പിന്തുണക്കണം. ഈ കടമ്പ കടക്കാന്‍ തത്കാലം സാധ്യതയില്ലെന്ന് കണ്ടപ്പോഴാണ് ഒമ്പതാം വകുപ്പിനെ ‘പുനര്‍വ്യാഖ്യാനം’ ചെയ്യാന്‍ ആബേ സര്‍ക്കാര്‍ തീരുമാനിച്ചത്. ചില സവിശേഷ ഘട്ടങ്ങളില്‍ വിദേശത്തേക്ക് സൈന്യത്തെ അയക്കാമെന്നാണ് വ്യാഖ്യാനത്തിന്റെ കാതല്‍. സഖ്യ ശക്തികളിലാരെങ്കിലും അപകടത്തിലായെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് വേണ്ടിയും സൈനിക ഇടപെടല്‍ ആകാം. യു എന്‍ സമാധാന സേനയിലെ അംഗമെന്ന നിലയിലാണ് ജപ്പാനീസ് സേനാംഗങ്ങള്‍ പുറത്തേക്ക് പോകാറുളളത്. അതും തീര്‍ത്തും പരിമിതമായ നിലയില്‍. ദുരന്ത മുഖങ്ങളില്‍ സഹായഹസ്തമായും ജപ്പാന്‍ സേന പുറത്ത് പോയിരുന്നു. പുതിയ വ്യാഖ്യാനത്തോടെ ഈ നില മാറും. 1945 മുതലുള്ള നയമാണ് വഴിമാറുന്നത്. ‘അനിവാര്യ ഘട്ടങ്ങളില്‍’ എന്ന നിബന്ധനക്ക് ഇനി അതത് കാലത്തെ സാഹചര്യത്തിനനുസരിച്ച് വ്യാഖ്യാനങ്ങള്‍ വരും. യുദ്ധോത്സുകമായ ഒരു ഘട്ടത്തിലേക്ക് ജപ്പാന്റെ സൈനിക നയം നീങ്ങുന്നുവെന്ന് ചുരുക്കം. സ്വയം യുദ്ധവിരുദ്ധതയുടെ പ്രതീകമായി ചരിത്രത്തോടുള്ള കടമ നിറവേറ്റിയ രാജ്യമാണ് ഇത്ര മേല്‍ അശാന്തമായ ഒരു ലോകക്രമത്തില്‍ വലിയ ഇടര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നത്. എന്നാല്‍ അടിസ്ഥാന തത്വങ്ങള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രി ഷിന്‍സോ ആബേ പറയുന്നത്. യുദ്ധങ്ങളില്‍ ഇടപെടാനല്ല പുതിയ തീരുമാനമത്രേ. മാറിയ ലോകസാഹചര്യത്തില്‍ ജപ്പാനെ കൂടുതല്‍ ഫലപ്രദമായി പ്രതിരോധിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
വന്നത് വലിയ മാറ്റം തന്നെയാണെന്ന് ഭരണഘടനാ പുനര്‍ വ്യാഖ്യാനത്തോട് അമേരിക്ക നടത്തിയ പ്രതികരണം മാത്രം നോക്കിയാല്‍ മനസ്സിലാകും. യു എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ പറയുന്നത് നോക്കൂ: ‘മേഖലാപരവും ആഗോളവുമായ സുരക്ഷക്കായി കൂടുതല്‍ വിശാലമായ സംഭാവനകള്‍ നല്‍കാന്‍ ജപ്പാനെ പ്രാപ്തമാക്കുന്ന മഹത്തായ ചുവടുവെപ്പാണിത്. ഏഷ്യ പസഫിക് മേഖലയുടെ സുരക്ഷയിലും സമൃദ്ധിയിലും അമേരിക്കക്ക് ഏറെ താത്പര്യമുണ്ട്. മേഖലയിലെ ഞങ്ങളുടെ തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ജപ്പാനുമായുള്ള സഖ്യം നിര്‍ണായകമാണ്’. എത്ര കൃത്യമാണ് ഹെഗലിന്റെ വാക്കുകള്‍. ആഗോളവ്യാപകമായി അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങളിലെല്ലാം ജപ്പാന്‍ ഉണ്ടാകണം. മാത്രമല്ല, മേഖലയില്‍ അമേരിക്കയുടെ മേധാവിത്വത്തിന് ചൈനയും ഉത്തര കൊറിയയും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ജപ്പാനെ വേണം. സുരക്ഷ, സമൃദ്ധി തുടങ്ങിയ മനോഹരമായ പദങ്ങള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും മേധാവിത്വം തന്നെയാണല്ലോ അമേരിക്കയുടെ ലക്ഷ്യം.
ഭരണഘടനാ പുനര്‍ വ്യാഖ്യാനത്തോട് അയല്‍ക്കാരും പരമ്പരാഗത ശത്രുക്കളുമായ ചൈന നടത്തിയ പ്രതികരണവും പ്രധാനമാണ്. സ്വന്തം രാഷ്ട്രീയ അജന്‍ഡകള്‍ നടപ്പാക്കാന്‍ ചൈനയുടെ പേര് ഉപയോഗിക്കുകയാണ് ജപ്പാനെന്നും ചൈനീസ് ഭീഷണിയെന്നത് പെരും നുണയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹോംഗ് ലീ പറഞ്ഞു. അമേരിക്കന്‍ കൂട്ടാളിയും മേഖലയിലെ പ്രശ്‌നങ്ങളില്‍ പലപ്പോഴും ജപ്പാനോടൊപ്പം അണിചേരുകയും ചെയ്യാറുള്ള ദക്ഷിണ കൊറിയയുടെ പ്രതികരണമാണ് ഞെട്ടിച്ചു കളഞ്ഞത്. മേഖലയിലെ സന്തുലിതത്വം തകര്‍ക്കുന്ന ഒരു നയം മാറ്റവും ആശാസ്യമല്ലെന്നാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ തുറന്നടിച്ചത്. അവിടെ നിന്നില്ല. ചൈനീസ് അധികാരികളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ വരെ മുതിര്‍ന്നു കൊറിയക്കാര്‍.
നയം മാറ്റം ജപ്പാന്‍ ജനതയെ നെടുകെ പിളര്‍ത്തിയിരിക്കുന്നു. വലിയൊരു വിഭാഗം ജനങ്ങള്‍ ശക്തമായ പ്രതിഷേധമാണ് പുറത്തെടുത്തത്. പെന്‍ഷനര്‍മാരും വീട്ടമ്മമാരും സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ഥികളും അടങ്ങുന്ന ആയിരങ്ങള്‍ ഷിന്‍സോ ആബേയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് പ്രതിഷേധിച്ചു. ആര്‍ട്ടിക്കിള്‍ ഒന്‍പത് നശിപ്പിക്കരുത്, ഞങ്ങള്‍ യുദ്ധത്തിനെതിരാണ്, ആബേ തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധം. ടോക്യോ തെരുവില്‍ ഒരു യുവാവ് സ്വയം തീകൊളുത്തിയാണ് പ്രതിഷേധിച്ചത്. ജപ്പാനില്‍ തീര്‍ത്തും അപരിചിതമായ പ്രതിഷേധ രീതിയാണിത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ആബേ എന്നത് യുദ്ധത്തിന്റെ പര്യായമാണ്. ഹിരോഷിമാ, നാഗസാക്കി ഇരകളുടെ ചിത്രങ്ങളും അവരുടെ പിന്‍മുറക്കാരുടെ വാക്കുകളുമാണ് അബേക്കെതിരെ പ്രതിഷേധിക്കാന്‍ ഉപയോഗിക്കുന്നത്. യുദ്ധക്കൊതി പൂണ്ട തീവ്രദേശീയത അതിവൈകാരികവും അപകടകരവുമാണെന്ന് പ്രതിഷേധക്കാര്‍ പുറത്തിറക്കിയ ലഘുലേഖകളില്‍ പറയുന്നു.
സര്‍ക്കാറിന്റെ തീരുമാനത്തെ ന്യായീകരിക്കുന്നവരുടെ നിരയും ശക്തമാണ്. സ്വപ്‌നങ്ങളിലല്ല ജപ്പാന്‍ ജീവിക്കേണ്ടത് പ്രായോഗികതയിലാണെന്ന് അവര്‍ വാദിക്കുന്നു. ചുറ്റും നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല. ചൈന ഉയര്‍ത്തുന്ന വെല്ലുവിളി എത്ര ക്രൂരമാണ്. അതിര്‍ത്തി തര്‍ക്കം അടക്കമുള്ള വിഷയങ്ങളില്‍ ചൈനയുടെ സമീപനം തീര്‍ത്തും പ്രകോപനപരമല്ലേ? ഈയാഴ്ച മാത്രം സംഭവിച്ച കാര്യങ്ങള്‍ നോക്കൂ. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ദക്ഷിണ കൊറിയന്‍ തലസ്ഥാനത്ത് ചെന്ന് അവിടുത്തെ ഭരണത്തലവന്‍ പാര്‍ക് ഗുന്‍ ഹൈയെ കാണുന്നു. ദീര്‍ഘനേരം സംസാരിക്കുന്നു. 60 വര്‍ഷത്തില്‍ ഇതാദ്യമായി ചൈനീസ് മന്ത്രിതല സമിതി തായ്‌വാനില്‍ ചെല്ലുന്നു. എന്താണ് ഇതിനൊക്കെ അര്‍ഥം? ചൈന ജപ്പാനെ വളയുന്നു എന്ന് തന്നെ. അപ്പോള്‍ ബന്ധുബലം വര്‍ധിപ്പിക്കാനും സൈന്യത്തെ സജ്ജമാക്കി നിര്‍ത്താനുമുള്ള ബാധ്യത സര്‍ക്കാറിനില്ലേ? ഇങ്ങനെ പോകുന്നു സര്‍ക്കാര്‍ അനുകൂലികളുടെ ചോദ്യങ്ങള്‍. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ജപ്പാന്‍. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന അത്തരമൊരു രാജ്യത്തിന്റെ സൈന്യത്തെ നിര്‍വീര്യമാക്കി നിര്‍ത്തുന്നത് ആരുടെ താത്പര്യത്തിലാണ്? എന്തിനും സജ്ജമായ സൈന്യങ്ങളുടെ സാന്നിധ്യമാണ് ഇന്ന് സമാധാനം സാധ്യമാക്കുന്നത് എന്നും ആബേ അനുകൂലികള്‍ വാദിക്കുന്നു.
മറ്റേതൊരു രാജ്യത്തെയും പോലെ ജപ്പാനും തങ്ങളുടെ സൈനിക മുന്‍ഗണനകള്‍ നിശ്ചയിക്കാനുള്ള അവകാശമുണ്ട്. പക്ഷേ ചരിത്രപരമായ കാരണങ്ങളാല്‍ രൂപപ്പെട്ട ഒരു നയം പൊളിച്ച് പണിയുമ്പോള്‍ അതിന് പ്രേരകമായ ഘടകങ്ങള്‍ എന്തെല്ലാം എന്നത് പ്രസക്തമാണ്. അന്താരാഷ്ട്ര സൈനിക നീക്കങ്ങളിലേക്ക് ജപ്പാനെ വലിച്ചിഴക്കുക എന്നത് അമേരിക്കയുടെ എക്കാലത്തേയും വലിയ സ്വപ്‌നമാണ്. സമ്പൂര്‍ണ സഖ്യമാണ് അമേരിക്ക ആഗ്രഹിച്ചത്. അതുവഴി ചൈനയുടെ കുതിപ്പിന് തടയിടാം. ചൈനയുമായി അഭിപ്രായവ്യത്യാസമുള്ളവരെയെല്ലാം കൂടെക്കൂട്ടാം. ഇങ്ങനെ ആക്രമണ മുനകളിലേക്ക് അമേരിക്കയോടൊപ്പം ചുവട് വെക്കുന്നതിന് മുമ്പ് ഇറാഖിലെ കൂട്ടക്കുരുതികള്‍ക്ക് സഹ ക്വട്ടേഷനെടുത്ത ടോണി ബ്ലെയറുടെ അവസ്ഥയെങ്കിലും ഷിന്‍സോ ആബേ ഒന്ന് പഠിക്കണം. ജപ്പാനീസ് യുദ്ധവെറിയുടെ പ്രതീകമെന്ന് ചൈനയും വിജയസ്മാരകമെന്ന് ജപ്പാനും പറയുന്ന യാസുകിനി മഠം സന്ദര്‍ശിച്ച് ഇടക്കിടക്ക് പ്രകോപനം ഉണ്ടാക്കുന്നത് പോലെ ലളിതമായിരിക്കില്ലല്ലോ ആരാന്റെ മണ്ണില്‍ സൈന്യത്തെ ഇറക്കുന്നത്.