കള്ളപ്പണം: ബ്രിട്ടന്‍ ഒന്നാമത്; ഇന്ത്യക്ക് 58ാം സ്ഥാനം

Posted on: June 23, 2014 7:58 am | Last updated: June 23, 2014 at 7:58 am

swissbank111111ന്യൂഡല്‍ഹി: സ്വിസ് ബേങ്കില്‍ പണം സൂക്ഷിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 58-ാം സ്ഥാനം. മൊത്തം 1.6 ട്രില്യണ്‍ ഡോളര്‍ വിദേശ പണമാണ് സ്വിസ് ബേങ്കിലുള്ളത്. അമ്പത്തെട്ടാം സ്ഥാനത്തുള്ള പട്ടികയില്‍ മുന്നിലുള്ളത് ബ്രിട്ടന്‍ ആണ്. സ്വിസ് ബേങ്കുകളില്‍ വിദേശ പൗരന്മാര്‍ നിക്ഷേപിച്ച മൊത്തം തുകയുടെ ഇരുപത് ശതമാനമാണ് ബ്രട്ടന്റെതായിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് 0.15 ശതമാനമേ ഉള്ളൂ. യു എസ് ആണ് രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസ്, ജര്‍മനി തുടങ്ങിയവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്ര ബേങ്കിംഗ് അതോറിറ്റി പുറത്തിറക്കിയ പട്ടിക പ്രകാരം 2013ല്‍ 43 ശതമാനമാണ് ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം വര്‍ധിച്ചത്. 2012ല്‍ ഇന്ത്യയുടെ സ്ഥാനം എഴുപതായിരുന്നു. ഇതാണ് 58ലേക്ക് ഉയര്‍ന്നത്.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ 283 ബേങ്കുകളിലായി ഇടപാടുകാര്‍ നേരിട്ട് നല്‍കുന്നതും മാനേജര്‍മാര്‍ വഴി എത്തിക്കുന്നതും ചേര്‍ത്താണ് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്ഥാനം ഇപ്പോള്‍ പാക്കിസ്ഥാനേക്കാള്‍ മുകളിലാണ്. 2012ല്‍ പാക്കിസ്ഥാനില്‍ നിന്ന് 1.44 ബില്യണ്‍ സ്വിസ് ഫ്രാങ്ക് ആണ് ഉണ്ടായിരുന്നത്. 2013ല്‍ അത് 1.23 ബില്യണായി കുറഞ്ഞു. ചൈന ഇന്ത്യയേക്കാള്‍ മുന്നിലാണ്. 2012ല്‍ മുപ്പതാം സ്ഥാനത്തുണ്ടായിരുന്ന ചൈന 2013ല്‍ നാല് റാങ്ക് താഴ്ന്നിട്ടുണ്ട്. ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയും ഇന്ത്യക്ക് മുകളിലാണ്.
ഫിലിപ്പൈന്‍സ്, കസാഖിസ്ഥാന്‍, ബഹ്‌റൈന്‍, ഇറാന്‍, മൗറീഷ്യസ്, ബംഗ്ലാദേശ്, ഫലസ്തീന്‍, ബാര്‍ബഡോസ്, ഇറാഖ്, ബ്രൂണേ, സിംബാബ്‌വേ തുടങ്ങിയവയാണ് ഇന്ത്യക്ക് താഴെയുള്ളവര്‍. യു കെ (277 ബില്യണ്‍ സ്വിസ് ഫ്രാങ്ക്), അമേരിക്ക (193 ബില്യണ്‍), വെസ്റ്റ് ഇന്‍ഡീസ് (നൂറ് ബില്യണ്‍), ജര്‍മനി (52.4 ബില്യണ്‍) എന്നിങ്ങനെയാണ് മുമ്പന്‍മാരുടെ ‘സംഭാവന’.