പ്രിയങ്ക രാഷ്ട്രീയ പ്രസംഗങ്ങളുടെ വിലയില്ലാതാക്കി: ജെയ്റ്റ്‌ലി

    Posted on: April 29, 2014 12:17 am | Last updated: April 29, 2014 at 12:17 am

    ന്യുഡല്‍ഹി: ബി ജെ പിയെ വിറളി പൂണ്ട എലികളെ പോലെയാണെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രാഷ്ട്രീയ പ്രസംഗങ്ങളെ വിലയില്ലാതാക്കിയെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
    വെപ്രാളം പൂണ്ട എലികളെ പോലെ പാഞ്ഞു നടക്കുന്ന ബി ജെ പി നുണകള്‍ ആവര്‍ത്തിക്കും. അതില്‍ പുതുമയൊന്നുമില്ല. അവര്‍ എന്തു വേണമെങ്കിലും ചെയ്‌തോട്ടെ. ഞാന്‍ ആരെയും ഭയക്കുന്നില്ല. ബി ജെ പിയുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്യും എന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.
    റോബര്‍ട്ട് വദ്രക്കും കുടുംബത്തിനും ഇപ്പോള്‍ ആരെയും പേടിക്കേണ്ട കാര്യമില്ല എന്നത് ശരിയാണ്. എന്നാല്‍, അവര്‍ക്ക് നിയമത്തെ പേടിക്കേണ്ടി വരും. നിമയം ആരെയും ഒഴിവാക്കില്ല. നിയമത്തിന്റെ മുന്നില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇല്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി ബ്ലോഗില്‍ എഴുതി. ഞായറാഴ്ചയാണ് അരുണ്‍ ജെയ്റ്റ്‌ലിയും പ്രിയങ്കയും തമ്മിലുള്ള വാക്‌പോരിന് തുടക്കം കുറിച്ചത്. റോബര്‍ട്ട് വദ്രയുടെ അഴിമതി തുറന്നു കാട്ടുന്ന വീഡിയോ ദൃശ്യങ്ങളുടെ സി ഡി കള്‍ കഴിഞ്ഞ ദിവസം ബി ജെ പി പുറത്തു വിട്ടിരുന്നു.
    റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനെത്തിയ പ്രിയങ്ക ബി ജെ പിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. ഇതാണ് വദ്രക്കെതിരെയുള്ള ആരോപണങ്ങളുമായി ബി ജെ പി രംഗത്ത് വരാന്‍ കാരണമായത്. രാജ്യം ഭരിക്കാന്‍ 56 ഇഞ്ച് വീതിയുള്ള നെഞ്ച് ആവശ്യമില്ലെന്ന് നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് മറുപടിയായി പ്രിയങ്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിശാലമായ ഹൃദയവും ധാര്‍മികമായ കരുത്തുമാണ് രാജ്യം ഭരിക്കാന്‍ വേണ്ടതെന്നാണ് റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോണിയ പറഞ്ഞത്.