Connect with us

International

ഉക്രൈന്‍ സൈന്യം അഞ്ച് റഷ്യന്‍ അനുകൂലികളെ കൊലപ്പെടുത്തി

Published

|

Last Updated

കീവ്: ഉക്രൈന്‍ സൈന്യം അഞ്ച് റഷ്യന്‍ അനുകൂലികളെ കൊലപ്പെടുത്തി. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്താണ് ആക്രമണം ശക്തമായത്. റഷ്യന്‍ അനുകൂലികളെ ആക്രമിച്ചതിന് പ്രത്യാക്രമണത്തിന് റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന്‍ ഉത്തരവിട്ടിട്ടുണ്ട്. സ്ലോവിയാന്‍സ്‌ക് മേഖലയിലാണ് അക്രമണം നടക്കുന്നത്. മേഖലയിലെ മൂന്ന് ചെക്ക്‌പോയിന്റുകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചിട്ടുണ്ടെന്ന് ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉക്രൈന്‍ സൈന്യത്തില്‍ നിന്നുള്ള ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കന്‍ നഗരത്തില്‍ പലയിടത്തും റഷ്യന്‍ അനുകൂല വിമതര്‍ പ്രധാന കെട്ടിടങ്ങളെല്ലാം കൈവശം വെക്കുകയും സര്‍ക്കാറിനെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. സൈനിക നടപടി തുടരുകയാണെങ്കില്‍ കൂടുതല്‍ മരണങ്ങളും അപകടങ്ങളും ഉണ്ടാകുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രശ്‌നങ്ങളിലേക്ക് തങ്ങളെ വലിച്ചിഴക്കുകയാണ് ഉക്രൈന്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണ കിഴക്കന്‍ നഗരമായ മാരിയപൂളും അശാന്തമാണ്. നഗരത്തിലെ കെട്ടിട ഹാളില്‍ നിന്ന് റഷ്യന്‍ അനുകൂല വിമതരെ പുറത്താക്കുകയാണ് സൈന്യം ചെയ്തതെന്ന് ഉക്രൈന്‍ ആഭ്യനന്തര മന്ത്രി ആര്‍സെന്‍ അവാകോവ് പറഞ്ഞു. സ്ലോവിയാന്‍സ്‌കില്‍ നിന്ന് ഉക്രൈന്‍ സൈന്യം വാഹനങ്ങളുമായി പിന്‍മാറിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യ പ്രത്യാക്രമണം പ്രഖ്യാപിച്ചതോടെ മേഖല കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുയാണ്.