പലയിടത്തും സംഘര്‍ഷം; കള്ളവോട്ടും പരാതിയും

Posted on: April 10, 2014 11:29 pm | Last updated: April 10, 2014 at 11:29 pm

തിരുവനന്തപുരം: വോട്ടെടുപ്പിനിടെ പലയിടത്തും കൈയാങ്കളിയും വാക്കേറ്റവും. പോലീസിന്റെ സുശക്തമായ കാവല്‍ പൊതുവില്‍ ശാന്തമായ അന്തരീക്ഷം ഒരുക്കിയെങ്കിലും വീറും വാശിയും കൂടിയത് സംഘര്‍ഷത്തിന് വഴിവെച്ചു. തുടക്കത്തില്‍ വോട്ടിംഗ് യന്ത്രത്തിലെ തകരാറാണ് തര്‍ക്കത്തിന് കാരണമായതെങ്കിലും വൈകുന്നേരം വോട്ടെടുപ്പ് അവസാനിക്കാറായതോടെയാണ് വലിയ സംഘര്‍ഷങ്ങളുണ്ടായത്. വൈകുന്നേരം ചിലയിടങ്ങളില്‍ പോലീസിന് ലാത്തിവീശേണ്ടി വന്നു.
എറണാകുളത്ത് ഒരു മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നത്തില്‍ വോട്ട് പതിയുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് കുറച്ചുനേരം വോട്ടെടുപ്പ് നിര്‍ത്തിവെക്കേണ്ടി വന്നു. കുത്തുപറമ്പ് മുനിസിപ്പാലിറ്റിയിലും കോട്ടയം, മൊകേരി പഞ്ചായത്തുകളിലും വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് വടകര ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കു പരാതി നല്‍കി. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നല്‍കുന്ന ഇലക്ഷന്‍ സ്ലിപ്പുമായി വരുന്നവരെ സത്യവാങ്മൂലം ഇല്ലാതെ വോട്ടു ചെയ്യാന്‍ അനുവദിച്ചതാണ് പരാതിക്ക് ഇടയാക്കിയത്. സ്ഥലത്ത് ഇല്ലാത്ത വോട്ടര്‍മാരുടെ സ്ലിപ്പുകള്‍ എന്‍ ജി ഒ യുണിയന്‍ നേതാക്കള്‍ സി പി എം ഓഫിസില്‍ എത്തിച്ച് കള്ളവോട്ട് ചെയ്യിച്ചെന്നാണ് മുല്ലപ്പള്ളിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് കെ പ്രവീണ്‍കുമാര്‍ നല്‍കിയ പരാതി.
വടകര താഴെ അങ്ങാടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീറിനെ കൈയ്യേറ്റം ചെയ്‌തെന്ന് പരാതി ഉയര്‍ന്നു. പോളിംഗ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കുമ്പോള്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ഷംസീര്‍ ആരോപിച്ചു. എന്നാല്‍, ബൂത്തിലെത്തി വോട്ട് അഭ്യര്‍ഥിച്ചത് തടയുക മാത്രമാണ് ചെയ്തതെന്നും കൈയ്യേറ്റം നടന്നിട്ടില്ലെന്നും യുഡി എഫ് വ്യക്തമാക്കി.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യില്‍, കുറ്റിയാട്ടൂര്‍, ആന്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ബൂത്തുകളില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച് ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ജില്ലാ കലക്ടര്‍ക്കും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നല്‍കി. പത്തനാപുരം കുണ്ടളത്ത് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യേണ്ട ഫോട്ടോ പതിപ്പിച്ച വോട്ടേഴ്‌സ് സ്ലീപ്പ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ചും വരണാധികാരിക്ക് പരാതി ലഭിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വെങ്ങാനൂര്‍ ജി എല്‍ പി സ്‌കൂളിലെ പോളിംഗ് ബൂത്തിനു സമീപം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുനൂറോളം പേര്‍ കുടിവെള്ളം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്നെഴുതിയ പ്ലക്കാര്‍ഡുമായി നിശബ്ദ പ്രതിഷേധം നടത്തി. തുടര്‍ന്ന് ഇവര്‍ വോട്ട് ചെയ്തു മടങ്ങി. തിരുവന്തപുരത്ത് വേളിയില്‍ പോളിംഗ് ബൂത്തിനടുത്ത് എല്‍ ഡി എഫ് പ്രവര്‍ത്തകരും യു ഡി എഫ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. അഞ്ച് എല്‍ ഡി എഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിംഗ് നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ബൂത്തിനു സമീപത്തുണ്ടായിരുന്ന തടി കഷണങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇരുവിഭാഗവും പരസ്പരം ആക്രമിച്ചത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. ഇരിക്കൂര്‍ പെടയങ്ങോട് എല്‍ ഡി എഫ് ബൂത്ത് ഏജന്റിനു മര്‍ദനമേറ്റു. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കാരണം. പരിയാരം തലോറയില്‍ പൊലീസ് ലാത്തിവീശി. പെരിങ്ങോം പെടയണയില്‍ ബൂത്ത് ഏജന്റിനെ തട്ടിക്കൊണ്ടുപോയതായി പരാതി ഉയര്‍ന്നു.