വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്തു

Posted on: April 9, 2014 10:17 am | Last updated: April 9, 2014 at 10:17 am

മാള: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചയാളെ മാള പോലിസ് കസ്റ്റഡിയിലെടുത്തു. കുണ്ടൂര്‍ വലിയ വീട്ടില്‍ ഗിരീഷ്(40)നെയാണ് ഇന്നലെ വീടിനടുത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്. ട്രാവല്‍സില്‍ ജോലി ചെയ്യുന്ന സ്ത്രീയെ കാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ടാണിയാള്‍ പരിചയപ്പെട്ടത്. സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി സ്ത്രീയെ പുത്തന്‍ചിറ, കോണത്ത്കുണ്ട്, ആലുവ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂടാതെ മൂന്ന് ലക്ഷം രൂപയും മൂന്ന് പവന്റെ സ്വര്‍ണാഭരണങ്ങളും യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തു.
ആര്‍ഭാട ജീവിതം നയിച്ചു വന്ന ഇയാള്‍ സ്ത്രീയെ ഒഴിവാക്കി മറ്റൊരു യുവതിയെ വിവാഹം ചെയ്യാനിരിക്കെയാണ് സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാള സി ഐ. അബ്ദുസ്സലാമിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു.