വിവാഹം ശരിയായില്ല: സഹോദരിയുടെ മൂന്ന് മക്കളെ തീയിട്ട് കൊന്നു

Posted on: February 20, 2014 11:04 pm | Last updated: February 20, 2014 at 11:04 pm

murderഹൈദരാബാദ്: വിവാഹം ശരിയാകാത്തതില്‍ മനം നൊന്ത് സഹോദരിയുടെ മൂന്ന് മക്കളെ തട്ടിക്കൊണ്ടുപോയി തീവെച്ച് കൊന്നു. നാലിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് തീയിട്ട് കൊന്നത്. പ്രതി ഒളിവിലാണ്.

ആന്ധ്രാ പ്രദേശിലെ നിസാമാബാദ് നഗര പ്രാന്തപ്രദേശത്ത് രാവിലെ കത്തിക്കരിഞ്ഞ നിലയില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ടൗണില്‍ വിവാഹ ചടങ്ങിനിടെ, ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് അമ്മാവനായ നരേന്ദ്ര റെഡ്ഢി (37) കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടികളെയും നരേന്ദ്രയെയും കാണാത്തതിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് എന്‍ജിനീയറിംഗ് കോളജിന് സമീപം ശ്രീ (ഒമ്പത്), അക്ഷയ (ആറ്), ഖുഷി (നാല്) എന്നീ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രാദേശിക കര്‍ഷക നേതാവായ രഘുപതി റെഡ്ഢിയുടെ പേരക്കുട്ടികളാണ് കൊല്ലപ്പെട്ടത്. അതിനിടെ നരേന്ദ്ര റെഢ്ഢി ബന്ധുവിനെ ഫോണില്‍ വിളിച്ച് തന്റെ വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. വിവാഹം നടക്കാത്തതില്‍ അതീവ ദുഃഖിതനായ നരേന്ദ്ര റെഡ്ഢി, താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
നരേന്ദ്ര റെഡ്ഢിക്ക് കടബാധ്യതകളുണ്ടായിരുന്നുവെന്ന് നിസാമാബാദ് ജില്ലാ പോലീസ് സൂപ്രണ്ട് തരുണ്‍ ജോഷി വെളിപ്പെടുത്തി. പ്രതിയെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.