Connect with us

Articles

സുനന്ദാ പുഷ്‌കറും ആധുനീകോത്തര ഫെമിനിസവും

Published

|

Last Updated

നമ്മുടെ കേന്ദ്രമന്ത്രി ശശി തരൂരിന്റെ മൂന്നാമത്തെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ചര്‍ച്ചകള്‍ തുടരുന്നു. മറ്റെല്ലാ വിഷയങ്ങളേയും പിന്തള്ളിക്കൊണ്ട് മാധ്യമങ്ങളില്‍ ഇത് മുഴുവന്‍ സമയ ചര്‍ച്ചാവിഷയമായിരുന്നു. ഇത് ശ്രദ്ധിച്ചപ്പോള്‍ പെെട്ടന്നോര്‍മയില്‍ ഓടിയെത്തിയത്, ആധുനികതയുടെ അപ്പോസ്തലനെന്നു പ്രകീര്‍ത്തിക്കപ്പെട്ട മഹാനായ കവി ടി എസ് എലിയട്ടിന്റെ തരിശുനിലം (The waste land) എന്ന കാവ്യത്തിലെ പ്രസിദ്ധമായ ആ അവസാന വരികളാണ്. London Bridge is falling down falling down falling down (ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഫോളിംഗ് ഡൗണ്‍ ഫോളിംഗ് ഡൗണ്‍ ഫോളിംഗ് ഡൗണ്‍) ലോകത്തെ മുഴുവനായും പാശ്ചാത്യ നാഗരികതയുമായി ബന്ധിപ്പിച്ചിരുന്നതെന്നു കരുതപ്പെടുന്ന ലണ്ടന്‍ പാലം തകര്‍ന്നുവീഴുകയാണ്! തകര്‍ന്നുവീഴുകയാണ്!! തകര്‍ന്നുവീഴുകയാണ്!!! ഇനി ഒരു പോംവഴിയേ അവശേഷിച്ചിട്ടുള്ളൂ. Datha, Dayadhum, Damaydha, Shanthi shanthi, shanti. (ദത്ത, ദയതം, ദമയത ശാന്തി ശാന്തി, ശാന്തി)നമ്മള്‍ ഇന്ത്യക്കാരുടെ ബൃഹദാരണ്യകോപനിഷത്തിലെ ശരണമന്ത്രം- ദാനം ചെയ്യുക, ദയ കാണിക്കുക, സംയമനം ചെയ്യുക ഇതാണ് എലിയട്ടിന്റെ വിശ്വോത്തര കാവ്യത്തിലെ ഭരതവാക്യം.

ലണ്ടന്‍ പാലം ഒരിക്കല്‍ പാശ്ചാത്യ നാഗരികത അറ്റ്‌ലാന്റിക്കിന്റെ തീരം കടന്ന് ലോകത്ത് മുഴുവന്‍ വ്യാപിക്കുന്നതിന്റെ പ്രതീകമായിരുന്നെങ്കില്‍ ഇന്ന് അത് ഗ്ലോബലൈസേഷന്റെയും ലിബറലൈസേഷന്റെയുമൊക്കെ പ്രതീകമാണ്. ലിബറലൈസേഷന്‍ നമ്മുടെ സാമ്പത്തികരംഗത്തെ മാത്രമല്ല നമ്മുടെ കിടപ്പുമുറികളേയും കീഴടക്കിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഡല്‍ഹിയിലെ ലീലാ പാലസിലെ 345-ാം നമ്പര്‍ മുറിയില്‍ നമ്മള്‍ കണ്ടത്. ഉയര്‍ന്ന പരീക്ഷകള്‍ നല്ല നിലയില്‍ വിജയിക്കുകയും ഏത് മികച്ച ജോലിയും സമര്‍ഥമായി ചെയ്യാന്‍ മികവ് പ്രകടിപ്പിക്കുകയും ഏതുമാര്‍ഗം അവലംബിച്ചും പുതിയ കാലത്ത്””ദൈവ”മായി യുവമനസ്സുകളില്‍ അവരോധിക്കപ്പെട്ട് ധനം എന്ന പിശാചിനെ ഉപാസിക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ സ്വന്തം കഴിവ് തെളിയിച്ച നമ്മുടെ പുതിയ തലമുറ; ദത്ത, ദയതാ, ദമയത എന്ന ശരണമന്ത്രത്തെ തൃണവത്ഗണിച്ചു മുന്നോട്ടു പോകുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്.

സുനന്ദാ പുഷ്‌കറും ശശി തരൂരും മാധ്യമങ്ങളില്‍ നിറയുന്നതിന് മുമ്പ് തന്നെ നമ്മുടെ ഒരു അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ദേബ്രോഗോഡെ എന്ന വനിത വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ആള്‍ ദളിത് പശ്ചാത്തലത്തില്‍ നിന്നുയര്‍ന്നുവന്നതാണ്. ഭര്‍ത്താവിനും കുട്ടിക്കും അമേരിക്കന്‍ പൗരത്വമുണ്ട്. ഇന്ത്യന്‍ സര്‍ക്കാറിനെ അമേരിക്കയില്‍ പ്രതിനിധാനം ചെയ്യുന്ന നയതന്ത്ര കാര്യാലയത്തിലെ ഭേദപ്പെട്ട ഉദ്യോഗം വഹിക്കുന്നു. പ്രായത്തില്‍ ചെറുപ്പം; കാഴ്ചയില്‍ സുന്ദരി. പറഞ്ഞിട്ടെന്ത്? സ്വന്തം വീട്ടുജോലിക്കാരിക്കു വ്യവസ്ഥ പ്രകാരം നല്‍കേണ്ട ശമ്പളത്തില്‍ കൈയിട്ടു വാരുക എന്ന അല്‍പ്പത്തരം കാണിക്കുക വഴി രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളാക്കിക്കൊണ്ട് ഇന്ത്യയിലേക്കു വിമാനം കയറേണ്ടിവന്നു. ഇന്ത്യ വെറുതെ സ്വന്തം അഭിമാനം രക്ഷിക്കാന്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരേ ഒരു യാഥാര്‍ഥ്യത്തിലേക്കാണ്; വിദ്യാഭ്യാസമോ സൗന്ദര്യമോ സാമ്പത്തികശേഷിയോ ഒന്നും മനുഷ്യനെ മനുഷ്യനാക്കാന്‍ പര്യാപ്തമല്ല. നുണകള്‍ കൊണ്ട് കെട്ടിപ്പടുത്ത കോട്ടകള്‍ ഇന്നല്ലെങ്കില്‍ നാളെ തകരുക തന്നെ ചെയ്യും.

നല്‍കേണ്ടവര്‍ക്കും നല്‍കുക, ദയ കാണിക്കേണ്ടിടത്തു ദയ കാണിക്കുക, സംയമനം ആവശ്യമായിടത്ത് അത് പിശുക്ക് കൂടാതെ പ്രകടിപ്പിക്കുക,”ദത്ത ദയത ദമ്യത ഇതൊക്കെ നമ്മുടെ പുതിയ തലമുറയുടെ പാഠ പദ്ധതികളില്‍ ആരും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഉണ്ടെങ്കില്‍ തന്നെ ആര്‍ക്കാണ് ഇതൊക്കെ പഠിപ്പിക്കാന്‍ യോഗ്യത? കേരളത്തിലെ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍മാര്‍ മുതല്‍ സാധാരണ പ്രൊഫര്‍മാര്‍ വരെ സര്‍വരും വിവാദങ്ങളുടെ ചുഴിയില്‍ പെട്ടു നട്ടം തിരിയുകയാണ്. തങ്ങള്‍ക്കില്ലാത്ത യോഗ്യതകള്‍ ഉണ്ടെന്ന് സ്ഥാപിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് അവരുടെ അവകാശവാദങ്ങള്‍. ഇതിനു കാതോര്‍ക്കുന്ന സാമാന്യബോധമുള്ള ആര്‍ക്കും ഒരു കാര്യം ബോധ്യപ്പെടും. ഇവര്‍ സമ്പാദിച്ചിരിക്കുന്ന പ്രധാന യോഗ്യതകള്‍ മണിയടി, തിരുമുമ്പില്‍ സേവ, ആത്മപ്രശംസ എന്നിവ മാത്രം. മറ്റുള്ളതെല്ലാം വെറും കടലാസ്സുപുലികള്‍!
ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് ശശി തരൂര്‍. ഇദ്ദേഹമെന്തിന് രാഷ്ട്രീയത്തിലേക്കു വന്നു എന്ന ചോദ്യം ആദ്യം മുതലേ ഉയര്‍ന്നുവന്നതാണ്. അതുമല്ല തന്റെ പല നോവലുകളിലൂടെയും കോണ്‍ഗ്രസിനെ പുലഭ്യം പറഞ്ഞുകൊണ്ടാണ് തരൂര്‍ ഇംഗ്ലീഷ് വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. തിരുവനന്തപുരത്തെ കോണ്‍ഗ്രസുകാര്‍ പുസ്തകം വായിക്കുന്ന ശീലം ഇല്ലാത്തവരായതിനാല്‍ അവര്‍ തരൂരിനെ പാര്‍ലിമെന്റിലേക്കു വിട്ടു. പാര്‍ലിമെന്റംഗങ്ങളുടെ വെറും കന്നുകാലി ക്ലാസിലുള്ള ഇരുപ്പും സഞ്ചാരവും ഒന്നും ഒരാഗോള താരമായ തനിക്ക് പറ്റുന്നതല്ലെന്നു തരൂരിനും സോണിയാജിക്കും ഒപ്പം തോന്നിയതിനാല്‍ അദ്ദേഹത്തിന് സഹമന്ത്രിസ്ഥാനം തന്നെ ലഭിച്ചു. മന്ത്രി എന്ന നിലയില്‍ തരൂരിന്റെ സംഭാവനയെന്തെന്നു ഒരു ചരിത്രത്തിലും രേഖപ്പെടുത്തേണ്ടി വന്നില്ലെങ്കിലും മന്ത്രിയേതരമായ പല എക്‌സ്ട്ര കരിക്കുലം ആക്റ്റിവിറ്റികളിലും തരൂര്‍ തന്റെ പ്രാവീണ്യം തെളിയിച്ചു. അതായിരുന്നു പ്രമാദമായ ഐ പി എല്‍ വിവാദവും വിയര്‍പ്പിന്റെ വിലയായ ഓഹരിദാനവും ഒക്കെ. തത്കാലം മന്ത്രിസ്ഥാനത്തു നിന്നും മാറിനില്‍ക്കേണ്ടിവന്നെങ്കിലും വൈകാതെ തന്നെ തിരികെ നല്‍കി. യു പി എ സര്‍ക്കാര്‍ തരൂരിന്റെ ആരോഗ്യം സംരക്ഷിച്ചു.
അങ്ങനെ കാര്യങ്ങളെല്ലാം ഏറെക്കുറെ ഭദ്രമായി എന്ന് കരുതിയിരിക്കുമ്പോഴാണ് പുതിയ പാക്കിസ്ഥാന്‍ സുന്ദരിയുടെ രംഗപ്രവേശവും ആരോപണവും ഒക്കെ, സ്വന്തം പ്രിയതമ തന്നെ മാലോകരോട് വിളിച്ചു പറയുന്നത്. സുനന്ദ വെറും ഒരു വീട്ടമ്മ ആയിരുന്നില്ല. ഭാര്യ, ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍, കുടുംബം തുടങ്ങിയവയെക്കുറിച്ചുള്ള പരമ്പരാഗതമായ പവിത്ര ധാരണകളൊന്നും സുനന്ദക്കു ബാധകമായിരുന്നു എന്ന് തോന്നുന്നില്ല. ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന സാമൂഹിക ധാരണകളും സ്വായത്തമാക്കിയ ഒരു സ്ത്രീസ്വാതന്ത്ര്യവാദിയായിരുന്നു അവര്‍. എന്ന് കരുതി ഇപ്പോഴത്തെ ചില അഭിനവ ഫെമിനിസ്റ്റുകള്‍ ചെയ്യുന്നതുപോലെ വിവാഹരഹിത സഹജീവിതം പോലുള്ള സാഹസിക പരീക്ഷണങ്ങള്‍ക്കൊന്നും സുനന്ദാ പുഷ്‌കര്‍ മുതിരുകയുണ്ടായില്ല. 50 പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ മൂന്ന് പുരുഷന്മാരെ മാറിമാറി നിയമാനുസൃതം ഭര്‍ത്താവായി സ്വീകരിക്കുകയും അവരില്‍ ഒരാളില്‍ നിന്നു ഒരു മകന്‍ ജനിക്കുകയും ചെയ്തു. ആ നിലക്കു അവരൊരു ഭാര്യ മാത്രമല്ല ഒരമ്മയും ആണ്.

ചെറുപ്പം മുതലേ, സുനന്ദയുടെ ജീവിതം സ്വന്തം സാഹചര്യങ്ങള്‍ക്കെതിരായ ഒരു ചെറുത്തുനില്‍പ്പായിരുന്നു. ജമ്മുകാശ്മീരിലെ ഒരു പരമ്പരാഗത പണ്ഡിറ്റ് കുടുംബത്തിലാണ് സുനന്ദാ പുഷ്‌കര്‍ ജനിച്ചതെങ്കിലും””പിതാരക്ഷതി കൗമാരെ, ഭര്‍ത്താ രക്ഷിത യൗവ്വനേ, പുത്രോരക്ഷതി വാര്‍ധക്യേന: സ്ത്രീ സ്വാതന്ത്ര്യം അര്‍ഹസ്സി” പോലുള്ള സനാതന ധര്‍മത്തിന്റെ സൂത്രവാക്യങ്ങളെയൊന്നും അവര്‍ ആപ്തവാക്യമായി സ്വീകരിച്ചിരുന്നില്ല. സ്വന്തം പിതാവിന്റെ പേരായ “പോഷ്‌ക്കര്‍” എന്ന വാക്കിന് സൗന്ദര്യം പോരെന്നു തോന്നി അത് “പുഷ്‌കര്‍” എന്ന് തിരുത്തി. അങ്ങനെയാണ് സുനന്ദാ ദാസ് പോഷ്‌ക്കര്‍ സുനന്ദാ പുഷ്‌കര്‍ ആയത്. ആദ്യ ഭര്‍ത്താവ് ശ്രീനഗറിലെ തന്നെ ഒരു സജ്ഞയ് റെയ്‌ന. അദ്ദേഹത്തോടൊപ്പം ദുബൈയിലേക്കു പോയി. അവിടെവെച്ച് പരിചയപ്പെട്ട മലയാളിയായ സുജിത്ത് മേനോന്റെ ഭാര്യയായി. ആ ബന്ധത്തിലാണ് സുനന്ദാ പുഷ്‌കര്‍ അമ്മയാകുന്നത്. അഗ്നിശമനയന്ത്രങ്ങളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന സുജിത് മേനോന്‍ 1997ല്‍ ഡല്‍ഹിയില്‍ വെച്ച് മരിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ തന്നെ സുനന്ദ തന്റെ ഭാഗ്യപരീക്ഷണത്തിനായി കാനഡ തിരഞ്ഞെടുത്തു. ഇതിനിടയിലാണ് അന്താരാഷ്ട്ര വ്യക്തിത്വത്തിന്റെ ഉടമയായ ശശി തരൂരുമായി സൗഹൃദത്തിലാകുന്നതും സൗഹാര്‍ദം വിവാഹത്തില്‍ കലാശിക്കുന്നതും. ദാമ്പത്യ ബന്ധം ചില താത്കാലികാവശ്യങ്ങളുടെ നിറവേറ്റല്‍ മാത്രമാണെന്നും വസ്ത്രം മാറുന്ന ലാഘവത്തോടെ ഭാര്യക്ക് ഭര്‍ത്താവിനേയും ഭര്‍ത്താവിന് ഭാര്യയേയും ഉപേക്ഷിക്കാമെന്നും കുട്ടികള്‍ അവരുടെ വിധിക്കു കീഴ്‌പ്പെട്ടു ജീവിച്ചുകൊള്ളുമെന്നും അതൊക്കെ വ്യക്തികളുടെ കേവലമായ സ്വകാര്യ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും മറ്റാരും അതില്‍ തലയിടേണ്ടതില്ലെന്നുമുള്ള മുതലാളിത്തോത്തര അത്യന്താധുനിക ദര്‍ശനങ്ങള്‍ പരിഷ്‌കൃത ലോകം ഇതിനകം സാംശീകരിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍ ഇതിലൊന്നും ആരും ഒരു തെറ്റും കാണാനിടയില്ല. ക്ലിയോപാട്രയും വാസവദത്തയും മാത്രമല്ല ഡയാനാ രാജകുമാരിയുമൊക്കെ യുവതലമുറയുടെ ഹരമായ കാലമായിരുന്നു തൊണ്ണൂറുകള്‍. സെലിബ്രിറ്റിയാകാനുള്ള എളുപ്പവഴി ഇവരെയൊക്കെ അനുകരിക്കലാണന്ന ധാരണ നമ്മുടെ യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ പെണ്‍കുട്ടികള്‍ക്കു പോലും ഉണ്ടായി. അത്തരം നോവലുകളും ചലച്ചിത്രങ്ങളും ഒക്കെ പിന്നീടങ്ങോട്ട് അംഗീകാരം നേടി്. മൂല്യാധിഷ്ഠിത കുടുംബജീവിതത്തിന് വേണ്ടി വാദിക്കുന്നവര്‍ അറുപഴഞ്ചന്മാരായി മുദ്രകുത്തപ്പെട്ടുവരുന്ന ദശകങ്ങളാണ് കടന്നു പോയത്.

ഐ പി എല്‍ ഇടപാട് വിവാദമായതോടെയാണ് സുനന്ദാ പുഷ്‌കറിന്റെ വിയര്‍പ്പിന്റെ വില 70 കോടിയോളം വരുമെന്ന് കേന്ദ്രമന്ത്രി സാക്ഷ്യപ്പെടുത്തുന്നതും നമ്മളതുകേട്ട് മൂക്കത്ത് വിരല്‍ വെക്കുന്നതും. പരാതികള്‍ പെരുകിയതോടെ തരൂരിന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. തരൂരിനെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കറിയുന്നതിലും കൂടുതല്‍ ഹൈക്കമാന്‍ഡിനറിയാം. ശശി തരൂരിനെ പോലൊരാളെ വെറും എം പിയായി നിലനിറുത്തുന്നതില്‍ കാര്യമില്ല. വളരെ പെട്ടെന്നു മന്ത്രിപ്പണിയില്‍ തിരികെ പ്രവേശിപ്പിക്കണം എന്ന് ഹൈക്കമാന്‍ഡിന് തോന്നി. തരൂര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഗാര്‍ഹിക പീഡന നിയമപ്രകാരം തരൂരിനെതിരെ കേസെടുക്കണമെന്ന് പറയുന്നവര്‍ വെറും കന്നുകാലി ക്ലാസ്സാണ്. ശശി തരൂരും സുനന്ദാ പുഷ്‌കറും ഒന്നും നമ്മളുദ്ദേശിക്കുന്ന തരത്തിലുള്ള ഗൃഹസ്ഥാശ്രമികളൊന്നുമല്ല. മരണത്തിന് തൊട്ടുമുമ്പ് ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണം പന്ത്രണ്ടെന്നു ചിലര്‍. പതിനഞ്ചെന്നു മറ്റ് ചിലര്‍. മൂര്‍ച്ചയില്ലാത്ത ആയുധങ്ങളാണ് മുറിവിന് കാരണം എന്ന് പറയുന്നു. അപ്പോള്‍ പിന്നെ നഖക്ഷതങ്ങളോ ദന്തക്ഷതങ്ങളോ ഒക്കെ ആകാനേ തരമുള്ളൂ. ജീവിത പങ്കാളിയുടെ ശരീരത്തില്‍ നഖക്ഷതമോ ദന്തക്ഷതമോ ഒക്കെ ഏല്‍പ്പിക്കുന്നത് തീര്‍ച്ചയായും പങ്കാളിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല. മറിച്ച് അവരോടുള്ള തീവ്രസ്‌നേഹത്തിന്റെ ആവിഷ്‌കാരം എന്ന നിലയിലാകാം. ഈ കാര്യത്തില്‍ സംശയം മാറാത്തവര്‍ വാത്സ്യായനനെ തന്നെ വായിക്കണമെന്നില്ല. സാക്ഷാല്‍ കാളിദാസന്റെ “കുമാരംസംഭവം” വായിച്ചാലും മതി. സംഗതിയുടെ കിടപ്പ് ഇങ്ങനെ ഒക്ക ആയിരിക്കേ, പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രമന്ത്രി രാജി വെക്കണമെന്നും അദ്ദേഹത്തിന്റെ പേരില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നുമൊക്കെ ചിലരൊക്കെ ഒച്ചവെക്കുന്നത്?
കോണ്‍ഗ്രസ് നേതൃത്വം മന്ത്രിപത്‌നിയുടെ മരണത്തില്‍ യാതൊരു അസ്വഭാവികതയും കാണുന്നില്ല. ചിതാഭസ്മം ഹരിദ്വാരിലും കന്യാകുമാരിയിലും നിമഞ്ജനം ചെയ്യുക. ശവകുടീരത്തിനരികില്‍ തലകുമ്പിട്ടു കഠിന ശോകം പ്രകടിപ്പിക്കുക. പുതിയ പുസ്തകത്തിന്റെ ആദ്യതാളുകളില്‍ പ്രിയപ്പെട്ട സുനനന്ദക്കെന്ന് രേഖപ്പെടുത്തുക. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഒരു ഭര്‍ത്താവ് ഭാര്യയെ സ്‌നേഹിച്ചിരുന്നു എന്നതിന്റെ തെളിവായി വേണ്ടത്? ഒരു കാര്യം വ്യക്തം തിരുവനന്തപുരം സീറ്റ് എന്ന കട്ടില്‍ കണ്ട് കേരളത്തിലെ കോണ്‍ഗ്രസ്സ്‌കാര്‍ പനിക്കേണ്ടാ. ആ കട്ടില്‍ തരൂരിന് വേണ്ടി തന്നെ നേതൃത്വം ഇപ്പോഴും കരുതിവെച്ചിരിക്കുന്നു. ജയ് ജവാന്‍, ജയ് കിസാന്‍ !
വാല്‍ക്കഷ്ണം: ആധുനിക ഫെമിനിസത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന പി എച്ച് ഡി ദാഹികള്‍ക്ക് സുനന്ദാപുഷ്‌കറുടെ (അ)സ്വാഭാവിക മരണം ഒരു കേസ് സ്റ്റഡിയായി സ്വീകരിക്കാവുന്നതാണ്.

ഫോണ്‍- 9446268581

Latest