ചൂലിലെത്തിയ രാഷ്ട്രീയ വഴികള്‍

Posted on: December 19, 2013 6:00 am | Last updated: December 19, 2013 at 9:35 am

cliffആം ആദ്മി പാര്‍ട്ടിയുടെ ചൂലിനു കേരളത്തില്‍ എന്താണുപയോഗം എന്ന വിഷയത്തിലാണ്, കേരളത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ എല്ലാ കാലത്തും അപകടകരമായ സ്വാധീനം ചെലുത്തിയ നമ്മുടെ ഒരു മുത്തശ്ശിപത്രം ഇപ്പോള്‍ ഗവേഷണം തുടങ്ങിയിരിക്കുന്നത്്. ‘ഞാനും എന്റെ ഭാര്യയും ഒരു തട്ടാനും മാത്രം മതി ഈ ലോകത്തില്‍ മറ്റെല്ലാവരും പോയി തുലയട്ടെ’ എന്ന തത്വം ജീവിതപ്രമാണമാക്കിയ തിരുവനന്തപുരത്തെ സ്‌കൂട്ടര്‍ സഞ്ചാരിയായ വീട്ടമ്മയിലും അവര്‍ക്ക് അഞ്ച് ലക്ഷം നല്‍കി ചുളുവില്‍ കേരളത്തിലെ ഒരു വിഭാഗം അലമ്പന്‍ ഇടത്തരക്കാരുടെയും അരാഷ്ട്രീയവാദികളുടെയും പ്രശംസാപാത്രമാകാന്‍ കഴിഞ്ഞ കൊച്ചൗസേഫ് എന്ന കൊച്ചു മുതലാളിയിലും ആണ് യാതൊരു സാമൂഹികബോധവും ഇല്ലാതെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കയറി സ്വന്തം അജ്ഞത വിളംബരം ചെയ്യുന്ന പുതിയ തലമുറയിലെ പൂവാലന്മാരും പൂവാലത്തികളും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. വീഗാര്‍ഡില്‍ തുടങ്ങി വീഗാലാന്‍ഡിലേക്ക് വളര്‍ന്ന ഇത്തരം കൊച്ചൗസേഫുമാരുടെ ഉള്ളിലിരിപ്പ് എന്താണെന്ന് ആരു കണ്ടു! ഇവന്മാര്‍ അധികം താമസിയാതെ ഈ കേരളത്തെ അടച്ചു വില പറഞ്ഞു വാങ്ങി സ്വന്തമാക്കിയാലും ആശ്ചര്യപ്പെടേണ്ടതില്ല. എതായാലും ആം അദ്മി പാര്‍ട്ടിയുടെ ചൂല്‍ ഇവരുടെ കൈയില്‍ പിടിപ്പിക്കാനുളള പരിശ്രമം പാഴ്‌വേലയാണ്.
ഇതെഴുതുമ്പോഴും ദല്‍ഹിയിലെ ചൂല്‍ പാര്‍ട്ടി തങ്ങളുടെ 28ഉം കോണ്‍ഗ്രസ്സിന്റെ എട്ടും ചേര്‍ത്ത് ഭരണത്തിനുളള ഭൂരിപക്ഷം ഒപ്പിക്കാന്‍ കഴിയുമോ എന്നാണ് തകൃതിയായി ആലോചിക്കുന്നത്. ഈ കോണ്‍ഗ്രസ് അങ്ങനെയാണ്-പുറമെ എന്തൊക്കെപ്പറഞ്ഞാലും അധികാരം നിലനിര്‍ത്താന്‍ ഏത് ചൂലുകളുമായും ബന്ധം സ്ഥാപിക്കും. തങ്ങളില്‍ നിന്നടര്‍ന്നുപോയി ജനപ്രീതി സമ്പാദിച്ച സര്‍വ പാര്‍ട്ടികളെയും ആദ്യം ശത്രുവായി പ്രഖ്യാപിക്കുമെങ്കിലും ആ പ്രഖ്യാപനത്തിന്റെ ചൂട് മാറുന്നതിനുമുമ്പ് തന്നെ അവരെ ആലിംഗനം ചെയ്തു തവിടുപൊടിയാക്കും. ശരദ്പവാര്‍ മുതല്‍ കെ എം മാണി വരെയുളള എത്രയോ വമ്പന്മാരുടെ അനുഭവം മുന്നിലുണ്ട്. അധികാരത്തിന്റെ പച്ചയായ പുല്‍പ്പുറങ്ങളില്‍ യഥേഷ്ടം മേഞ്ഞുനടക്കാനിഷ്ടപ്പെടുന്ന ഈ കാളക്കൂറ്റന്മാരെ ആദര്‍ശത്തിന്റെ തൊഴുത്തില്‍ പിടിച്ചുകെട്ടാന്‍ സാക്ഷാല്‍ ഹെര്‍ക്കുലീസിനു പോലും കഴിയുമെന്നു തോന്നില്ല.
ആം ആദ്മിയുടെ ചൂല്‍ കൊണ്ട് സ്വന്തം മുഖത്തടിയേറ്റ പ്രതീതിയിലായിപ്പോള്‍ കോണ്‍ഗ്രസും ബി ജെ പിയും ഉള്‍പ്പെടെയുളള മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍. കോണ്‍ഗ്രസിനു ബദലാകാന്‍ ബി ജെ പിക്കോ ബി ജെ പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനോ കഴിയുകയില്ലെന്ന് ചരിത്രം തെളിയിച്ചതാണ്. ബി ജെ പിയുടെ കാവി പുറമെ കാണുന്നതാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ കാവി ഉള്ളിലാണെന്ന വ്യത്യാസമേയുളളൂ.
അഴിമതി, സ്വജനപക്ഷപാതം, വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പ് ഈ വക കാര്യങ്ങളിലെല്ലാം ഈ രണ്ട് കാവികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ തമ്മിലുള്ള വ്യത്യാസമേയുള്ളൂ എന്ന് ഇന്ത്യന്‍ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിക്കുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ നടന്ന സെമി ഫൈനല്‍ കളിയുടെ ഫലം വ്യക്തമാക്കുന്നത്. ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് 2014ല്‍ നടക്കുന്ന ഫൈനലിലേക്കാണ്.
ഈ ഫൈനല്‍ മത്സരത്തില്‍ ചൂല്‍ ഒരു ശക്തമായ പ്രതീകമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഉയര്‍ന്നുവരുമെന്നു വേണം അനുമാനിക്കാന്‍. പ്രതീകങ്ങള്‍ ജനമനസ്സിന്റെ പൂട്ട് തുറക്കാനുളള താക്കോലാണ്. അക്ഷരാഭ്യാസവുമായി പരിചയപ്പെടുന്നതിനു മുമ്പു തന്നെ ജനങ്ങള്‍ അവരുടെ പ്രതീക്ഷകള്‍ക്കു നിറം പകര്‍ന്ന പ്രതീകങ്ങളെ നെഞ്ചിലേറ്റി ലാളിച്ചു തുടങ്ങിയിരുന്നു. കുരിശും സ്വസ്ഥികയും ചന്ദ്രക്കലയും നക്ഷത്രവും പൂക്കളും എല്ലാം ജീവിതത്തിനു താളക്കൊഴുപ്പേകിയ ചിഹ്നങ്ങളായിരുന്നു. ഒരര്‍ഥത്തില്‍ ഈ ചിഹ്ന സമുച്ചയങ്ങളെ കുറിച്ചുളള സമഗ്രമായ പഠനം തന്നെയാണ് ഇന്നും സംസ്‌കാര പഠനം എന്ന പഠനശാലക്കു വഴിയൊരുക്കിയതു തന്നെ.
പതാകയില്‍ ചര്‍ക്കയും വോട്ട് കടലാസില്‍ നുകം വെച്ച കാളയും ആയിട്ടാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ രംഗപ്രവേശം. രണ്ടും ഇന്ത്യയിലെ സാധാരണ മനുഷ്യന്റെ ജീവിതയാതനകളുമായി ബന്ധപ്പെട്ട ചിഹ്നങ്ങളായിരുന്നു. ആ ചര്‍ക്കയില്‍ സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതുവസ്ത്രം നെയ്യാനുളള നൂല്‍ നൂല്‍ക്കുമെന്ന് ഇന്ത്യാ മഹാരാജ്യം പ്രതീക്ഷിച്ചു. നുകം വെച്ച കാളകള്‍ തങ്ങളുടെ ജീവിത ദുരിതങ്ങളുടെ ഭാരവണ്ടി വലിച്ചുകൊള്ളുമെന്നും. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ നവീനാശയങ്ങളെ മുന്‍നിറുത്തി കെട്ടിപ്പടുക്കുന്ന ഒരു ഏകീകൃത ഇന്ത്യ! ആ സ്വപ്‌നം സഫലമാക്കാനുളള പരിശ്രമത്തിലാണ് സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകാവകാശം സ്വന്തം പേരില്‍ പതിച്ചുവാങ്ങിയ കോണ്‍ഗ്രസ് ഏര്‍പ്പെട്ടിരിക്കുന്നതെന്നു ജനം കണ്ണടച്ചു വിശ്വസിച്ചു. അവിടെ നിന്നും ഇവിടെ നിന്നും ഉയര്‍ന്നുവന്ന വിമത ശബ്ദങ്ങളെ നിര്‍വീര്യമാക്കിക്കൊണ്ട്-നെഹ്‌റുവിന്റെ കാലം കഴിയുന്നതുവരെയും- കോണ്‍ഗ്രസ് പാര്‍ട്ടി പ്രതാപൈശ്വര്യങ്ങളോടെ നാട് വാണു. നെഹ്‌റുവിന്റെ ഇടതുപക്ഷ നയസമീപനങ്ങളെ തുറന്നെതിര്‍ത്തുകൊണ്ട്, രാജാജിയും മറ്റും നേതൃത്വം നല്‍കിയ സ്വതന്ത്ര പാര്‍ട്ടിയും ഹിന്ദു ദേശീയതയുടെ പേരില്‍ ഊറ്റം കൊണ്ടിരുന്നവര്‍ ജനസംഘവും രൂപവ്ത്കരിച്ചെങ്കിലും പരിഗണനീയമായ ഒരു പ്രതിപക്ഷമെന്ന നിലയില്‍ പോലും അവരാരും ശ്രദ്ധിക്കപ്പെട്ടില്ല.
ഇന്ത്യന്‍ സമൂഹത്തിലെ ആള്‍ക്കൂട്ടം അവരുടെ എല്ലാ ആശകള്‍ക്കും ആശങ്കകള്‍ക്കും ഉള്ള പരിഹാരമായി നെഹ്‌റു എന്ന രക്ഷകനെ കൊണ്ടാടി. നെഹ്‌റു ഇന്ത്യയെ കണ്ടെത്തിയ അത്ര ലാഘവത്തോടെ ഇന്ത്യ നെഹ്‌റുവിനെ കണ്ടെത്തിയില്ല. താന്‍ കണ്ടെത്തിയ ഇന്ത്യ തന്റെ ഏക സന്താനമായ ഇന്ദിരക്ക് ഒസ്യത്താനുകൂല്യമായി ലഭിക്കണമെന്ന മോഹം നെഹ്‌റു എന്ന ആ വലിയ മനുഷ്യനെ വേട്ടയാടിയിരുന്നു എന്നുവേണം കരുതാന്‍. ഓരോരുത്തര്‍ക്കും അവരവരുടെതായ ദൗര്‍ബല്യം സ്വാഭാവികം. അക്കില്ലസിന് ഉപ്പൂറ്റിയില്‍ സ്വന്തം ദൗര്‍ബല്യം മറഞ്ഞിരുന്നതായി ഹോമര്‍. സാംസന്റെ ശക്തിയുടെ ഉറവിടം സ്വന്തം തലമുടിയിലായിരുന്നു എന്നു ബൈബിള്‍. മുടി മുറിച്ചു മാറ്റിയാല്‍ സാംസനെന്ന അതിശക്തിമാനെ ആര്‍ക്കും കിഴ്‌പ്പെടുത്താന്‍ കഴിയുമെന്ന ജന്മരഹസ്യം ഒരു രതി മൂര്‍ച്ഛാവേളയില്‍ അയാള്‍ തന്റെ കിടപ്പറ സഖിയായ ദലീലക്കു പറഞ്ഞുകൊടുത്തു. അതോടെ സാംസണ്‍ എന്ന മഹാമല്ലന്‍ ഫെലസ്ത്യരുടെ കൈയിലെ ഒരു കളിപ്പാവയായി മാറുന്നതായി ബൈബിളില്‍ നമ്മള്‍ വായിക്കുന്നു.
ഭാരതീയ പുരാണങ്ങളിലും ഇത്തരം മഹാമല്ലന്മാരുടെ ദുര്‍ബല വശങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. കര്‍ണന്റെ ശക്തിസ്രോതസ്സത്രയും അയാളുടെ കര്‍ണകുണ്ഡലങ്ങളിലായിന്നുവെന്ന രഹസ്യം ഗ്രഹിച്ച പാണ്ഡവന്മാര്‍ അതറുത്തു വാങ്ങിക്കാന്‍ കര്‍ണന്റെ സ്വന്തം മാതാവായ കുന്തീദേവിയെ തന്നെ നിയോഗിക്കുന്നു. ഒളിച്ചിരുന്ന് അസ്ത്രവിദ്യ ഗ്രഹിച്ച ഏകലവ്യന്റെ ശസ്ത്ര പ്രയോഗ സാമര്‍ഥ്യം തന്റെ ഇഷ്ടശിഷ്യനായ അര്‍ജുനനെ കടത്തിവെട്ടുന്നതാണെന്ന് മനസ്സിലാക്കിയ ദ്രോണാചാര്യര്‍ ഏകലവ്യന്റെ ശക്തി സ്രോതസ്സായ അയാളുടെ പെരുവിരല്‍ തന്നെ അറുത്തുമാറ്റിച്ചു. ഗുരുഭക്തിയാണ് ആ കാട്ടാള ബാലന്റെ ഏക ദൗര്‍ബല്യം എന്ന് ആചാര്യന്‍ മനസ്സിലാക്കിയിരുന്നു. ഈ ആചാര്യനും ഉണ്ടായിരുന്നു ഒരു ദൗര്‍ബല്ല്യം-പുത്രവാത്സല്യം. നെഹ്‌റു ആള്‍ മഹാനൊക്കെയായിരുന്നു. സന്താന വാത്സല്യം ആ മഹാത്മാവിനു പൈതൃകമായി പകര്‍ന്നു കിട്ടിയതായിരുന്നു. തനിക്കുള്ളതത്രയും രാജ്യത്തിന് നല്‍കി രാജ്യം മുഴുവന്‍ തന്റെതാക്കുക എന്ന തന്ത്രം മോട്ടിലാലില്‍ നിന്നാണ് ജവഹര്‍ലാല്‍ പഠിച്ചത്. മകള്‍ അച്ഛനെ കടത്തിവെട്ടി-ഇന്ത്യ എന്നാല്‍ ഇന്ദിര. ഇന്ദിര തന്നെ ഇന്ത്യ എന്ന വിടുവായിത്തം വിളമ്പുന്ന കോമാളികളെക്കൊണ്ടു കോണ്‍ഗ്രസ് പാര്‍ട്ടിയെ നിറച്ചു. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും രാജ്യവ്യാപകമായി. പാര്‍ട്ടിഭേദമന്യേ ഇന്ത്യയിലെ തലയെടുപ്പുളള സകല നേതാക്കളിലേക്കും സന്താനവാത്സല്യം എന്ന ദൗര്‍ബല്യം ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിച്ചു.
നീണ്ട ആറ് പതിറ്റാണ്ടുകള്‍കൊണ്ട് ഇന്ത്യക്കുള്ളില്‍ മറ്റൊരു ഇന്ത്യ വളര്‍ത്തിക്കൊണ്ടുവന്നു. താഴെ തട്ടിലേക്ക് തള്ളിമാറ്റപ്പെട്ട ആം ആദ്മിയെ തിരിഞ്ഞു നോക്കാന്‍ ക്ഷമയില്ലാത്ത ഒരു മധ്യ വര്‍ഗം ഇന്ത്യയിലെവിടെയും ഉയര്‍ന്നുവന്നു. അരാഷ്ട്രീയ വാദം ആയിരുന്നു ഇവരുടെ മുഖമുദ്ര. ബന്ദും സമരവും പ്രതിഷേധവും ഒന്നും പാടില്ല. അഴിമതിയും അനീതിയും ഒക്കെ അതിന്റെ വഴിക്കുപോകട്ടെ ഇന്നല്ലെങ്കില്‍ നാളെ ഈ വണ്ടിയില്‍ തങ്ങള്‍ക്കും ഒരു സീറ്റ് കിട്ടുമെന്നാണ് ഈ മധ്യവര്‍ഗ കൊച്ചമ്മമാരും കൊച്ചപ്പന്മാരും കണക്ക് കൂട്ടുന്നത്. അവരോടൊപ്പം നില്‍ക്കുക, കഴിയുമെങ്കില്‍ ഇതു ഒരു പൊതുബോധമായി വളര്‍ത്തിക്കൊണ്ടുവരിക-ഈ വഴിക്കാണ് അറിഞ്ഞോ അറിയാതെയൊ നമ്മുടെ ചില മാധ്യമങ്ങളും ചിറക് വിരിച്ചുപറക്കുന്നത്. തിരുവനന്തപുരത്തെ വീട്ടമ്മക്കും അവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ച കൊച്ചൗസേഫിനും ചാക്ക് രാധാകൃഷ്ണനും ഒക്കെ ഈ മാധ്യമങ്ങള്‍ ഇത്രയേറെ പബ്ലിസിറ്റി നല്‍കി അവരെ ജനമനസ്സില്‍ നായക പരിവേഷം നല്‍കി കുടിയിരുത്തുന്നതും ഈ തന്ത്രത്തിന്റെ ഭാഗമായാണ്.
കോണ്‍ഗ്രസ് അതിന്റെ സ്വയം കൃതാനര്‍ഥത്തെയാണിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മക്കള്‍ വാഴ്ചക്ക് വഴിയൊരുക്കിക്കൊടുത്തതിലൂടെ കോണ്‍ഗ്രസ് ഇന്ത്യന്‍ ജനാധിപത്യത്തെ വെറും ഒരു നോക്കുകുത്തിയാക്കുന്നതിന് കൂട്ട്‌നിന്നു. ഉള്‍പാര്‍ട്ടി ജനാധിപത്യമെന്നത് ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വെറും ഒരു അമ്മൂമ്മക്കഥയായി അധഃപതിച്ചു. പഴയ ചക്രവര്‍ത്തിയുടെയും നാട്ടുരാജാക്കന്മാരുടെയും അവരുടെ സാമന്തന്മാരുടെയും സമാന്തര മാതൃക സ്വായത്തമാക്കിയ നേതാക്കള്‍ ആ പാര്‍ട്ടിയുടെ എല്ലാ രംഗങ്ങളിലും പിടിമുറുക്കി. ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവം അട്ടിമറിക്കപ്പെട്ടു. ഓരോ സംസ്ഥാനത്തും നേതൃത്വത്തിലേക്കുയര്‍ന്ന വിധ്വംസക ശക്തികളുമായി അവസരപാദപരമായ കൂട്ടുകെട്ടുകളും ഒത്തുതീര്‍പ്പുകളും ഉണ്ടാക്കി കോണ്‍ഗ്രസ് അതിന്റെ അധികാരക്കുത്തക നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
അധികാരത്തില്‍ കഷ്ടിച്ച് ഒരു ദശകം പിന്നിട്ടതോടെ കോണ്‍ഗ്രസിനുളളില്‍ ‘ഞാനോ വലുത്, നീയോ വലുത്’ എന്ന തര്‍ക്കം മൂര്‍ച്ഛിച്ചുതുടങ്ങിയിരുന്നു. തനിക്കിഷ്ടമില്ലാത്തവരെ അധികാര സ്ഥാനങ്ങളില്‍ നിന്നൊഴിവാക്കാന്‍ നെഹ്‌റു ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു തന്റെ വിശ്വസ്തനായ കാമരാജിന്റെ പേരില്‍ നടപ്പിലാക്കിയ കാമരാജ് പദ്ധതി. കോണ്‍ഗ്രസില്‍ തനിക്ക് പ്രതിയോഗികളാകുമെന്ന് നെഹ്‌റുവും പുത്രി ഇന്ദിരയും കണക്കുകൂട്ടിയിരുന്ന മൊറാര്‍ജി ദേശായി, ലാല്‍ബഹദൂര്‍ ശാസ്ത്രി, ജഗജ്ജീവന്റാം എസ് കെ പട്ടേല്‍, ബി ഗോപാല റെഡ്ഢി, കെ എന്‍ ശ്രീമാലി തുടങ്ങിയ കേന്ദ്രമന്ത്രിമാരെ പുറത്താക്കാന്‍ വേണ്ടി തന്ത്രപൂര്‍വം ആസൂത്രണം ചെയ്തതായിരുന്നു, കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനത്തെ ശക്തിപ്പെടുത്താനെന്ന പേരില്‍ ആസൂത്രണം ചെയ്ത കാമരാജ് പദ്ധതി.
നെഹ്‌റുവിന്റെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ അവശേഷിച്ചിരുന്ന ഏക ഗാന്ധിയന്‍ ലാല്‍ബഹുദൂര്‍ ശാസ്ത്രി ഹ്രസ്വകാലത്തേക്ക് (1964 ജൂണ്‍ രണ്ട്- 1966 ജനുവരി11) പ്രധാനമന്ത്രി പദം അലങ്കരിച്ചു. ശാസ്ത്രിയുടെ ആകസ്മികമായ അന്ത്യത്തെച്ചുറ്റിപ്പറ്റി പല ദുരൂഹതകളും പ്രചരിച്ചിരുന്നു. 1966 ജനുവരി 23നു ശാസ്ത്രിയുടെ പിന്‍ഗാമിയായി ഇന്ദിരാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതുയുഗപ്പിറവി ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഒമ്പത് വര്‍ഷത്തെ നീണ്ട അധികാര ലബ്ധി ഇന്ദിരയിലെ സ്വേച്ഛാധിപതിയെ പുറത്തുകൊണ്ടുവന്നു. തന്റെ രണ്ട് മക്കളെയല്ലാതെ മറ്റാരെയും വിശ്വാസമില്ലാത്തവിധം അവര്‍ സഹപ്രവര്‍ത്തകരില്‍ നിന്നു പൂര്‍ണമായും ഒറ്റപ്പെട്ടുകഴിഞ്ഞിരിന്നു. തനിക്ക് ചുറ്റും വിളയാടിയിരുന്ന അഴിമതിയെ അവര്‍ കണ്ടില്ലെന്നു നടിച്ചു. ഇതിന്റെയൊക്കെ ആകെ തുകയായിരുന്നു 1975 ജൂണ്‍ 12നു അവര്‍ പ്രഖ്യാപിച്ച അടിയന്ത രാവസ്ഥ. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിര്‍ണായകമായ ആ പരീക്ഷണഘട്ടത്തെ രാഷ്ട്രം വിജയകരമായി മറികടക്കുക തന്നെ ചെയ്തു. ഇന്ദിരയും മകന്‍ സഞ്ജയനും ചേര്‍ന്നു നടത്തിയ ജനാധിപത്യക്കശാപ്പിന്റെ അനന്തരഫലമായിരുന്നു തീവ്ര ഹിന്ദുത്വത്തിന്റെ ആള്‍രൂപമായി വളര്‍ന്നുവന്ന ബി ജെ പിയും അതിന്റെ ഭീകരരൂപമായ ഇന്നത്തെ നരേന്ദ്ര മോദിയും.
ഈ മോദിയെന്ന ഗോലിയാത്തും രാഹുല്‍ എന്ന ദാവീദും തമ്മില്‍ നടക്കാന്‍ പോകുന്ന യുദ്ധത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ രാഹുല്‍ ഔട്ടായിരുക്കുന്നു. ഇനി മോദിയുടെ മുന്നേറ്റമായിരിക്കുമെന്നാണ് ജനം ആശങ്കപ്പെടുന്നത്. തീവ്ര ഹിന്ദുത്വവും മൃദുഹിന്ദുത്വവും തമ്മില്‍ നടക്കുന്ന ഈ പോരാട്ടത്തില്‍ രണ്ട് കൂട്ടരെയും പുറംതള്ളാന്‍ മാത്രമുളള ശക്തി അരവിന്ദ് കെജ്‌റിവാളഇന്റെ ചൂലിന് ഉണ്ടാകുമോ എന്നാണ് ജനം ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നത്. കേരളത്തില്‍ ഏതായാലും ആ ചൂല്‍ കൊണ്ടുതൂത്തുമാറ്റപ്പെടാന്‍ പോകുന്നത് തങ്ങളായിരിക്കുമെന്ന് യു ഡി എഫ് നേതാക്കന്മാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ പാകത്തില്‍ ഇവിടുത്തെ മധ്യവര്‍ഗ മനസ്സുകളില്‍ എങ്ങനെ ചേക്കാറാം എന്നാണവര്‍ ആലോചിക്കുന്നത്.

ALSO READ  റെഡ്യാവലും കൊയപ്പാവലും പിന്നെ പാഴായിപ്പോയ ഒരു കുത്തിത്തിരിപ്പും