Connect with us

Kozhikode

പാറപ്പള്ളി മര്‍കസ് മാലിക് ദീനാര്‍ നാടിന് സമര്‍പ്പിച്ചു

Published

|

Last Updated

കൊയിലാണ്ടി: പാറപ്പള്ളിയുടെ പൈതൃക മണ്ണില്‍ മര്‍കസിന്റെ ചരിത്രമെഴുത്ത്. തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി മര്‍കസ് മാലിക് ദീനാര്‍ എന്ന വിദ്യാഭ്യാസ സംരംഭം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നാടിന് സമര്‍പ്പിച്ചു.
മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ കീഴില്‍ ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി പ്രദേശത്ത് ആരംഭിക്കുന്ന സ്ഥാപനം വിദ്യാഭ്യാസ-സേവന മേഖലയില്‍ പൂതിയൊരു ഉണര്‍വായി മാറുമെന്ന് കാന്തപുരം പ്രസ്താവിച്ചു. ഇസ്‌ലാമിക സംസ്‌കൃതിയുടെ പ്രചാരണത്തിന് കടല്‍ കടന്നെത്തിയ പ്രവാചകാനുചരന്‍മാര്‍ക്ക് സൗകര്യമൊരുക്കിയത് അമുസ്‌ലിം സഹോദരങ്ങളായിരുന്നു. വിശ്വാസവും വിശുദ്ധിയും മേളച്ചതായിരുന്നു അവരുടെ ജീവിതം. സ്‌നേഹത്തിന്റെയും കരുണയുടെയും പാഠങ്ങള്‍ പിന്തുടരാന്‍ വര്‍ത്തമാനകാല സമൂഹത്തിനു കഴിയേണ്ടതുണ്ട്-കാന്തപുരം പറഞ്ഞു.
പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജന. സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കുവൈത്ത് മര്‍കസ് പ്രസിഡന്റ് കെ വി അബ്ദുല്‍ ഹകീം ദാരിമി, അഡ്വ. തന്‍വീര്‍ ഉമര്‍, പി എം എ അസീസ് മാസ്റ്റര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ മഹല്ലിലെ ഗുരുശ്രേഷ്ഠരായ പി മൂസ ദാരിമി, സി പി അബ്ദുര്‍റഹ്മാന്‍ ബാഖവി, മുഹമ്മദലി സഖാഫി വെണ്ണക്കോട് എന്നിവരെ ആദരിച്ചു. കാപ്പാട് ഉമര്‍ മുസ്‌ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി സംബന്ധിച്ചു.
ഉദ്ഘാടന ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം കെ ദാസന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അഡ്വ. റഷീദ് കൊല്ലം അധ്യക്ഷത വഹിച്ചു. ഇ കെ അജിത്ത്, മുഹമ്മദലി കിനാലൂര്‍, അബ്ദുല്‍ കരീം നിസാമി, സി കെ അബ്ദുല്‍ ഹമീദ് പ്രസംഗിച്ചു.

Latest