Connect with us

Health

200 കുരുന്നുകള്‍ കൂടി ശബ്ദലോകത്തേക്ക്‌

Published

|

Last Updated

തിരുവനന്തപുരം: കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ വഴി ഈ സാമ്പത്തിക വര്‍ഷം 200 കുരുന്നുകള്‍കൂടി ശബ്ദലോകത്തിലേക്ക് തിരിച്ചുവരുന്നു. സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം 200 കുട്ടികള്‍ക്കാണ് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുന്നത്. ശ്രുതി തരംഗം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുത്ത 61 കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ശസ്ത്രക്രിയ നടത്തുക.
ജന്മനാ കേള്‍വിശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഇവ ലഭിക്കുന്നതിനാണ് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുന്നത്. സ്വകാര്യ ആശുപത്രികളില്‍ പത്ത് ലക്ഷം രൂപ വരെ ചെലവ് വരുന്ന ശസ്ത്രക്രിയ സര്‍ക്കാര്‍ സൗജന്യമായാണ് ചെയ്തുകൊടുക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ആറ് കോടി രൂപ ചെലവില്‍ 200 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായാണ് ഈ സാമ്പത്തിക വര്‍ഷം 200 കുട്ടികളെ കൂടി പദ്ധതിയുടെ ഭാഗമാക്കുന്നത്.
സര്‍ക്കാര്‍ തിരഞ്ഞെടുത്ത ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തുന്നത്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രികള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകരിച്ച 11 ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തുന്നത്. രക്ഷിതാക്കളുടെ സൗകര്യാനുസരണം ആശുപത്രികള്‍ തിരഞ്ഞെടുക്കാം. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളുണ്ട്. മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ശ്രുതി തരംഗം പദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെയും ഉള്‍പ്പെടുത്തും. വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കൂടുതലാകാന്‍ പാടില്ല, അപേക്ഷകര്‍ കേരളത്തില്‍ നിന്നുള്ളവരായിരിക്കണം, കേള്‍വിശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടതാണെന്നുള്ള ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ ഉണ്ടാകണം. ലഭിക്കുന്ന അപേക്ഷകള്‍ അതാത് റീജ്യനല്‍ ടെക്‌നിക്കല്‍ കമ്മിറ്റികളും സംസ്ഥാനതല കമ്മിറ്റികളും പരിശോധിച്ച ശേഷമായിരിക്കും ശ്രുതി തരംഗം പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
ഈ സാമ്പത്തിക വര്‍ഷം പദ്ധതിക്കായി 10 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. കോക്ലിയര്‍ ഇംപ്ലാന്റേഷനാവശ്യമായ ഉപകരണങ്ങള്‍ സര്‍ക്കാര്‍ ഇറക്കുമതി ചെയ്യുന്നത് വിദേശത്തു നിന്നാണ്. ഡോളറിന്റെ മൂല്യത്തില്‍ വന്ന വ്യത്യാസം ഉപകരണങ്ങളുടെ വില വര്‍ധനക്ക് കാരണമായിട്ടുണ്ട്. പതിനായിരം രൂപയുടെ വ്യത്യാസമാണ് ഉപകരണങ്ങള്‍ ലഭിക്കുന്നതില്‍ ഉണ്ടായിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ കോക്ലിയര്‍ ഇംപ്ലാന്റ്, സ്പീക്ക് പ്രോസസര്‍ ഉപകരണങ്ങള്‍ ലഭിച്ചത് 4.5 ലക്ഷത്തിനായിരുന്നത് ഈ വര്‍ഷം 4.6 ലക്ഷമായി ഉയര്‍ന്നു. നിരവധി കമ്പനികളുമായി വിലപേശിയാണ് സര്‍ക്കാര്‍ ഈ വിലക്ക് ഉപകരണങ്ങള്‍ എത്തിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കഴിഞ്ഞ ഒക്‌ടോബര്‍ മുതലാണ് രണ്ടാം ഘട്ട പദ്ധതി ആരംഭിക്കാനായത്. 2014 ഒക്‌ടോബര്‍ വരെയുള്ള സമയത്തിനുള്ളില്‍ 200 കുട്ടികള്‍ക്ക് ശ്രുതി തരംഗം പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.
കോക്ലിയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ആസ്‌ട്രേലിയന്‍ കമ്പനിയില്‍ നിന്നും അഡ്വാന്‍സ് ബയോണിക്‌സ് എന്ന നോര്‍വീജിയന്‍ കമ്പനിയില്‍ നിന്നുമാണ് സര്‍ക്കാര്‍ ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇപ്പോള്‍ എത്തിക്കുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഓഡിയോ വെര്‍ബല്‍ റീഹാബിലിറ്റേഷനിലൂടെയാണ് കുട്ടികള്‍ സംസാരിക്കാന്‍ പഠിക്കുന്നത്.