എം ജി വി സിക്കെതിരെ നടപടിക്ക് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

Posted on: September 4, 2013 5:29 am | Last updated: September 3, 2013 at 11:32 pm

തിരുവനന്തപുരം: എം ജി സര്‍വകലാശാല വൈസ്ചാന്‍സലര്‍ എ വി ജോര്‍ജിനെതിരെ നടപടിയാവശ്യപ്പെട്ടുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ എം എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കുക, സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നിയമനങ്ങള്‍ നടത്തുക, സര്‍വകലാശാല ഓഫ് ക്യാമ്പസ് സെന്ററുകള്‍ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ വി ജോര്‍ജിനെതിരെ നടപടി വേണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. വൈസ് ചാന്‍സലര്‍ ആകാന്‍ വേണ്ട യോഗ്യതകള്‍ ഡോ. എ വി ജോര്‍ജിനില്ലെന്ന് ഉന്നത വിദ്യാഭ്യാസ അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് മന്ത്രിസഭായോഗത്തില്‍ പരിഗണിച്ച ശേഷം ഗവര്‍ണര്‍ക്ക് കൈമാറും. ഇത്തരം കേസുകളില്‍ വിശദ അന്വേഷണത്തിനായി ഗവര്‍ണര്‍ പ്രത്യേക സമിതിയെ നിയോഗിക്കാറാണ് പതിവ്. സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള നടപടി സംബന്ധിച്ച് തീരുമാനമെടുക്കുക.

സര്‍വകലാശാലാ വൈസ് ചാന്‍സലറാകാന്‍ 10 വര്‍ഷത്തെ സര്‍വകലാശാല പ്രൊഫസര്‍ഷിപ്പ് വേണമെന്ന യു ജി സി മാനദണ്ഡം ഡോ. എ വി ജോര്‍ജിന് ഇല്ല എന്നതാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. അസോസിയേറ്റ് പ്രൊഫസറായാണ് ജോര്‍ജ് ജോലി നോക്കിയത്. നേരത്തെ വി സിയുടെ പേര് നിര്‍ദേശിക്കാനുള്ള സമിതിയിലെ യു ജി സി നോമിനിയായ ഡോ. അനന്തകൃഷ്ണന്‍, ഡോ. എ വി ജോര്‍ജിന് യോഗ്യതകളില്ലെന്ന് രേഖാമൂലം അറിയിക്കുകയും പേര് നിര്‍ദേശിക്കുന്നതിനോട് വിയോജനകുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഡോ. ജോര്‍ജ് സമിതിക്ക് നല്‍കിയ ബയോഡാറ്റയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നു കെ എം ഏബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം സര്‍വകലാശാലയില്‍ 56 തസ്തികകള്‍ സൃഷ്ടിച്ചതും 52 ഓഫ് ക്യാമ്പസ് സെന്ററുകള്‍ അനുവദിച്ചതും നിയമവിരുദ്ധമായാണെന്ന് കാട്ടി നേരത്തെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍, വൈസ്ചാന്‍സലര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഇക്കാര്യങ്ങളെല്ലാം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത ശേഷം സര്‍ക്കാറിന്റെ നിലപാട് ഗവര്‍ണറെ അറിയിക്കും. എന്നാല്‍, തനിക്കെതിരെ ഉന്നതതതല ഗൂഢാലോചന നടക്കുന്നതായി വൈസ് ചാന്‍സലര്‍ എ വി ജോര്‍ജ് പ്രതികരിച്ചു. യോഗ്യതകളില്ലെന്ന് കണ്ടെത്തിയ രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിക്കെതിരെ നടപടി സ്വീകരിച്ചതാണ് തനിക്കെതിരെ ചില സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തിരിയാന്‍ കാരണമായത്. ഇക്കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ എം എബ്രഹാമും ഉണ്ണിക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം നടപ്പാക്കിയപ്പോള്‍ കെ എം എബഹാം തനിക്കെതിരെ തിരിയുകയായിരുന്നു. ഓഫ് ക്യാമ്പസ് സെന്ററുകള്‍ താന്‍ വി സിയായ ശേഷമല്ല നടപ്പാക്കിയത്. നടപടിക്രമങ്ങള്‍ 2011 ല്‍ തന്നെ ആരംഭിച്ചിരുന്നു. താനുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ആയിരക്കണക്കിന് ജീവനക്കാരുടെയും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെയും ഗ്രാന്റും സര്‍ക്കാര്‍ തടയുകയാണ്. ഉന്നതതലത്തിലുള്ള ഗൂഢാലോചനയെ നിയമപരമായി നേരിടുമെന്നും എ വി ജോര്‍ജ് പറഞ്ഞു.
അതേസമയം എം ജി സര്‍വകലാശാലക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കാത്തതിനെ തുടര്‍ന്നു ഇത്തവണ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ ഓഫ് ക്യാമ്പസ് സെന്ററുകള്‍ തുടങ്ങുകയും സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് 56 തസ്തികകള്‍ സൃഷ്ടിച്ചതാണ് ഗ്രാന്റ് തടയാന്‍ കാരണമായത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ അനുവദിച്ച തസ്തികകള്‍ പിന്‍വലിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ഗ്രാന്റ് ലഭ്യമാകൂ. സര്‍വകലാശാല നടപടിയെ തുടര്‍ന്നു ഗ്രാന്റ് തടയാന്‍ ധന സെക്രട്ടറിയാണ്‌നിര്‍ദേശം നല്‍കിയത്.