ഭാരത് രത്‌ന രാജീവ്ഗാന്ധി ദേശീയ അവാര്‍ഡ് എടവക ഗ്രാമപഞ്ചായത്തിന്

Posted on: July 31, 2013 12:41 am | Last updated: July 31, 2013 at 12:41 am

കല്‍പ്പറ്റ: ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിന് അക്കാദമി ഓഫ് ഗ്രാസ്‌റൂട്ട്‌സ് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ഓഫ് ഇന്ത്യ (അഗ്രശ്രീ) ഏര്‍പ്പെടുത്തിയ ഭാരത് രത്‌ന രാജീവ്ഗാന്ധി ദേശീയ അവാര്‍ഡ് എടവക ഗ്രാമപഞ്ചായത്തിന് ലഭിച്ചതായി പ്രസിഡന്റ് എച്ച് ബി പ്രദീപ്മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിന് ഈ അവാര്‍ഡ് ലഭിക്കുന്നത്.
ആഗസ്റ്റ് 21ന് ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അവാര്‍ഡ് സമ്മാനിക്കും.
അഗ്രശ്രീയുടെ ചെയര്‍മാനും മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറലുമായിരുന്ന ഡോ. സുഭാഷ് സി കശ്യപ് ജൂറി അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി എടുവക ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളിലെ മികവ്, വൈവിധ്യം, നൂതനത്വം, സദ്ഭരണം, ആരോഗ്യ, ക്ഷേമ, വികസനരംഗത്തെ മുന്നേറ്റം എന്നീ ഘടകങ്ങള്‍ വിലയിരുത്തിയാണ് എടവക ഗ്രാമപഞ്ചായത്തിന് ഭാരത് രത്‌ന രാജീവ്ഗാന്ധി ദേശീയ അവാര്‍ഡ് നിര്‍ണയിച്ചത്. എടവകയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ഭരണസമിതി എടവകമികവ് എന്ന പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ഇത് ജനശ്രദ്ധ നേടിയിരുന്നു.
സ്ത്രീകള്‍, യുവാക്കള്‍, വൃദ്ധര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, കുട്ടികള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായി പ്രത്യേകം പ്രത്യേകം ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തിരുന്നു. കൂടാതെ വികസനപ്രവര്‍ത്തനങ്ങള്‍ നീര്‍ത്തടാധിഷ്ടിതമാക്കുന്നതിനായി ഡിജിറ്റലൈസ്ഡ് വാട്ടര്‍ ഷെഡ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റലൈസ്ഡ് വാട്ടര്‍ ഷെഡ്മാസ്റ്റര്‍പ്ലാന്‍ ആണ് എടവക ഗ്രാമപഞ്ചായത്തിന്റേത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രകടനമാണ് എടവക നടത്തിവരുന്നത്.
2011,12,13 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മഹാത്മാപുരസ്‌ക്കാരം എടവകയെ തേടിയെത്തുകയുണ്ടായി. 2012-13 വര്‍ഷത്തില്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചവര്‍ ഏറ്റവും കൂടുതല്‍ എടവകയിലായിരുന്നു. ശരാശരി ഉയര്‍ന്ന തൊഴില്‍ദിനങ്ങള്‍ നല്‍കിയതും എടവകയാണ്. വൃദ്ധര്‍, വികലാംഗര്‍, വിധവകള്‍ എന്നിവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനായി, കാര്‍ഷിക നഴ്‌സറി തയ്യാറാക്കുകയും കര്‍ഷകര്‍ക്ക് തൈകള്‍ നല്‍കുകയും ചെയ്തിരുന്നു. കൂടാതെ പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് പുറമ്പോക്കിലും പൊതുഭൂമിയിലും വൃക്ഷത്തൈകളും മുളത്തൈകളും നട്ട് പരിപാലിച്ചുവരുന്നുണ്ട്. ജൈവവൈവിധ്യസംരക്ഷണത്തിനായി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടത്തിവരുന്ന കിഴങ്ങുവിള വൈവിധ്യ സംരക്ഷണപദ്ധതി ദേശീയ ശ്രദ്ധ നേടി.
ദശാബ്ദങ്ങള്‍ക്ക് മുമ്പ് ആദിവാസികളുടെ ആരോഗ്യം സംരക്ഷിച്ചു നിര്‍ത്തിയതും അന്യംനിന്നു പോകുന്നതുമായ 60-തരം കിഴങ്ങുവര്‍ഗ്ഗങ്ങളുടെ ജനിതകസംഭരണിയാണ് ഒരു ഗ്രാമപഞ്ചായത്ത് ആദ്യമായി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. മുഴുവന്‍ പട്ടികവര്‍ഗ കുടുംബാങ്ങള്‍ക്കും റേഷന്‍കാര്‍ഡ് ലഭിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കുകയും അവശേഷിക്കുന്ന 387 കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡുകള്‍ ലഭ്യമാക്കുകയും ചെയ്തു. സംസ്ഥാനത്ത് തന്നെ ആദ്യമായി മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡുകള്ള പഞ്ചായത്തായി എടവകയെ മാറ്റാന്‍ സാധിച്ചു. ഗ്രാമപഞ്ചായത്തിന്റെ പെയിന്‍ ആന്റ് പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചുവരുന്നത്.
മന്ത്രി പി കെ ജയലക്ഷ്മി അനുവദിച്ച് നല്‍കിയ ആംബുലന്‍സിന്റെ വാഹനം ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിലെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കി. രസതന്ത്ര കോണ്‍ഗ്രസ്, ഗണിതശാസ്ത്ര കോണ്‍ഗ്രസ്, ശുചിത്വമുള്ള അടുക്കള പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് യോഗ, നീന്തല്‍, നൃത്തപരിശീലനം എന്നിവയും നടപ്പിലാക്കി. എം പി, എം എല്‍ എ പദ്ധതി തുക ഉപയോഗപ്പെടുത്തി പ്രധാന തെരുവുകള്‍ മുഴുവന്‍ ഹൈമാസ്റ്റ്-സോളാര്‍ തെരുവ്‌വിളക്കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഗ്രാമീണ റോഡുകളുടെ അഭിവൃദ്ധിക്കായി രണ്ടരവര്‍ഷത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 3 കോടി രൂപ ഉപയോഗപ്പെടുത്തി സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി 14 കോടി രൂപയുടെ ജനനിധി പദ്ധതിക്ക് ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. എള്ളുമന്ദത്തെ പൊതുശ്മശാനം നവീകരിച്ചു.
ഗ്രാമപഞ്ചായത്തില്‍ അക്ഷയയുടെ ജനസേവനകേന്ദ്രം ആരംഭിച്ചു. മന്ത്രി എം കെ മുനീര്‍ നടത്തിയ ഗ്രാമയാത്ര പദ്ധതിക്കായി തിരഞ്ഞെടുത്തതും എടവകയെയാണ്.
2012-13 വര്‍ഷത്തെ പദ്ധതിതുക മുഴുവന്‍ ചിലവഴിക്കാനും എടവക പഞ്ചായത്തിന് സാധിച്ചു.പഞ്ചായത്തിലെ മുഴുവന്‍ അംഗനവാടികളിലും എല്‍ പി ജി ഗ്യാസ് കണക്ഷന്‍, ബേബി ഫ്രണ്ട്‌ലി ടോയ്‌ലറ്റ് എന്നിവ നടപ്പിലാക്കി. പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ഭവനനിര്‍മ്മാണം, ഭവന പുനരുദ്ധാരണം, ചെണ്ടമേളം, മുളയുല്പന്ന യൂണിറ്റ് എന്നിവ നടപ്പിലാക്കിയിട്ടുണ്ട്. അഞ്ച് വയസ്സ് പ്രായമുള്ള മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി ജില്ലയില്‍ ആദ്യമായി സമ്പൂര്‍ണ ആധാര്‍ പഞ്ചായത്ത് എന്ന നേട്ടവും എടവക കരസ്ഥമാക്കി. 2008ല്‍ നിര്‍മ്മല്‍ഗ്രാമപുരസ്‌ക്കാര്‍, 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫി എന്നിവ ലഭിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് ഓഫീസിന് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാല്‍, മാലിന്യ സംസ്‌ക്കരണ പദ്ധതി, ചക്കയുടെ മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ്, പാണ്ടിക്കടവില്‍ ആധുനിക മത്സ്യമാര്‍ക്കറ്റ്, ആധൂനിക അറവുശാല, ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയാണ് ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍. പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ആമിന അറവാന്‍, സ്ഥിരം സമിതി അധ്യക്ഷരായ ജോര്‍ജ്ജ് പടകൂട്ടില്‍, സി എച്ച് ലൈല, ലീല ബാലന്‍, സെക്രട്ടറി കെ സി സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.