ഹജ്ജ് ക്വാട്ട: രാജ്യത്തെ പ്രവാസി തീര്‍ഥാടകരും ആശങ്കയില്‍

Posted on: July 28, 2013 8:24 pm | Last updated: July 28, 2013 at 8:24 pm

ദുബൈ: ഹജ്ജ് തീര്‍ഥാടകരെ വെട്ടിക്കുറക്കാനുള്ള സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ തീരുമാനം ഈ വര്‍ഷം യു എ ഇയില്‍ നിന്നും ഹജ്ജിനു പോകാന്‍ തയാറെടുത്തവരെയും ആശങ്കയിലാക്കുന്നു. കുറവു വരുത്തിയതിനു പുറമെ ഈ വര്‍ഷം ഹജ്ജ് വിസ അനുവദിക്കുന്നതിന് സഊദി ഏര്‍പ്പെടുത്തിയ കനത്ത നിയന്ത്രണവും പലരുടെയും യാത്ര അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
ഹാജിമാരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ കുറവു വരുത്താനാണ് നിര്‍ദേശം. യു എ ഇക്കൊപ്പം ഒമാനെയും നിയന്ത്രണം പ്രതികൂലമായി ബാധിക്കും.
നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ നയതന്ത്ര പ്രതിനിധികളുള്‍പെടെയുള്ളവര്‍ക്കും ഈ ക്വാട്ടയില്‍ തന്നെ പോകേണ്ടി വരുമെന്ന് ഹജ്ജ് ഓപറേറ്റര്‍ സ്ഥാപനത്തിലെ പ്രതിനിധി പറഞ്ഞു. ഇത് സാധാരണക്കാര്‍ക്കു ലഭിക്കുന്ന ഹജ്ജ് അവസരം നഷ്ടപ്പെടുത്തും. പ്രായം ചെന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും ഏര്‍പെടുത്തിയ നിയന്ത്രണങ്ങളും സ്ത്രീകളുടെ കൂടെ ഭര്‍ത്താവ്, മക്കള്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധനയും പലരുടെയും ഹജ്ജ് സ്വപ്‌നങ്ങള്‍ക്കു തടസം സൃഷ്ടിക്കുകയാണ്.
നാട്ടില്‍ നിന്നും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി പോകാന്‍ കരുതിയിരുന്നവര്‍ക്ക് ഈ വര്‍ഷം യാത്ര തരപ്പെടില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യവും സംജാതമായിരിക്കുകയാണ്.
റസിഡന്‍സ് വിസയില്‍ ആറു മാസം രാജ്യത്തു തങ്ങിയവര്‍ക്കാണ് ഹജ്ജ് വിസ അനുവദിക്കുക പതിവെങ്കിലും പുതുതായി വിസയിലെത്തുന്നവരും വിസക്കായി ശ്രമിക്കുന്നുണ്ടെന്ന് ഹജ്ജ് ഏജന്‍സികള്‍ പറയുന്നു. ഇക്കാരണങ്ങളാല്‍ തന്നെ ഈ വര്‍ഷം പ്രവാസി അപേക്ഷകര്‍ വര്‍ധിക്കുമെന്നാണ് ഏജന്റുമാരുടെ കണക്കു കൂട്ടല്‍. ഇത് സ്വാഭാവികമായും അവസരം നഷ്ടപ്പെടാനിടയാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വെട്ടിക്കുറച്ച ഹജ്ജ് ക്വാട്ട പൂര്‍ണമായും സ്വകാര്യ മേഖലയില്‍നിന്നായതാണ് ഇത്തവണ ഇന്ത്യയില്‍ സ്വകാര്യ ഹജ്ജ് ഏജന്‍സികളെ വെട്ടിലാക്കിയത്. 1,000 ഹാജിമാരെ കൊണ്ടു പോയിരുന്ന പ്രമുഖ ഏജന്‍സികള്‍ക്ക് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത് 100ഉം 150ഉം സീറ്റുകളാണ്. അതുകൊണ്ടു തന്നെ നാട്ടില്‍നിന്നും കുടുംബ സമേതം പോകാന്‍ ഉദ്ദേശിച്ചിരുന്നവരും വഴിയറിയാതെ നില്‍ ക്കുകയാണ്.