Connect with us

Eranakulam

കുരുവിളയുടെ വാദങ്ങള്‍ പൊള്ളയെന്ന് പോലീസ് ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി: സോളാര്‍ പദ്ധതിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ബന്ധുവും പേഴ്‌സനല്‍ സ്റ്റാഫും ചേര്‍ന്ന് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന, വിവാദ വ്യവസായി എം കെ കുരുവിളയുടെ ആരോപണം കളവെന്ന് പോലീസ്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കുരുവിളയുടെ വാദങ്ങള്‍ പോലീസ് തള്ളിയത്.
മുഖ്യമന്ത്രിയുടെ ബന്ധു ആന്‍ഡ്രൂസ്, പേഴ്‌സനല്‍ സ്റ്റാഫംഗം ഡെല്‍ജിത്ത്, വാഴക്കാലയില്‍ എജ്യൂക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന വിനു എന്നിവര്‍ ചേര്‍ന്ന് സോളാര്‍ പദ്ധതിയുടെ പേരില്‍ പണം തട്ടിയെന്നാണ് കുരുവിള കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് തൃക്കാക്കര പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ കുരുവിളയുടെ വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്നതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ മൂവരെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കുരുവിളയുടെ മണി ചെയിന്‍ ഇടപാടില്‍ പങ്കാളികളായിരുന്നു ഇവരെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ആന്‍ഡ്രൂസ് മുഖ്യമന്ത്രിയുടെ നാടായ പുതുപ്പള്ളിക്കടുത്തുള്ള ആളാണെങ്കിലും മുഖ്യമന്ത്രിയുടെ ബന്ധുവല്ലെന്ന് അന്വേഷണത്തില്‍ പോലീസിന് ബോധ്യപ്പെട്ടു.. ഡെല്‍ജിത് പേരാമ്പ്രയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. ഡെല്‍ജിത്തിനും വിനുവിനും കുരുവിളയുടെ മണി ചെയിന്‍ കമ്പനിയില്‍ ചേര്‍ന്ന് പണം നഷ്ടമായിരുന്നു. 36 ലക്ഷം രൂപയാണ് ഡെല്‍ജിത്തിനും ഇയാള്‍ മണി ചെയിനില്‍ ചേര്‍ത്തവര്‍ക്കുമായി നഷ്ടമായത്.
ഡല്‍ഹി ആസ്ഥാനമായ പാന്‍ ഏഷ്യ എന്ന മണി ചെയിന്‍ കമ്പനിയുടെ കേരളത്തിലെ മുഖ്യ ചുമതലക്കാരനായിരുന്നു കുരുവിള. കമ്പനി പൊളിഞ്ഞതിനെ തുടര്‍ന്ന് സഹായത്തിനായാണ് ദുബൈ വ്യവസായിയായ ആന്‍ഡ്രൂസിനെ ഇയാള്‍ സമീപിക്കുന്നതെന്ന് പോലീസ് പറയുന്നു. ബംഗളൂരുവില്‍ പ്ലാന്ററായ കുരുവിള മണി ചെയിന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ പണം തിരിച്ചു ചോദിക്കുമെന്ന് മനസ്സിലാക്കി ഇവരെ വഞ്ചനാകേസില്‍ കുടുക്കാനായി കെട്ടിച്ചമച്ചതാണ് സോളാര്‍ തട്ടിപ്പ് സംബന്ധിച്ച പരാതിയെന്ന നിഗമനത്തിലാണ് പോലീസ്. നിര്‍ദിഷ്ട സോളാര്‍ പദ്ധതി സംബന്ധിച്ച യാതൊരു വിവരവും നല്‍കാന്‍ കുരുവിളക്ക് സാധിച്ചിരുന്നില്ല. ആറ് മാസം മുമ്പ് കേസന്വേഷണം അവസാനിപ്പിച്ച പോലീസ് അന്വേഷണ റിപ്പോര്‍ട്ട് അടുത്തിടെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുരുവിള നല്‍കിയ ഹരജിയിലാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.