‘നിങ്ങളുടെ ഭാരം സ്വര്‍ണത്തില്‍’ രജിസ്‌ട്രേഷന്‍ തുടങ്ങി

Posted on: July 21, 2013 6:19 pm | Last updated: July 21, 2013 at 6:19 pm

goldദുബൈ: നിങ്ങളുടെ ഭാരം സ്വര്‍ണത്തില്‍ എന്ന പേരില്‍ ദുബൈ മുനിസിപ്പാലിറ്റിയും ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പും ചേര്‍ന്നൊരുക്കിയ പദ്ധതിക്ക് ദുബൈയിലെ വിവിധ പാര്‍ക്കുകളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജി.ഹുസൈന്‍ നാസര്‍ ലൂത്തയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും സഫാ ഗേറ്റ്-2വിലെ റജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. വ്യായാമത്തിലൂടെയും ജീവിതശൈലിമാറ്റത്തിലൂടെയും കുറക്കുന്ന ഓരോ കിലോക്കും സ്വര്‍ണ നാണയം നല്‍കും. ഒരു ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണമാണ് ഇതിനായി നീക്കിവയ്ക്കുന്നത്.
ഓഗസ്റ്റ് 16നാണ് അവസാന ദിനം. കുറഞ്ഞത് രണ്ടു കിലോയെങ്കിലും തൂക്കം കുറയ്ക്കുന്നവര്‍ക്കാണ് സമ്മാനത്തിന് അര്‍ഹത. ഏറ്റവും കൂടുതല്‍ തൂക്കം കുറയ്ക്കുന്നവര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ കിട്ടാനുള്ള സാധ്യതയും കൂടും. 30 ദിവസം കൊണ്ട് കുറഞ്ഞതു രണ്ടു കിലോയെങ്കിലും കുറയ്ക്കാനായാല്‍ സ്വര്‍ണ നാണയം ലഭിക്കുന്ന വിധത്തിലാണു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. റജിസ്റ്റര്‍ ചെയ്യുന്ന അമിത വണ്ണക്കാര്‍ക്ക് കുറയ്ക്കുന്ന തൂക്കത്തിനനുസരിച്ചു സ്വര്‍ണം ലഭിക്കും. ഏറ്റവും കൂടുതല്‍ തൂക്കം കുറച്ച മൂന്നു പേര്‍ക്ക് 20,000 ദിര്‍ഹം വിലയുള്ള സ്വര്‍ണ നാണയം നറുക്കെടുപ്പിലൂടെ ലഭിക്കും. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ തൂക്കം രേഖപ്പെടുത്തും.
സബീല്‍ പാര്‍ക്ക് ഗേറ്റ് മൂന്ന്, ഖവനീജ് ജോഗിങ് ട്രാക്ക് മെയിന്‍ ഗേറ്റ്, മംസാര്‍ ബീച്ച് ജോഗിങ് ട്രാക്ക്, സഫ പാര്‍ക്ക് നാലാം ഗേറ്റ്, അല്‍ ബര്‍ഷ പാര്‍ക്ക് മെയിന്‍ ഗേറ്റ് എന്നിവിടങ്ങളിലാണ് റജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍. അവസാന ദിവസവും തൂക്കം നോക്കാന്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ എത്തണം. ദേശീയ തിരിച്ചറിയല്‍ കാര്‍ഡുമായാണ് റജിസ്റ്റര്‍ ചെയ്യാന്‍ എത്തേണ്ടത്. ഇവരെ എസ്എംഎസിലൂടെ വിളിച്ച് ഉറപ്പുവരുത്തും. മുകളില്‍ പറഞ്ഞ ഏതെങ്കിലും റജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഓഗസ്റ്റ് 19ന് റിപ്പോര്‍ട്ട് ചെയ്ത് അവസാന തൂക്കം രേഖപ്പെടുത്തണം. എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ 12 വരെയാണ് റജിസ്‌ട്രേഷന്‍. ആരോഗ്യപരമായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച യാല്ലാ വാക്കില്‍ നിന്നു പ്രേരണ ഉള്‍ക്കൊണ്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
വരും നാളുകളില്‍ കൂടുതല്‍ പേര്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് ദുബൈ നഗരസഭ മീഡിയാ വിഭാഗം തലവന്‍ യൂസഫ് മുറാദ് പറഞ്ഞു.