മൈലാടിയില്‍ കലക്ടറുടെ നിര്‍ദേശം നടപ്പായില്ല

Posted on: July 20, 2013 12:27 am | Last updated: July 20, 2013 at 12:27 am

കോട്ടക്കല്‍: കലക്ടര്‍ നിര്‍ദേശിച്ച സമയം കഴിഞ്ഞിട്ടും മൈലാടിയിലെ മാലിന്യം സംസ്‌ക്കരിക്കാനായില്ല. ഒരുമാസം മുമ്പ് സമര സമിതി നഗരസഭ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് മൈലാടിയിലെ മാലിന്യം സംസ്‌കരിക്കുന്നതിന് ജില്ലാ കലക്ടര്‍ ഒരു മാസം നല്‍കിയത്.
ഇതിനകം പ്ലാന്റിനകത്തെ മാലിന്യം സംസ്‌കരിക്കണമെന്നും തുടര്‍ന്ന് പരിസരത്ത് കുഴിച്ചുമൂടിയവ എടുത്തുമാറ്റണമെന്നുമായിരുന്നു നിര്‍ദേശം. ഒരുമാസം തികയുമ്പോഴും കാര്യമായി ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ് ഇവിടെ. ശുചിത്വ മിഷനെയാണ് കാര്യങ്ങള്‍ നടത്തുന്നതിനായി ചുമതലപെടുത്തിയിരുന്നത്.
ഇതിനായി തിരുവനന്തപുരത്ത് നിന്നും മൊബൈല്‍ ഇന്‍സിനേറ്റര്‍ വരുത്തിയാണ് മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനം ഒരുക്കിയത്. പക്ഷേ ഇത് വിജയം കണ്ടില്ലെന്ന് മാത്രമല്ല, ബാധ്യത കൂടിയായി. ഇന്‍സിനേറ്റര്‍ ഉപയോഗിച്ച് മാലിന്യം കരിച്ച് കളയാനാകാതെ വലയുകയായിരുന്നു അധികൃതര്‍. യന്ത്രത്തിന്റെ തകരാറും അധിക ഇന്ധന ചെലവും എല്ലാം അധികൃതര്‍ക്ക് ബാധ്യതയായി. രണ്ട് ദിവസമാണ് ഇത് പ്രവര്‍ത്തിച്ചത്.
നഗരസഭയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇന്‍സിനേറ്റര്‍ എടുക്കുന്ന ജോലി പോലും ഇത് കൊണ്ടായില്ല. കഴിഞ്ഞ ദിവസം കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ജോലിക്കെത്തിയ അന്യ സംസ്ഥാക്കാര്‍ തമ്മില്‍ തല്ലുന്ന കാഴ്ച്ചയായിരുന്നു ഇന്നലെ. മദ്യപിച്ചാണ് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതോടെ ഇന്നലെയും സംസ്‌കരണം നടന്നില്ല. കലക്ടര്‍ നിര്‍ദേശിച്ച സമയ പരിധി കഴിഞ്ഞ സ്ഥിതിക്ക് സമരം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. ഇതിന്റെ മുന്നോടിയായി സമിതി അംഗങ്ങള്‍ കലക്ടറെ കാണും. തുടര്‍ന്ന് സമര മുറക്ക് നേതൃത്വം നല്‍കുമെന്ന് സമിതി കണ്‍വീനര്‍ ചെരട മുഹമ്മദ് അറിയിച്ചു.