Connect with us

National

പരസ്പര വിശ്വാസമുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനം നിലനില്‍ക്കും: എ കെ ആന്റണി

Published

|

Last Updated

ബീജിംഗ്/ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക സഹകരണം ശക്തമാക്കണമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന ആന്റണി, ഉന്നതരുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. വിശ്വാസവും പരസ്പര ബഹുമാനവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ നിതാന്തമായ സമാധാനം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു. ചൈനീസ് ദേശീയ പ്രതിരോധ സര്‍വകലാശാലാ മേധാവി ജനറല്‍ ലിയു യാഴൗവുമായി ആന്റണി ചര്‍ച്ച നടത്തി.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൈനിക വിനിമയം ശക്തമാക്കാന്‍ ലിയുവും ആന്റണിയും ധാരണയിലെത്തി. സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അക്കാദമിയും അദ്ദേഹം സന്ദര്‍ശിച്ചു. ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാംഗുമായും പ്രതിരോധ മന്ത്രി ജനറല്‍ ചെംഗ് വാന്‍ക്വാനുമായും വെള്ളിയാഴ്ച ആന്റണി ചര്‍ച്ച നടത്തിയിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ശരീഫും ഇപ്പോള്‍ ചൈനയിലുണ്ട്.
ഇന്ത്യയും ചൈനയും അടുത്ത അയല്‍ക്കാരാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിവിധ മേഖലകളിലേക്ക് വികസിച്ചുകൊണ്ടിരിക്കുന്നു. അതിര്‍ത്തിയില്‍ ശാന്തി കൈവരിക്കുകയെന്നത് ഇരു പക്ഷത്തിന്റെയും മുന്‍ഗണനാ വിഷയമാണ്. സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണം ഇക്കാര്യത്തില്‍ പ്രധാനമാണെന്നും ആന്റണി പറഞ്ഞു.
കര, നാവിക, വ്യോമ സേനകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ആന്റണി ചൈനയിലെത്തിയത്. സൈനിക അക്കാദമി സന്ദര്‍ശിക്കാന്‍ ആന്റണി താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ദേശീയ പ്രതിരോധ സര്‍വകലാശാലയുടെ നിര്‍മാണ പ്രവൃത്തികള്‍ ന്യൂഡല്‍ഹിയില്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഇത്.

Latest