Connect with us

Kerala

ലീഗ് കോണ്‍ഗ്രസ് തര്‍ക്കം മുറുകുന്നു; ലീഗിന് മറ്റൊരിടമില്ലെന്ന് കരുതരുതെന്ന് കെ പി എ മജീദ്

Published

|

Last Updated

കോഴിക്കോട്: രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെത്തുടര്‍ന്നുള്ള ലീഗ് കോണ്‍ഗ്രസ് തര്‍ക്കം മുറുകുന്നു. ലീഗിന് പോവാന്‍ മറ്റൊരിടമില്ലെന്ന് ആരും കരുതരുതെന്നും ലീഗ് എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ലെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ലീഗിന്റെ വില നന്നായി അറിയാവുന്ന ആളാണ് കെ മുരളീധരന്‍. കേരളത്തില്‍ ആര്‍ക്കും ഒറ്റക്ക് ഭരിക്കാന്‍ കഴിയില്ലെന്നും കെ പി എ മജീദ് പറഞ്ഞു.

അതിനിടെ നാളെ നടക്കാനിരുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് ലീഗ് പിന്‍മാറി. മൗലികമായ പ്രശ്‌നങ്ങള്‍ നില നില്‍ക്കുമ്പോള്‍ ചര്‍ച്ച നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചെന്നിത്തലയുടെ വിശദീകരണത്തില്‍ തൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദം കത്തിപ്പടരുമ്പോഴും വിശദീകരണവുമായി കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവാത്തത് ലീഗിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. മുരളീധരനും ആര്യാടനും വീണ്ടും വീണ്ടും ലീഗിനെതിരെ പ്രസ്താവന തുടരുന്നതും ലീഗ് നേതൃത്വത്തെ ചൊടിപ്പിക്കുന്നു. ശക്തമായ നിലപാടുമായി മുന്നോട്ട് പോവണമെന്ന് ഇന്നലെ ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ലീഗ് അണികള്‍ മുരളീധരനും ആര്യാടനുമെതിരെ ശക്തമായ പ്രസ്താവനകളുമായി രംഗത്തുണ്ട്. എക്കാലവും യു ഡി എഫ് ജയിച്ച വടക്കാഞ്ചേരിയിലും കൊടുവള്ളിയിലും തോറ്റ പാരമ്പര്യമുള്ള മുരളീധരന്‍ ജയിക്കുന്ന സീറ്റുകള്‍ ലീഗ് കൈവശം വെക്കുന്നുവെന്ന് വാദിക്കുന്നത് അര്‍ത്ഥ ശൂന്യമാണെന്നടക്കമുള്ള പോസ്റ്റുകളാണ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Latest