സമരമാണ് ജീവിതം; സംവാദം സംഘടിപ്പിച്ചു

Posted on: April 21, 2013 2:05 pm | Last updated: April 22, 2013 at 4:51 pm

ദോഹ: ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സമരമാണ് ജീവിതമെന്ന പ്രമേയത്തെ ആധാരമാക്കി ജി സി സി രാഷ്ട്രങ്ങളില്‍ നടന്നു വരുന്ന പ്രവാസി യുവജനങ്ങളുടെ ഭാഗമായി ആര്‍ എസ് സി ഖത്തര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സംവാദം ദോഹയില്‍ ഹംസതുബ്‌നു അബ്ദുല്‍ മുത്വലിബ് സ്‌കൂളില്‍ സംഘടിപ്പിച്ചു.
ആത്മ വിമര്‍ശനവും സ്വന്തം കഴിവുകേടുകള്‍ തിരുത്താനുള്ള മനസ്സും നഷ്ടപ്പെട്ട യുവാക്കള്‍ സിലബസ്സുകളില്‍നിന്നു നുകര്‍ന്നു കിട്ടുന്ന അറിവിലുപരി തിരിച്ചറിവുകള്‍ക്ക് കാതോര്‍ക്കുകയോ അവ നേടുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ല. എഴുപതുകളില്‍ കാമ്പസുകളില്‍ രൂപപ്പെട്ടിരുന്ന സാഹിത്യ കൂട്ടായ്മകള്‍ക്കോ സാംസ്‌കാരിക സംവാദങ്ങള്‍ക്കോ ധൈഷണിക ചര്‍ച്ചകള്‍ക്കോ ഇന്നിന്റെ കാമ്പസുകളും യുവ സമൂഹവും താല്‍പര്യപ്പെടുന്നില്ല. ശീതീകരിച്ച മുറികളിലിരുന്ന് സാങ്കേതിക വിദ്യകളുപയോഗിച്ച് സാമൂഹിക ബാധ്യത നിര്‍വ്വഹിക്കുന്നു എന്ന് മേനി നടിക്കുന്നവര്‍ ശണ്ഢീകരിക്കപ്പെട്ട യുവത്വത്തിന്റെ പ്രതിരൂപങ്ങളാണ്. സേവന മനസ്തിതിയും പരസഹായ ബോധവും സ്വയം മറന്ന് ഇവയൊക്കെ വ്യാപാര വല്‍ക്കരണത്തിന്ന് വഴിമാറിക്കൊണ്ടിരിക്കുകയാണ്.
ശുഷ്‌കിച്ച വായനയാണ് യുവത്വത്തെ മുരടിപ്പിലേക്ക് എടുത്തെറിയപ്പെട്ടത്. സ്വത്വത്തെ കുറിച്ച് അറിയുന്നതിന്ന് വിശാലമായ ജീവിത കാഴ്ചപ്പാടുകളെ രൂപീകരിക്കുന്നതിനും യുവ സമൂഹം മൂര്‍ച്ചയേറിയ വായന യാണ് മാര്‍ഗമാക്കേണ്ടത്. വായിച്ചു വളര്‍ന്ന യുവത ധാര്‍മ്മികതയോട് ചേര്‍ന്നു നിന്നിരുന്നു. പൈങ്കിളി പ്രണയ വായനക്കുപരി വ്യക്തിത്വ വികസനത്തിനു ഊന്നല്‍ നല്‍കുന്ന വായനയാണ് യുവത തെരഞ്ഞെടുക്കേണ്ടതെന്ന് സാംസ്‌കാരിക സംവാദം അഭിപ്രായപ്പെട്ടു. ധാര്‍മ്മിക ജീവിതം ദിവാ സ്വപ്നം കണക്കേ യുവാവിന്ന് അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. സധാചാര ബോധം സൃഷ്ടിക്കപ്പെടേണ്ട ഗുരു കുലവും രക്ഷിതാക്കള്‍ പോലും ഇവിടെ അധാര്‍മ്മികതയുടെ ചൂണ്ടു പലകകളാണ്. ധാര്‍മ്മികമൂല്യ ജീവിതം തീര്‍ക്കാന്‍ അറിവും തിരിച്ചറിവും അനിവാര്യമാണെന്ന് സംവാദം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് റഈസ് അഹ്മദ് സംവാദം ഉദ്ഘാടനം ചെയ്തു. ഐ സി ബി എഫ് പ്രസിഡന്റ് കരീം അബ്ദുല്ല, ഇന്ത്യന്‍ എംബസി ലീഗല്‍ അഡൈ്വസര്‍ ജഅ്ഫര്‍ കേച്ചേരി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ രാജന്‍ ജോസഫ്, അഡ്വ. അബ്ദുസമദ് പുലിക്കാട് വിവിധ വിഷയങ്ങളെ അധികരിച്ച് പ്രസംഗിച്ചു. ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനര്‍ അബ്ദുല്ല വടകര മോഡറേറ്ററായിരുന്നു. പ്രോഗ്രാം സമിതി കണ്‍വീനര്‍ നൗഷാദ് അതിരുമട സ്വാഗതവും എന്‍ജിനിയര്‍ സല്‍മാന്‍ നന്ദിയും പറഞ്ഞു.