മന്‍മോഹന്‍ മോഡലും മോഡിമോഡലും

Posted on: April 16, 2013 6:00 am | Last updated: April 15, 2013 at 11:00 pm

ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് നടന്ന വെട്ടുവഴി വിവാദങ്ങള്‍ക്കിടയില്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടുവേലക്കാരി പിണറായി വിജയനെ ടെലിഫോണ്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ പോലും പേടിക്കുന്നു എന്നാണ്! അത്രമേലൊരു ഭീകരനായാണ് മാധ്യമങ്ങള്‍ പിണറായി വിജയനെ ചിത്രീകരിച്ചു വെച്ചിരിക്കുന്നത്! എന്നാല്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍മാര്‍ക്കോ അവരുടെ വീട്ടുവേലക്കാര്‍ക്കോ നരേന്ദ്ര മോഡിയേയും മമതാ ബാനര്‍ജിയേയും ഒക്കെ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ പേടി തോന്നുന്നുണ്ടോ ഇല്ലയോ എന്ന കാര്യം ഇന്നേ വരെ മാധ്യമങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. പ്രതിയോഗികളെ കൊന്നൊടുക്കുന്നത് ഭീകരതയാണെങ്കില്‍, ആ ഭീകരതയെയാണ് ജനാധിപത്യവിശ്വാസികള്‍ പേടിക്കേണ്ടതെങ്കില്‍, കേരളവും ഗുജറാത്തും പശ്ചിമ ബംഗാളും മഹാരാഷ്ട്രയും ഒക്കെ ഉള്‍പ്പെടുന്ന ഇന്ത്യാ മഹാരാജ്യത്ത് പിണറായി വിജയനെ കാണുമ്പോഴല്ല മറിച്ച് നരേന്ദ്ര മോഡിയേയും മമതാ ബാനര്‍ജിയേയും കാണുമ്പോഴാണ് പേടി തോന്നേണ്ടത്! കാരണം മോഡിയും മമതയും അവരുടെ അനുയായികളും അനുഭാവികളും പ്രതിയോഗികളെ നൂറുകണക്കിന് കൊന്നൊടുക്കിയിടത്തോളം മറ്റാരും ക്രൂരത പ്രകടിപ്പിച്ചിട്ടില്ല. എന്നിട്ടും നരേന്ദ്ര മോഡി, മമതാ ബാനര്‍ജി തുടങ്ങിയവരേക്കാള്‍ പിണറായി വിജയനെ കാണുമ്പോള്‍ പേടിക്കുന്ന വീട്ടുവേലക്കാരും യജമാനന്മാരും മാത്രമേ കേരളത്തില്‍ ഉണ്ടാകുന്നുള്ളൂ എന്നതിനര്‍ഥം അതൊരു പ്രത്യേക സൂക്കേട് ആണെന്നാണ്-പിണറായി പക എന്ന ലക്ഷണത്തോടുകൂടിയ കമ്യൂണിസ്റ്റ് വിരോധമാണ് ആ സൂക്കേട്! അതിനുള്ള ചികിത്സയാകട്ടെ ജനഹിതം വെളിവാക്കുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ മാത്രമേ സാധ്യമാകൂ. പിണറായി വിജയനെയാണോ അതോ നരേന്ദ്ര മോഡിയേയും മമതാ ബാനര്‍ജിയേയുമാണോ ഇന്ത്യന്‍ ജനത കൂടുതല്‍ പേടിക്കുന്നത്; ആരില്‍ നിന്നാണവര്‍ കൂടുതല്‍ അകലാന്‍ ആഗ്രഹിക്കുന്നത്; തുടങ്ങിയ കാര്യങ്ങള്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ ജനത വ്യക്തമാക്കിക്കൊള്ളും.
കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക എന്നത് ഏറെക്കുറെ വ്യക്തമാണ്. എന്നാല്‍ അത്രത്തോളം വ്യക്തത ബി ജെ പി നരേന്ദ്ര മോഡിയെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും എന്നതിനില്ല. അതിനുള്ള ഒന്നാമത്തെ കാരണം ലാല്‍കൃഷ്ണ അഡ്വാനിയാണ്; രണ്ടാമത്തെ കാരണമാകട്ടെ ഗുജറാത്ത് ഇന്ത്യയിലാണെങ്കിലും ഇന്ത്യ ഗുജറാത്തല്ല, എന്നതുമാണ്. എന്തായാലും നരേന്ദ്ര മോഡി ബി ജെ പിയുടെ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാല്‍ എല്‍ കെ അഡ്വാനി അതിനോട് ഊഷ്മളവും അനുകൂലവുമായ വിധത്തില്‍ പ്രതികരിക്കില്ല എന്നുറപ്പാണ്. മൂന്ന് കൊല്ലത്തിന് ശേഷം അഡ്വാനിജിയെ രാഷ്ട്രപതിയാക്കാം എന്നൊക്കെ പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമിച്ചാല്‍ തന്നെയും കൈയെത്തും ദൂരത്തെ പ്രധാനമന്ത്രി കസേര വേണ്ടെന്നു വെച്ച് വിദൂരത്തെ രാഷ്ട്രപതി കസേര സ്വപ്‌നം കണ്ട് അടങ്ങിയൊതുങ്ങി കഴിയാനുള്ള അധികാരദുര്‍മോഹമില്ലായ്മയൊന്നും അഡ്വാനി കാണിച്ചുകൊള്ളണമെന്നില്ല! മാത്രമല്ല നരേന്ദ്ര മോഡിയാണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്നു വ്യക്തമായാല്‍ എന്‍ ഡി എ മുന്നണിയിലും സാരമായ വിള്ളലുകള്‍ ഉണ്ടാകും. കൂടാതെ, ഗുജറാത്തല്ല ഇന്ത്യ എന്നു ബോധ്യമാകുന്ന ഒരു തിരഞ്ഞെടുപ്പ് ഫലത്തില്‍ കൂടുതല്‍ മറ്റൊന്നും ഉണ്ടാകുകയും ഇല്ല. വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും താന്‍ തന്നെ അടുത്ത പ്രധാനമന്ത്രി എന്ന പ്രതീതി പരത്തുന്നതിന് അവശ്യമായ പ്രതിച്ഛായാ നിര്‍മാണത്തിന് വേണ്ടുന്ന മാധ്യമ മനേജ്‌മെന്റ് നരേന്ദ്ര മോഡി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തുകാരായ അമേരിക്കയിലെ വ്യാപാരികളെ ഉപയോഗിച്ച് അമേരിക്കന്‍ പ്രതിനിധി സംഘത്തിന് ചെല്ലും ചെലവും കൊടുത്ത് നരേന്ദ്ര മോഡി സ്തുതി പാടിക്കുവാന്‍ വരെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ഹൈന്ദവ ഫാഷിസത്തിന്റെ ചെന്നായത്തരാത്തെ വികസന ഭരണ നൈപുണി എന്ന ആട്ടിന്‍തോല്‍ പുതപ്പിച്ച് അവതരിപ്പിച്ചെടുക്കുന്നതില്‍ നരേന്ദ്ര മോഡി അവഗണിക്കാനാകാത്ത വിജയം നേടിക്കഴിഞ്ഞിട്ടുണ്ട്. എന്തിന്, മതേതര ജനാധിപത്യ വാദികളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ എം എല്‍ എയായ എ പി അബ്ദുല്ലക്കുട്ടിയും മുസ്‌ലിം ലീഗ് എം എല്‍ എയായ കെ എം ഷാജിയും വരെ ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ സ്തുതിപാഠകരായി രംഗത്ത് വന്നത് വികസനത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ നരേന്ദ്ര മോഡി എന്ന ഹൈന്ദവ ഫാഷിസ്റ്റ് ചെന്നായയുടെ വിജയമല്ലെന്നു പറയാനാവുകയില്ല. ഈ പശ്ചാത്തലത്തിലാണ് ഗുജറാത്തു മോഡല്‍ വികസനം പ്രത്യേകം പരിചിന്തനക്കു വിധേയമാക്കേണ്ടി വന്നിരിക്കുന്നത്!
സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയിലോ സര്‍ക്കാറിന്റെ അതിഥി എന്ന നിലയിലോ എത്യോപ്യ പോലുള്ള ഒരു ദരിദ്ര രാഷ്ട്രം സന്ദര്‍ശിച്ചാല്‍ എത്യോപ്യന്‍ ജനതയുടെ ദുരിതജീവിതാവസ്ഥ മനസ്സിലാകണമെന്നില്ല. കാരണം അതിഥികള്‍ കാണുന്നതത്രയും നല്ല കാഴ്ചകള്‍ മാത്രമായിരിക്കും. കേള്‍ക്കുന്നതത്രയും നല്ല സ്വരങ്ങള്‍ മാത്രമായിരിക്കും. ഭക്ഷിക്കുന്ന വിഭവങ്ങളത്രയും അത്യന്തം രുചികരവുമായിരിക്കും. അങ്ങനെ സര്‍ക്കാര്‍ അതിഥിക്ക് എത്യോപ്യയില്‍ പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നുള്ള പ്രതീതിയായിരിക്കും ഉണ്ടാകുക! ഇതു തന്നെയാണ് എം പി എന്ന നിലയിലും എം എല്‍ എ എന്ന നിലയിലും ഗുജറാത്ത് സന്ദര്‍ശിച്ചതു വഴി എ പി അബ്ദുല്ലക്കുട്ടിക്കും കെ എം ഷാജിക്കും സംഭവിച്ചിരിക്കുന്നത്! എന്നാല്‍ അവര്‍ കണ്ടത് യഥാര്‍ഥ ഗുജറാത്തല്ല, മറിച്ച് നരേന്ദ്ര മോഡി സര്‍ക്കാര്‍ കാണിച്ചുകൊടുത്ത ഗുജറാത്താണ്! യഥാര്‍ഥ ഗുജറാത്ത് എന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ വെറും സാധാരണക്കാരനായി ഗുജറാത്തില്‍ ചെന്ന് സാധാരണക്കാരായ ഗുജറാത്തികളോടൊപ്പം നഗരത്തെരുവുകളും ഗ്രാമങ്ങളും ആശുപത്രികളും വിദ്യാലയങ്ങളും ആരാധനലായങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കണം. സാധാരണക്കാര്‍ക്കൊപ്പം സഞ്ചരിച്ചും ഉണ്ടും ഉറങ്ങിയും ഇടപഴകിയും ഗുജറാത്തിനെ കണ്ടെത്തണം. അതിനു വേണ്ടുന്ന യാതനസ്സഹനങ്ങളോ ക്ഷമയോ അബ്ദുല്ലക്കുട്ടിയും കെ എം ഷാജിയും കാണിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. കാണിച്ചിരുന്നുവെങ്കില്‍ ഗുജറാത്ത് മോഡല്‍ വികസനത്തെ അവര്‍ തരിമ്പും വാഴ്ത്തുകയില്ലായിരുന്നു. അതിനാല്‍ ഗുജറാത്തില്‍ എന്ത് നടക്കുന്നു എന്നറിയാന്‍ സാധാരണക്കാരില്‍ ഒരുവനായി അന്നാട്ടുകാര്‍ക്കൊപ്പം കഴിയാന്‍ ഇട വന്നവരുടെ അനുഭവങ്ങളെയാണ് കണക്കിലെടുക്കേണ്ടത്. അത്തരം ചില അനുഭവവിവരണങ്ങള്‍ ഈ ലേഖകന്‍ ചോദിച്ചറിഞ്ഞ് മനസ്സിലാക്കുകയുണ്ടായി. തുണിത്തരങ്ങളുമായി ബന്ധപ്പെട്ട കച്ചവടത്തിന് അഹമ്മദാബാദ് സന്ദര്‍ശിക്കുന്ന നിരവധി സുഹൃത്തുക്കള്‍ ഈ ലേഖകനുണ്ട്. അവരില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. രാവിലെ ഒമ്പത് മുതല്‍ പത്ത് മണി വരെയുള്ള സമയത്ത് അഞ്ച് മുതല്‍ പതിനെട്ട് വരെ വയസ്സ് പ്രായമുള്ള കുട്ടികള്‍ കേരളത്തില്‍ വിദ്യാലയങ്ങളിലേക്ക് പോകുന്ന കാഴ്ചയാണ് നാം പരക്കെ കാണുക. എന്നാല്‍ ഗുജറാത്തില്‍ വലിയ നഗരത്തെരുവുകളില്‍ പോലും അതേസമയത്ത് നമുക്ക് കാണാനാകുക അരവയര്‍ നിറയാനുള്ള അപ്പത്തിന് വക കണ്ടെത്താന്‍ ആട്ടും തുപ്പും സഹിച്ച് അമ്പതിലേറെ കിലോഗ്രാം ഭാരമുള്ള തുണിക്കെട്ടുകളും ചുമന്ന് ഏന്തി വലിഞ്ഞ് നടക്കുന്ന പതിമൂന്നുകാരനെയും പതിമൂന്നു കാരിയെയും ഒക്കെയാണ്. ഐക്യരാഷ്ട്രസഭയും ഇന്ത്യന്‍ ശിക്ഷാനിയമങ്ങളും കുറ്റകരമെന്ന് പറയുന്ന ബാലവേല പരസ്യമായി കണ്ടെത്താനാകാത്ത ഒരൊറ്റ തെരുവുപോലുമില്ലാത്ത പട്ടണങ്ങളുള്ള ഗുജറാത്ത് മോഡല്‍ വികസനം എങ്ങനെ പ്രശംസനീയമാകും? ബാലവേല എന്ന കൊടും ക്രൂരകൃത്യം കണക്കറ്റ നിലയില്‍ നിലനില്‍ക്കുന്നു എന്നതല്ലല്ലോ കുട്ടികള്‍ സ്‌കൂളില്‍ പോകാതെ ചുമടെടുക്കുന്നു എന്നതിലല്ലോ വികസനത്തിന്റെ ലക്ഷണം. പിന്നെ ഗുജറാത്തില്‍ നടക്കുന്ന വികസനമെന്താണെന്ന് ആഡിറ്റ് ആന്‍ഡ് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് വിളിച്ചുപറഞ്ഞു കഴിഞ്ഞിട്ടുണ്ട്. 550 കോടി രൂപയുടെ നഷ്ടം പൊതുഖജനാവിന് വരുത്തിവെച്ചിട്ടാണ് റിലയന്‍സ് ഗ്രൂപ്പിന് ചവറു വിലക്ക് ഭൂമി ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കോടീശ്വരന്‍മാര്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ ഒത്താശ ചെയ്യുന്ന വികസനമാണ് ഗുജറാത്തിലേതെന്ന് ഇത് തെളിയിക്കുന്നു. കെ എസ് ആര്‍ ടി സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിര്‍ത്താന്‍ കാല്‍ക്കാശിന്റെ ഇളവ് അനുവദിക്കാതിരിക്കുകയും അതേസമയം, വിജയ് മല്യയെ പോലെയുള്ള വ്യാപാരകുത്തകകള്‍ക്ക് ക്ഷീണം മാറ്റാന്‍ 1500 കോടി രൂപയോളം വരെ ദാനം നല്‍കുകയും ചെയ്ത മന്‍മോഹന്‍ സര്‍ക്കാറിന്റെ വകസന നയം തന്നെയാണ് ഗുജറാത്തില്‍ നരേന്ദ്ര മോഡിയും പിന്തുടരുന്നത്. ഒന്നുകില്‍ കടലില്‍ ചാടുക അല്ലെങ്കില്‍ ചെകുത്താന്റെ ദംഷ്ട്രയില്‍ കുരുങ്ങിച്ചാകുക എന്നതല്ലാതൊരു വഴിയും സാധാരണക്കാര്‍ക്ക് ഇന്നിപ്പോള്‍ മുമ്പിലില്ല. നമ്മുടെ തിരഞ്ഞെടുപ്പ് തീരുമാനിക്കാന്‍ പറയുന്നത് കോണ്‍ഗ്രസ് എന്ന കടലില്‍ ചാടണോ അതോ നരേന്ദ്ര മോഡി എന്ന ചെകുത്താന്റെ ദംഷ്ട്രയില്‍ കുരുങ്ങണമോ എന്ന് മാത്രമാണ്. രണ്ടിലേത് സംഭവിച്ചാലും സാധാരണക്കാരന് രക്ഷയേതുമില്ല. സാധാണക്കാരന് ജീവസന്ധാരണം സാധ്യമാകാത്ത ഒരു അവസ്ഥയും വ്യവസ്ഥയും എങ്ങനെ വികസനമാകും? മന്‍മോഹന്‍ മോഡലിന്റെയും മോഡി മോഡലിന്റെയും വക്താക്കള്‍ ഇതിനാണ് ഉത്തരം പറയേണ്ടത്. കൂട്ടത്തില്‍ പറയട്ടെ, മനുസ്മൃതിയൊക്കെ ആപഡര്‍മ്മതത്വ പ്രകാരം ചിന്തിച്ചാല്‍ കടലില്‍ ചാടുന്നതാണ് കുറേക്കൂടി സുരക്ഷിതം. കാരണം അവിടെ രക്ഷപ്പെട്ടേക്കാമെന്നതിന് അര ശതമാനം സാധ്യതയെങ്കിലും അവശേഷിക്കുന്നുണ്ട്. പക്ഷേ ചെകുത്താന്റെ ദംഷ്ട്രയില്‍ കുരുങ്ങാന്‍ പിടികൊടുത്താന്‍ പിന്നെ യാതൊരു രക്ഷയുമില്ല.
ഇതൊക്കെ പറയുമ്പോഴും ഗുജറാത്തിലെ ജനങ്ങള്‍ തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോഡിയെ തന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ട് എന്നൊരു ചോദ്യത്തിന് കൂടി സമാധാനം പറയേണ്ടതുണ്ട്. ഗുജറാത്തില്‍ നരേന്ദ്ര മോഡിക്ക് കിട്ടിയ ജനസമ്മതി ഒരു തെരുവുഗുണ്ടക്ക് സാധാരണക്കാരില്‍ നിന്ന് കിട്ടുന്ന അനുസരണത്തിന് സമാനമാണ്. ഒരു തെരുവുഗുണ്ട എന്ത് ചെയ്താലും തെരുവിലെ ജനങ്ങള്‍ കണ്ടില്ലെന്ന് നടിക്കും. അത് ഗുണ്ട ശരിയാണെന്നതിനുള്ള ജനകീയ സമ്മതത്തിന്റെ ലക്ഷണമല്ല. മറിച്ച് ഗുണ്ടയെ ജനങ്ങള്‍ പേടിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. പേടിപ്പെടുത്തി നേടിയെടുത്ത സമ്മതിപ്പിക്കലാണ് നരേന്ദ്ര മോഡി നേടി എന്ന് പറയുന്ന സമ്മതിദാനം! പേടിച്ചുകൊണ്ട് ആരെങ്കിലും വോട്ട് ചെയ്യുമോ എന്നൊക്കെ ചോദിക്കുന്ന വലിയ ജനാധിപത്യവാദികള്‍ നമ്മുടെ നാട്ടിലുണ്ട്. ഇക്കൂട്ടര്‍ തന്നെ കണ്ണൂരിനെപ്പറ്റി പറയുമ്പോള്‍ സി പി എമ്മിനോടുള്ള ഭയം കൊണ്ടാണ് അവിടെ മറ്റു പാര്‍ട്ടികളില്‍ ജനങ്ങള്‍ അണിനിരക്കാത്തതെന്നും പറയും. വാദത്തിന് വേണ്ടി ഈ നിരീക്ഷണം സമ്മതിച്ചു എന്ന് ചിന്തിച്ചാല്‍ കണ്ണൂരില്‍ സി പി എമ്മിനെ പേടിച്ച് മറ്റു പാര്‍ട്ടികളിലേക്ക് കടന്നുവരുവാന്‍ തയ്യാറല്ലാത്തവര്‍ ഉണ്ടെന്ന് വരികില്‍ എന്തുകൊണ്ട് നരേന്ദ്ര മോഡിയും കാവി പരിവാരവും തെരുവായ തെരുവിലെങ്ങും നടത്തിയ കൂട്ടക്കുരുതികളെ ഓര്‍ത്ത് ഭയന്നിട്ടാണ് ഗുജറാത്തില്‍ താമര വിരിഞ്ഞുകൊണ്ടിരിക്കുന്നതെന്ന് പറയുന്നത് തെറ്റാകും. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കാവ്യത്തിലെ മാടപ്പുലയന്‍ തമ്പ്രാക്കളുടെ അതിക്രമങ്ങള്‍ വ്യക്തമായി മനസ്സിലാക്കുമ്പോഴും അതിനെ പ്രതിരോധിക്കാനാകാതെ എന്തതിക്രമത്തിനും വിധേയനായി നിന്നുകൊടുക്കുന്ന പേടി ബാധിച്ച സാധാരണക്കാരന്റെ നില എന്തെന്നുകൂടി വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു പേടി ഗുജറാത്തിലെങ്ങും നരേന്ദ്ര മോഡിയോടും കാവി പരിവാരത്തോടും ജനങ്ങള്‍ക്കാണ്. എന്തിന് ഗുജറാത്തില്‍ ബി ജെ പി പോലും ഇല്ല, നരേന്ദ്ര മോഡി മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ ഗുജറാത്ത് ബി ജെ പി പ്രസിഡന്റ് ആരാണെന്ന് ചോദിച്ചാല്‍ നമുക്ക് ആ പേര് ഓര്‍മവരില്ല. അത്രമേല്‍ നരേന്ദ്ര മോഡി എന്ന ഏകാധിപതി താനൊഴിച്ച് എല്ലാവരെയും പൊതുമണ്ഡലത്തില്‍ തമസ്‌കരിച്ചിരിക്കുന്നു. ഇന്ത്യ എന്നാല്‍ ഇന്ദിര എന്ന് പറഞ്ഞിരുന്ന പോലെ ഗുജറാത്തെന്നാല്‍ മോഡി എന്ന് പറയാവുന്ന സ്ഥിതി ഇപ്പോഴുണ്ടെങ്കിലും മോഡി എന്നാല്‍ ഭാരതം എന്ന് പറയാവുന്ന സ്ഥിതി ഇല്ല. അത് തെളിയിക്കാന്‍ ഒരൊറ്റ പരീക്ഷണം നടത്തിയാല്‍ മതി. ഗുജറാത്തുള്‍പ്പെടെ ഏത് സംസ്ഥാനത്തെ നിയോജകമണ്ഡലത്തില്‍ മത്സരിച്ചാലും സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ കുറഞ്ഞ ഭൂരിപക്ഷത്തോടെയാണെങ്കിലും തിരഞ്ഞെടുക്കപ്പെടും.
പക്ഷേ ഗുജറാത്തൊഴിച്ച് മറ്റെവിടെ മത്സരിച്ചാലും നരേന്ദ്ര മോഡി ജയിക്കുമെന്ന് തീര്‍ച്ച പറയാനാകില്ല! പരീക്ഷണാര്‍ഥം നരേന്ദ്ര മോഡി ഒ രാജഗോപാല്‍ മത്സരിച്ച തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഒന്നു മത്സരിച്ച് നോക്കട്ടെ; അപ്പോള്‍ വിവരം അറിയും. ഗുജറാത്ത് ഭാരതത്തിലാണെങ്കിലും ഭാരതം ഗുജറാത്തല്ല എന്നതിനാല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഇന്നത്തെ നിലയില്‍ ഇല്ലെന്നു തന്നെ പറഞ്ഞുവെക്കട്ടെ. ജനങ്ങള്‍ പേടിമാറി ആത്മവിശ്വാസത്തോടെ പ്രതികരിക്കാന്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയെ ചെറുക്കാന്‍ ജയപ്രകാശ് നാരായണനും മറ്റും രംഗത്ത് വന്നതു പോലെ വിശ്വാസയോഗ്യരായ സുധീര നേതൃത്വങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അത്തരമൊരു നേതൃത്വം ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഇല്ലാതെ പോയതുകൊണ്ടാണ് നരേന്ദ്ര മോഡി ‘സിന്ദാബാദ്’ മാത്രം കേട്ട് വാണരുളുന്നതിന് ഇടവരുത്തിയത്! പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി ചെയ്തത് പോലെ ചെയ്യാനെങ്കിലും കഴിവുള്ള ഒരു നേതാവ് ഗുജറാത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നെങ്കില്‍ നരേന്ദ്ര മോഡി ഇപ്പോള്‍ ജയിലിനികത്തോ അല്ലെങ്കില്‍ ഏതെങ്കിലും ആര്‍ എസ് എസ് കാര്യാലയത്തിന്റെ ആളൊഴിഞ്ഞ ചായ്പിലോ കഴിയാനിട വന്നേനെ!

ALSO READ  പ്രധാനമന്ത്രി നാളെ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും