Connect with us

International

ഡ്രോണ്‍: യു എസുമായി കരാറുണ്ടാക്കിയില്ലെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: രാജ്യത്തിന്റെ ഗോത്രവര്‍ഗ മേഖലയില്‍ ഡ്രോണ്‍ (ആളില്ലാ വിമാന) ആക്രണമണങ്ങള്‍ നടത്താന്‍ പാക് അധികൃതര്‍ അമേരിക്കക്ക് രഹസ്യ അനുമതി നല്‍കിയിരുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം. അത്തരം യാതൊരു കരാറും ഇല്ലെന്നും വെറും ഊഹങ്ങളെ അടിസ്ഥാനമാക്കിയുള്ള വാര്‍ത്തയാണ് അതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഡ്രോണ്‍ ആക്രമണങ്ങള്‍ ശരിയല്ലെന്ന് തന്നെയാണ് നിലപാട്. അത് പാക്കിസ്ഥാന്റെ പരാമാധികാരവും അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്നു- വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങളുടെ നിയമസാധുത ഇന്ന് ആഗോളതലത്തില്‍ സംവാദവിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡ്രോണ്‍ (പൈലറ്റില്ലാ വിമാന) ആക്രമണങ്ങളുടെ കാര്യത്തില്‍ പാക്കിസ്ഥാനും അമേരിക്കയും രഹസ്യധാരണയിലെത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പാക് അധികാരികള്‍ സമ്മതം നല്‍കിയെന്നും ആണവ കേന്ദ്രങ്ങളുടെ പരിസരത്ത് ആക്രമണം പാടില്ലെന്ന് മാത്രമായിരുന്നു പ്രധാന നിബന്ധനയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പാക് ചാരസംഘടനയായ ഐ എസ് ഐയുടെയും യു എസ് ചാരസംഘടനയായ സി ഐ എയുടെയും ഉന്നതര്‍ തമ്മില്‍ 2004ലാണ് കരാറിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Latest