Connect with us

Articles

കര്‍ണാടക കാത്തിരിക്കുന്നത്

Published

|

Last Updated

 രണ്ടാം യു പി എ സര്‍ക്കാര്‍ പിരിച്ചുവിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തോടെ നടന്നേക്കാന്‍ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. ചരിത്രം പരിശോധിക്കുമ്പോള്‍ ദേശീയതലത്തില്‍ വീശിയ കാറ്റിന് നേരെ വിപരീതമായാണ് കര്‍ണാടക എന്നും സഞ്ചരിച്ചിട്ടുള്ളത്. രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ 1985ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിലെത്തിയപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടക ജനത അധികാരത്തിലേറ്റിയത് രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള ജനതാ സര്‍ക്കാറിനെയാണ്. 1989ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനെ കര്‍ണാടക മാറോടണച്ചു. 94ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയ ദേവെ ഗൗഡ 96ല്‍ പ്രധാനമന്ത്രിയായത് മാത്രമാണ് ഇതിനൊരു അപവാദം. ചരിത്രത്തിലെ ഈ പട്ടിക അപൂര്‍ണമാണ്. ഈ പട്ടികയില്‍ ഒരു തിരുത്തലാകുമോ ഇത്തവണത്തെ തിരഞ്ഞെടുപ്പ് എന്നേ ഇനി അറിയേണ്ടതുള്ളൂ.

കര്‍ണാടകയില്‍ നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നിട്ട് അധിക നാളായിട്ടില്ല. അതിന്റെ അലയൊലികള്‍ അടങ്ങും മുമ്പാണ് മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണകക്ഷിയായ ബി ജെ പിയെ പിന്തള്ളി മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭൂരിഭാഗം സീറ്റുകളും നേടി വന്‍ മുന്നേറ്റമാണ് നഗരസഭാ തിരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. ബി ജെ പിക്കൊപ്പം രണ്ടാം സ്ഥാനത്താണ് പ്രതിപക്ഷ കക്ഷിയായ ജനതാദള്‍ സെക്കുലറും ഫിനിഷ് ചെയ്തത്. ചിലയിടങ്ങളിലെങ്കിലും ബി ജെ പിയുടെ വോട്ട് നഷ്ടപ്പെടുത്താന്‍ സാധിച്ചതൊഴിച്ചാല്‍ ബി ജെ പി വിട്ട യഡിയൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടിക്കും ബി ശ്രീരാമുലുവിന്റെ ബി എസ് ആര്‍ കോണ്‍ഗ്രസിനും കാര്യമായ മുന്നേറ്റം നടത്താനായിട്ടില്ല. പക്ഷേ, ബി ജെ പിക്ക് സ്വാധീനമുള്ള ചില നഗര വാര്‍ഡുകളില്‍ കെ ജെ പി ഒന്നാം സ്ഥാനത്തെത്തുകയും കോണ്‍ഗ്രസിന് പിറകില്‍ ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തത് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ അല്‍പ്പം ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുന്നത്.
2004ലെ തൂക്കുസഭയില്‍ നിന്ന് 2008ല്‍ എത്തുമ്പോള്‍ 110 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് (കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റിന്റെ കുറവ്) ബി ജെ പി കര്‍ണാടകയില്‍ അധികാരം പിടിച്ചത്. കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനം അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ബി ജെ പിക്കൊപ്പം തന്നെയാണ് കോണ്‍ഗ്രസും. എണ്‍പത് സീറ്റ് നേടിയ കോണ്‍ഗ്രസ് 33.86 ശതമാനം വോട്ട് സ്വന്തമാക്കിയപ്പോള്‍ ബി ജെ പിക്ക് ലഭിച്ചത് 34.59 ശതമാനം വോട്ടാണ്. ജനതാദള്‍ സെക്കുലര്‍ (28 സീറ്റ്) 19.11 ശതമാനം വോട്ടും നേടി.

പ്രാദേശിക പാര്‍ട്ടികളുടെ പിറവി
കോണ്‍ഗ്രസ്, ബി ജെ പി, ജനതാദള്‍ സെക്കുലര്‍ എന്നീ മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ് സമീപ കാലത്ത് വരെ കര്‍ണാടകയില്‍ ഉണ്ടായിരുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രാദേശിക പാര്‍ട്ടികള്‍ക്ക് (ജെ ഡി എസ് ഒഴിച്ചുനിര്‍ത്തിയാല്‍) കാര്യമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിലൊന്നല്ല കര്‍ണാടക. എന്നാല്‍, ഇത്തവണ സ്ഥിതി മറിച്ചാണ്. ഭരണകക്ഷിയായ ബി ജെ പി ചെറുതായെങ്കിലും മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ ആദ്യമായി വന്‍ വിജയം നേടി ബി ജെ പി അധികാരം പിടിച്ച സംസ്ഥാനമാണ് കര്‍ണാടക. അന്ന് പാര്‍ട്ടിയുടെ ചുക്കാന്‍ പിടിച്ച യഡിയൂരപ്പ ഇത്തവണ കര്‍ണാടക ജനതാ പാര്‍ട്ടിയുമായി (കെ ജെ പി) പടയൊരുക്കം നടത്തുകയാണ്. ബി ജെ പിയില്‍ നിന്ന് പുറത്തുപോയ ബി ശ്രീരാമുലുവിന്റെ നേതൃത്വത്തിലുള്ള ബഡവര ശ്രമികര റയ്ത്തര (ബി എസ് ആര്‍) കോണ്‍ഗ്രസും ഇത്തവണ മത്സരരംഗത്തുണ്ട്.

അഴിമതിയും പിളര്‍പ്പും കോണ്‍ഗ്രസിന് തുണ
ജനപ്രീതിയുള്ള നേതൃത്വമില്ലാത്തത് കോണ്‍ഗ്രസിനെ വലയ്ക്കുന്നുണ്ടെങ്കിലും ഭരണവിരുദ്ധ വികാരത്തിലുപരിയായി ബി ജെ പിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് ഇതുവരെ തുണച്ചതെന്നും ഇനി തുണക്കുകയെന്നും കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിനിടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും അഴിമതിയും കാരണം മൂന്ന് മുഖ്യമന്ത്രിമാരാണ് കര്‍ണാടകയില്‍ പിറന്നത്. ബി ജെ പിയുടെ നെടുംതൂണായിരുന്ന യഡിയൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതോടെ ഡി വി സദാനന്ദ ഗൗഡയും അതിന് ശേഷം ജഗദീഷ് ഷെട്ടറുമാണ് മുഖ്യമന്ത്രിപദം അലങ്കരിച്ചത്. കോണ്‍ഗ്രസാണ് മുഖ്യ എതിര്‍കക്ഷിയെങ്കിലും ബി ജെ പിയെ ഇന്ന് ഏറ്റവുമധികം അലട്ടുന്നത് യഡിയൂരപ്പയായിരിക്കും. ആദ്യ നിയമസഭാ മത്സരത്തില്‍ വലിയ സീറ്റ് നേട്ടമൊന്നും കെ ജെ പി പ്രതീക്ഷിക്കുന്നുണ്ടാകില്ല. അങ്ങനെയാണെങ്കിലും ബി ജെ പിക്ക് ലഭിക്കേണ്ട സീറ്റുകളില്‍ പലതും നഷ്ടപ്പെടുത്താന്‍ കെ ജെ പിക്ക് സാധിക്കുമെന്നുറപ്പാണ്. ഷിമോഗ ജില്ലയിലെ തന്റെ പരമ്പരാഗത മണ്ഡലമായ ഷിക്കരിപൂരില്‍ നിന്നാണ് യഡിയൂരപ്പ ഇത്തവണയും മത്സരിക്കുന്നത്. ബി ജെ പി ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈശ്വരപ്പയായിരിക്കും യഡിയൂരപ്പക്കെതിരെ രംഗത്തിറങ്ങുക.
യഡിയൂരപ്പ പിടിക്കുന്ന വോട്ടിലുപരിയായി മന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബി ജെ പിയെ പിടിച്ചുലക്കുന്നുണ്ട്. ഡിസംബറിലാണ് യഡിയൂരപ്പ പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്തത്. തുടക്കത്തില്‍ തന്നെ പത്തോളം എം എല്‍ എമാരും മൂന്ന് മന്ത്രിമാരുമാണ് ബി ജെ പി വിട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും കൊഴിഞ്ഞുപോക്ക് തുടര്‍ന്നത് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതില്‍ കാലതാമസത്തിനിടയാക്കി. മന്ത്രിമാരിലും എം എല്‍ എമാരിലും ആരൊക്കെ ഇനി പാര്‍ട്ടി വിടുമെന്ന് ബി ജെ പി സംസ്ഥാന നേതൃത്വത്തിനു പോലും യാതൊരു ഉറപ്പുമില്ലെങ്കിലും അതത്ര ഗൗരവമുള്ള പ്രശ്‌നമല്ലെന്ന നിലപാടാണ് പുറമേക്ക് സ്വീകരിക്കുന്നത്.
അനധികൃത ഖനന കേസില്‍ ജയിലിലായ ജനാര്‍ദന റെഡ്ഢിയുടെ വിശ്വസ്തനായ ബി ജെ പി മുന്‍ മന്ത്രി ബി ശ്രീരാമുലുവിന്റെ ശക്തികേന്ദ്രമാണ് ബെല്ലാരിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രദേശത്ത് മുന്നേറ്റം നടത്താന്‍ സാധിക്കാത്തത് ബി എസ് ആര്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. ജെ ഡി എസുമായി സഖ്യമുണ്ടാക്കാന്‍ ശ്രീരാമുലു ശ്രമം നടത്തിയെങ്കിലും ദേവെ ഗൗഡയുടെ ശക്തമായ എതിര്‍പ്പ് മൂലം സഖ്യശ്രമങ്ങള്‍ മുളയിലേ വൃഥാവിലായി.
അഴിമതിയില്‍ കുളിച്ച സര്‍ക്കാറാണ് കേന്ദ്രത്തിലുള്ളത്. 2ജി സ്‌പെക്ട്രം മുതല്‍ അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാട് വരെ അത് നീളുന്നു. എന്നാല്‍, ഇത് ഫലപ്രദമായി ഉയര്‍ത്തിക്കാണിക്കാന്‍ ബി ജെ പിക്ക് സാധിക്കുന്നില്ല. ഉപമുഖ്യമന്ത്രിയായ കെ എസ് ഈശ്വരപ്പ, മന്ത്രി ആര്‍ അശോക എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ബി ജെ പിയെ പ്രതിരോധത്തിലാക്കുന്നു. അഴിമതിക്കെതിരെ ശക്തമായ നിലപാടുമായി ബി ജെ പി കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നുവെങ്കിലും കര്‍ണാടക വിഷയം കോണ്‍ഗ്രസ് ഉയര്‍ത്തിയതോടെ അഡ്വാനിയുടെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിന്റെയും നാക്ക് ഉള്‍വലിയുന്ന കാഴ്ചയാണ് കണ്ടത്.

MODIമോഡി രക്ഷയാകുമോ?
നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. അതിനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിപ്രഭാവം തുണയ്ക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പ്രഹ്ലാദ് ജോഷിയും ജഗദീഷ് ഷെട്ടറും കരുതുന്നത്. ആറ് വര്‍ഷത്തിനു ശേഷം പാര്‍ട്ടിയുടെ നയരൂപവത്കരണ സമിതിയായ പാര്‍ലിമെന്ററി ബോര്‍ഡിലേക്കും സ്ഥാനാര്‍ഥി നിര്‍ണയ സമിതിയിലേക്കും തിരിച്ചെത്തിയ വേളയിലാണ് മോഡി കര്‍ണാടകയില്‍ പ്രചാരണത്തിനെത്തുന്നത്. ബി ജെ പിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചെങ്കിലും മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനിയും മോഡിയും വിട്ടുനിന്നത് ബി ജെ പി ക്യാമ്പിലെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസ് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയും കര്‍ണാടകയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള മോഡിയും രാഹുലും തമ്മിലുള്ള പോരാട്ടമാണിതെന്ന് വിലയിരുത്തപ്പെടുമ്പോഴും കോണ്‍ഗ്രസ് ഇക്കാര്യം നിഷേധിച്ച് തലയൂരുകയാണ്.
karnadaka2ജാതിയുടെ രാഷ്ട്രീയം
വിവിധ സാമുദായിക ശക്തികളെ മാറ്റി നിര്‍ത്തിയാല്‍ കര്‍ണാടകയില്‍ രാഷ്ട്രീയമില്ല എന്ന് പറയുന്നതായിരിക്കും ശരി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് കര്‍ണാടകയിലെ ജാതി രാഷ്ട്രീയം. പ്രമുഖ വോട്ട് ബേങ്കായ ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് കര്‍ണാടകയുടെ ഭരണം. ഇവര്‍ക്കൊപ്പം പേരിന് പിന്നാക്ക വിഭാഗങ്ങളും, ബന്‍ജാര, നായക്, കുറുംബ തുടങ്ങിയവരും കൂടി ചേരുമ്പോള്‍ ജാതി സമവാക്യങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ തവണ ബി ജെ പിയെ അധികാരത്തിലെത്തിച്ചത് 22 ശതമാനം വരുന്ന ലിംഗായത്ത് വിഭാഗത്തിന്റെ വോട്ട് ബേങ്കാണ്. എന്നാല്‍, ഇത്തവണ ബി ജെ പിക്ക് ഈ വോട്ട് ബേങ്കില്‍ മുഴുവന്‍ പ്രതീക്ഷയുമില്ല. ബി ജെ പി വിട്ട ലിംഗായത്ത് നേതാവ് യഡിയൂരപ്പ ഇതില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു. ലിംഗായത്ത് സമുദായക്കാരനായ ജഗദീഷ് ഷെട്ടറെ സദാനന്ദ ഗൗഡക്ക് ശേഷം മുഖ്യമന്ത്രിയായി ബി ജെ പി അവരോധിച്ചതിനു പിന്നിലും വീഴ്ചയുടെ ആഴം കുറയ്ക്കുക എന്ന ലക്ഷ്യം മാത്രമാണ്.
പതിനെട്ട് ശതമാനമാണ് വൊക്കലിഗയുടെ വോട്ടിംഗ് ശതമാനം. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെ ഗൗഡയുടെ ജെ ഡി എസിനൊപ്പമാണ് ഇവരില്‍ ഭൂരിഭാഗവും. കോണ്‍ഗ്രസിനും സദാനന്ദ ഗൗഡയിലൂടെ ഇതില്‍ ചെറിയൊരു ശതമാനം ബി ജെ പിക്കും പോകും. ഒ ബി സി, എസ് സി, എസ് ടി, കുറുംബ വിഭാഗങ്ങള്‍ക്കെല്ലാം ചേര്‍ന്ന് 32 ശതമാനമുണ്ട്. പരമ്പരാഗതമായി ഇവര്‍ കോണ്‍ഗ്രസിനൊപ്പമാണ്. കുറുംബ വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് കളിക്കുന്നത്. സവര്‍ണ വിഭാഗത്തിന്റെയും ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും വോട്ടുകള്‍ ബി ജെ പിക്കും കോണ്‍ഗ്രസിനുമായി വിഭജിക്കപ്പെടും. ബന്‍ജാര വിഭാഗത്തിന്റെ വോട്ട് കോണ്‍ഗ്രസിനും കെ ജെ പിക്കുമായി ലഭിക്കുമ്പോള്‍ പത്ത് ശതമാനത്തില്‍ താഴെ വരുന്ന നായക് വോട്ടായിരിക്കും ശ്രീരാമുലു ലക്ഷ്യമിടുന്നത്. വോട്ടുകള്‍ ഇങ്ങനെ വിഭജിക്കപ്പെടുമ്പോള്‍ പതിമൂന്ന് ശതമാനത്തോളം വരുന്ന മുസ്‌ലിം വോട്ട് കൂടുതല്‍ നിര്‍ണായകമാകും. കോണ്‍ഗ്രസിനും ജെ ഡി എസിനുമൊപ്പം സംഘ്പരിവാറിന്റെ ഗന്ധം പൂര്‍ണമായും മാറാത്ത കെ ജെ പിയും ഇതില്‍ പങ്ക് പറ്റാനുള്ള ശ്രമത്തിലാണ്. മുസ്‌ലിം സ്ഥാനാര്‍ഥികളുടെ പേരുകള്‍ കൂടുതലായി ഉള്‍പ്പെടുത്തി പാര്‍ട്ടികള്‍ അവരുടെ ആദ്യ ഘട്ട പട്ടിക പുറത്തിറക്കിയതിനു പിന്നിലെ ലക്ഷ്യവും മുസ്‌ലിം വോട്ടുകളാണ്.

---- facebook comment plugin here -----

Latest