ശിയാ വിഭാഗത്തിനെതിരെ അക്രമണം-പ്രക്ഷോപം ശക്തമാകുന്നു.

Posted on: February 19, 2013 8:50 am | Last updated: February 19, 2013 at 12:01 pm

ക്വറ്റ: ശിയാ വിഭാഗക്കാര്‍ക്കെതിരെ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനില്‍ ശിയാക്കള്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്നു. കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന മുന്നറിയിപ്പുമായാണ് പ്രക്ഷോഭം. സൈന്യം ക്വറ്റയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തേണ്ടതില്ലെന്നാണ് ശിയാക്കളുടെ തീരുമാനം. ക്വറ്റയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹസാറ നഗരത്തിലെ കിരാനി റോഡിലാണ് സ്‌ഫോടനം നടന്നത്.
മജ്‌ലിസ് ഇ വഹ്ദത്ത് ഇ മുസ്‌ലിമീന്‍, ഹസറ ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച് ഡി പി) എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം തുടരുന്നത്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ എച്ച് ഡി പി സര്‍ക്കാറിന് 48 മണിക്കൂര്‍ അന്ത്യശാസനം നല്‍കി. ക്വറ്റയുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുക, ശിയാക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയുക എന്നീ ആവശ്യങ്ങളായി ആയിരങ്ങള്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ച് കിട്ടുന്നതുവരെ തീരുമാനത്തില്‍ നിന്ന് പിന്തിരിയേണ്ടതില്ലെന്നാണ് പ്രക്ഷോഭകരുടെ തീരുമാനം.
സ്‌ഫോടനത്തിന് പിറകെ ബലൂചിസ്ഥാന്‍ ഗവര്‍ണറായ സുല്‍ഫിക്കല്‍ മഗ്‌സി പാക് സുരക്ഷാ വിഭാഗങ്ങളെയും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരം നിര്‍ദാക്ഷീണ്യമായ തീവ്രവാദ ആക്രമണങ്ങള്‍ തടയുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് തീര്‍ത്തും പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്‌ഫോടനത്തിന് പിന്നില്‍ ശിയാ വിരുദ്ധ ഗ്രൂപ്പായ ലശ്കറെ ജംഗ്‌വിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തെ പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരിയും പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്‌റഫും അപലപിച്ചു.
ജനുവരി 10ന് ക്വറ്റയില്‍ നടന്ന ആക്രമണത്തില്‍ 106 പേര്‍ കൊല്ലപ്പെടുകയും 150ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ഹസറ ശിയാക്കള്‍ക്കെതിരെ ക്വറ്റയില്‍ നടന്ന ആക്രമണങ്ങളില്‍ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടിട്ടുള്ളത്.