Connect with us

Kerala

എയര്‍ഗണ്ണുമായി കോന്നിയില്‍ യുവാക്കള്‍ അഴിഞ്ഞാടിയ സംഭവം; സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച യുവാക്കളെ വീണ്ടും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു

പോലീസ് പിസ്റ്റളിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയും വീട് തുറന്നു പരിശോധിച്ചതില്‍ എയര്‍പിസ്റ്റള്‍ കൂടാതെ ഒരു ഗിറ്റാറും മോഷണം പോയതായി മനസ്സിലാക്കുകയും ചെയ്തു

Published

|

Last Updated

കോന്നി |  മോഷ്ടിച്ച എയര്‍ഗണ്ണുമായി കോന്നി ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച യുവാക്കളെ വീണ്ടും അറസ്റ്റ് ചെയ്തു. യുവാക്കള്‍ റിമാന്‍ഡില്‍. കോന്നി അരുവാപുലം ഊട്ടുപാറ ഷോണ്‍ വില്ലയില്‍ ഷോണ്‍ തോമസ് (19), ഊട്ടുപാറ തൂംകുഴിയില്‍ വീട്ടില്‍ സജിന്‍ വര്‍ഗീസ്(19) എന്നിവരെയാണ് കോന്നി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ കയ്യില്‍ ഒരു എയര്‍ ഗണ്ണുമായി ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് യുവാക്കള്‍ കോന്നി ടൗണില്‍ അഴിഞ്ഞാടിയത്.

വിവരമറിഞ്ഞ് കോന്നി എസ് ഐ ഷൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ കയ്യില്‍ നിന്ന് ഒരു എയര്‍ പിസ്റ്റളും പിടിച്ചെടുത്തു. തുടര്‍ന്ന് യുവാക്കളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് ഊട്ടുപാറയിലെ ഒരു വീട്ടില്‍ നിന്ന് മോഷ്ടിച്ചെടുത്തതാണ് എന്ന് മനസ്സിലാകുന്നത്. തുടര്‍ന്ന് പോലീസ് പിസ്റ്റളിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയും വീട് തുറന്നു പരിശോധിച്ചതില്‍ എയര്‍പിസ്റ്റള്‍ കൂടാതെ ഒരു ഗിറ്റാറും മോഷണം പോയതായി മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ രാത്രിയോടെ യുവാക്കളെ വീണ്ടും അറസ്റ്റ് ചെയ്തു. സ്റ്റേഷനില്‍ എത്തിച്ച ഇവരെ മോഷണം നടന്ന വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കോന്നി എസ് എച്ച് ഒ രതീഷ്, എസ് ഐമാരായ ഷൈജു, അഭിലാഷ്, എസ് സി പി ഒമാരായ ബിജു, സുനില്‍, സി പി ഒമാരായ അഖില്‍, ജോമോന്‍, സന്തോഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി യുവാക്കളെ റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest