Connect with us

articles

ഒടുവിൽ നിങ്ങൾ എന്ത് നേടി ?

സൈനിക നിരയിലെ വൻ ആൾനാശം നെതന്യാഹുവിനെയും വാർ ടൈം ക്യാബിനറ്റിനെയും സമ്മർദത്തിലാക്കിയിട്ടുണ്ട്. ഇനിയിപ്പോൾ ഒറ്റ വഴിയേ ഉള്ളൂ. വെടിനിർത്തുക, രക്ഷപ്പെടുക. ഇങ്ങനെ സാധ്യമാകുന്ന വെടിനിർത്തൽ തത്കാലം ആശ്വാസകരമാണെങ്കിലും എത്ര നാൾ? അധിനിവേശത്വര ഒരിക്കലും അവസാനിപ്പിച്ചിട്ടില്ലാത്ത ഇസ്‌റാഈലും അതിന് കൂട്ടുനിൽക്കാൻ അമേരിക്കൻ ചേരിയും കടലാസ് വിലയില്ലാത്ത യു എന്നും ലോകം മുഴുവൻ പാടി നടക്കാൻ തോറാ പഴങ്കഥകളുമുള്ളപ്പോൾ ഫലസ്തീൻ ജനതയുടെ ഭാവി എങ്ങനെ സുരക്ഷിതമാകും?

Published

|

Last Updated

ചരിത്രം എത്ര ക്രൂരമായാണ് ആവർത്തിക്കുന്നത്. ഫലസ്തീനെ കുറിച്ചുള്ള വാർത്തകളിൽ ഒരിക്കൽ കൂടി വെടിനിർത്തലെന്ന വാക്ക് നിറഞ്ഞു തുടങ്ങിയിരിക്കുന്നു. മാനുഷിക സഹായമെത്തിക്കാൻ സംവിധാനമൊരുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന യു എൻ രക്ഷാ സമിതി പ്രമേയം പാസ്സാക്കാൻ യു എസ് കനിഞ്ഞിരിക്കുന്നു. പൂർണ വെടിനിർത്തൽ ആവശ്യപ്പെട്ടായിരുന്നു ആദ്യം കൊണ്ടുവന്ന പ്രമേയം. ആ പ്രമേയത്തിലെ ശക്തമായ വാക്കുകൾ മുഴുവൻ വെട്ടിത്തിരുത്തി നശിപ്പിച്ച ശേഷമാണ് അമേരിക്ക വീറ്റോ അധികാരം പ്രയോഗിക്കുന്നതിൽ നിന്ന് തത്കാലം വിട്ടുനിന്നത്. മാനവരാശി കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരമായ മനുഷ്യക്കുരുതി നടത്തിയിട്ടും ഇസ്‌റാഈലിനെതിരെ തറപ്പിച്ചൊന്ന് നോക്കാൻ പോലും ത്രാണിയില്ല ലോകപോലീസിന്. ആ നട്ടെല്ലില്ലായ്മയാണ് പ്രമേയം തിരുത്തിക്കുന്നതിൽ തെളിഞ്ഞത്. ‘ഇസ്‌റാഈലിന് നൽകിയ സമയം കഴിഞ്ഞു, ലോകം എല്ലാം കാണുന്നുണ്ട്’ എന്നൊക്കെ മൊഴിഞ്ഞ ആന്റണി ബ്ലിങ്കനും നെതന്യാഹുവിനെ ചെറുതായൊന്ന് ശാസിച്ചുവെന്ന് വരുത്തിയ പ്രസിഡന്റ് ജോ ബൈഡനും യു എൻ രക്ഷാ സിമിതിയിലെ നാണം കെട്ട നയതന്ത്രത്തിന് എന്ത് മറുപടി പറയും? ഈജിപ്തിന്റെ മാധ്യസ്ഥ്യത്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾ ഫലപ്രാപ്തിയിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. കാരണം ബന്ദികളെ വിട്ടുകിട്ടാതെ നെതന്യാഹുവിന് ഇസ്‌റാഈലിൽ പുറത്തിറങ്ങി നടക്കാനാകില്ല. സൈനിക നിരയിലെ വൻ ആൾനാശം അദ്ദേഹത്തെയും വാർ ടൈം ക്യാബിനറ്റിനെയും സമ്മർദത്തിലാക്കിയിട്ടുണ്ട്. ഇനിയിപ്പോൾ ഒറ്റ വഴിയേ ഉള്ളൂ. വെടിനിർത്തുക, രക്ഷപ്പെടുക. ഇങ്ങനെ സാധ്യമാകുന്ന വെടിനിർത്തൽ തത്കാലം ആശ്വാസകരമാണെങ്കിലും എത്ര നാൾ? അധിനിവേശത്വര ഒരിക്കലും അവസാനിപ്പിച്ചിട്ടില്ലാത്ത ഇസ്‌റാഈലും അതിന് കൂട്ടുനിൽക്കാൻ അമേരിക്കൻ ചേരിയും കടലാസ് വിലയില്ലാത്ത യു എന്നും ലോകം മുഴുവൻ പാടി നടക്കാൻ തോറാ പഴങ്കഥകളുമുള്ളപ്പോൾ ഫലസ്തീൻ ജനതയുടെ ഭാവി എങ്ങനെ സുരക്ഷിതമാകും?

20,000ത്തിലേറെ മനുഷ്യർ മരിച്ചുവെന്നാണ് ഇപ്പോൾ മുന്നിലുള്ള കണക്ക്. കുഞ്ഞുങ്ങളാണ് ഭൂരിഭാഗവും. ആശുപത്രിയിൽ കഴിഞ്ഞവർ പോലും ബാക്കിയായില്ല. മുറിവോടെ മരിച്ചവരാണവർ. പലായനത്തിനിറങ്ങിയ മനുഷ്യർ കൂടെക്കൂട്ടാൻ സാധിക്കാത്ത ഭിന്ന ശേഷിക്കാരെയും വൃദ്ധ ജനങ്ങളെയും മാനസിക വെല്ലുവിളിനേരിടുന്നവരെയുമെല്ലാം വീട്ടിലിരുത്തിയാണ് പുറപ്പെട്ടു പോയത്. അവരെല്ലാം തകർക്കപ്പെട്ട കെട്ടിടങ്ങൾക്കകത്ത് ഒടുങ്ങിപ്പോയിട്ടുണ്ട്. വടക്കൻ ഗസ്സയിൽ നിന്ന് തെക്കൻ ഗസ്സയിലേക്ക് ഒഴിഞ്ഞു പോകണമെന്ന ഇസ്‌റാഈൽ സൈന്യത്തിന്റെ ആക്രോശം കേട്ടിറങ്ങിയ മനുഷ്യർ കരൾപിളരും വേദനയോടെയാണ് പുറപ്പാടിനിറങ്ങിയത്. എന്നിട്ടും പാതിവഴിയിൽ അവർ ആക്രമിക്കപ്പെട്ടു. തെക്കൻ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഫലസ്തീനികൾ കഴിയുന്ന മുഴുവനിടങ്ങളിലും ബോംബ് വർഷിച്ചു. ഇസ്‌റാഈൽ ഡിഫൻസ് ഫോഴ്‌സും രാഷ്ട്രീയ നേതൃത്വവും മരണം ആഘോഷിച്ചു. എന്തിനുവേണ്ടി? നെതന്യാഹുവെന്ന ഭരണാധികാരിയുടെ കസേര സംരക്ഷിക്കാൻ വേണ്ടി മാത്രം. അധികാര നഷ്ടത്തിന്റെ വക്കിലെത്തി നിന്ന അദ്ദേഹം ഹമാസിന്റെ ഒക്‌ടോബർ ഏഴ് ആക്രമണത്തെ അവസരമായെടുക്കുകയായിരുന്നു. രാഷ്ട്രീയ സയണിസത്തിന്റെ ദീർഘകാല വംശഹത്യാ പദ്ധതിയുടെ ഒരു അധ്യായമാണ് ഗസ്സാ കൂട്ടക്കുരുതി. വെടിനിർത്തൽ ചർച്ചക്കിടയിലും അത് തുടരുകയാണ്.

പക്ഷേ, ചരിത്രവും വർത്തമാനവും നെതന്യാഹുവിനോടും അദ്ദേഹത്തിന്റെ സയണിസ്റ്റ് തീവ്രവാദി മന്ത്രിമാരോടും ഒരു ചോദ്യം ചോദിക്കും: ഒടുവിൽ നിങ്ങൾ എന്ത് നേടി, നിങ്ങളുടെ ഉറക്കത്തിൽ നിറയുന്ന കുഞ്ഞു മയ്യിത്തുകളല്ലാതെ? പ്ലാൻ എയും ബിയും പൊളിഞ്ഞ് പരിഹാസ്യനായ നെതന്യാഹുവാണ് അവശേഷിക്കുന്നത്. ഹമാസിനെ മുച്ചൂടും മുടിക്കുമെന്നായിരുന്നു ആദ്യത്തെ പ്രഖ്യാപനം. കാരണം ഒക്‌ടോബർ ഏഴിലെ ആക്രമണം ഇസ്‌റാഈലിന്റെ ചരിത്രത്തിലെ ഏറ്റവും കനത്ത പ്രഹരമായിരുന്നു. എന്നാൽ ഹമാസ് മുടിഞ്ഞോ? ഇല്ലെന്ന് മാത്രമല്ല, ആ സംഘത്തിന് ബന്ധുബലം കൂടുകയാണ് ചെയ്തത്. ബന്ദികളെ സംരക്ഷിക്കുന്നതിലും വിലപേശുന്നതിലും അവർ കൂടുതൽ ശക്തരായിരിക്കുന്നുവെന്നു വേണം വിലയിരുത്താൻ. ഒക്‌ടോബർ ഏഴിലെ ഉള്ളതും ഇല്ലാത്തതുമായ ദൃശ്യങ്ങൾ കാണിച്ച് ഇസ്‌റാഈൽ ഭരണകൂടവും സയണിസ്റ്റ് ലോബിയും ലോകത്തെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത് ഇത് തീവ്രവാദവിരുദ്ധ യുദ്ധമായാണ്. തുടക്കത്തിൽ ഈ നരേറ്റീവിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു. പക്ഷേ, ഏതാനും ദിവസം പിന്നിട്ടപ്പോൾ തന്നെ ചിത്രം മാറി. ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും സർവ പ്രൊപ്പാഗണ്ട മെഷീനുകളെയും നിലംപരിശാക്കി ബദൽ മാധ്യമങ്ങൾ സജീവമായി. ഇസ്‌റാഈൽ കൊല്ലുന്നത് സിവിലിയൻമാരെ മാത്രമാണെന്ന് വ്യക്തമായി. 2005ൽ ഒഴിഞ്ഞു പോകാൻ നിർബന്ധിതരായ ഗസ്സയിൽ അധികാരം തിരിച്ചു പിടിക്കാനുള്ള അധിനിവേശ ആക്രമണം (വാർ ഓഫ് ഒക്യുപേഷൻ) ആണിതെന്നും വെളിപ്പെട്ടു. കുഞ്ഞുങ്ങളെയും ഉമ്മമാരെയും ഗർഭിണികളെയും കൊന്ന് തള്ളിയിട്ട് ഏത് ഹമാസിനെയാണ് നിങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന ചോദ്യം ഉത്തരമില്ലാതെ അലഞ്ഞു.

ഹമാസ് ഒരു സൈനിക വിഭാഗമല്ല. അത് അന്താരാഷ്ട്ര സഹായമുള്ള ഒരു സായുധ സംഘമാണ്. സന്നദ്ധ പ്രവർത്തനത്തിലൂടെയും രാഷ്ട്രീയ പ്രയോഗത്തിലൂടെയും ഏറ്റവും താഴേത്തട്ടിൽ വരെ വേരുകളുണ്ടാക്കിയവരാണവർ. ഗസ്സയിലുടനീളം ഹമാസ് ഒളിയിടങ്ങളുണ്ട്. അവരുടെ സങ്കേതങ്ങളിലേക്ക് കയറിച്ചെല്ലാൻ ഇസ്‌റാഈൽ സൈന്യത്തിന് സാധ്യമല്ല. ഇത്തരം ഗ്രൂപ്പുകളെ ലോകത്തൊരിടത്തും പുറത്ത് നിന്നുള്ളവർക്ക് തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. വിയറ്റ്‌നാം സ്‌നൈപർമാർ അമേരിക്കൻ സൈനികരെ നേരിട്ടതിന്റെ ചരിത്രം മുന്നിലുണ്ട്. അഫ്ഗാനിലെ സോവിയറ്റ് പരാജയം പഠിച്ചാലും ഇത് മനസ്സിലാകും. മലേഷ്യയിൽ ബ്രിട്ടീഷുകാർ അനുഭവിച്ചതും ഇതായിരുന്നു. അഥവാ നിങ്ങളവരെ തത്കാലം തകർത്താലും ഞൊടിയിടയിൽ അവർ റീ ഗ്രൂപ്പ് ചെയ്യും. ഗസ്സയിൽ കര യുദ്ധത്തിനിറങ്ങിയതോടെയാണ് ഐ ഡി എഫ് സൈനികർ കനത്ത നാശം ഏറ്റുവാങ്ങിയതെന്നോർക്കണം. ഗസ്സയിലെ സാധാരണക്കാർ ഹമാസിന്റെ മനുഷ്യകവചമാണെന്ന ഇസ്‌റാഈൽ ആരോപണം ഒരർഥത്തിൽ ശരിയാണ്. കാരണം അവർ ഹമാസിനെ ശക്തമായി പിന്തുണക്കുന്നു. അധിനിവേശ ശക്തികളെ നേരിടുന്നവരോട് ഒരു ജനത കാണിക്കുന്ന ഐക്യപ്പെടലാണത്. അധിനിവേശവിരുദ്ധത പിറവിയിലേ ഉൾച്ചേർക്കപ്പെട്ട യുവാക്കളാണ് ഗസ്സയിലുള്ളത്. ഹമാസിനോടുള്ള അവരുടെ ഐക്യം പ്രത്യയശാസ്ത്രപരമോ സംഘടനാപരമോ ആകണമെന്നില്ല. ഹമാസ് ചെയ്യുന്ന ഏത് പ്രവൃത്തിക്കും കൊടുക്കുന്ന സമ്മതിയുമല്ല. ലാഭ നഷ്ടങ്ങൾ ഗസ്സാ ജനത നോക്കുന്നുമില്ല. അത്‌കൊണ്ട് ആരാണ് ഹമാസ്, ആരാണ് ഹമാസല്ലാത്തത് എന്ന് പുറത്ത് നിന്നെത്തുന്നവർക്ക് മനസ്സിലാകുകയേ ഇല്ല. ഫലസ്തീനിയൻ സെന്റർ ഫോർ പോളിസി സർവേ ആൻഡ് റിസർച്ച് നടത്തിയ സർവേയിൽ 57 ശതമാനം ഗസ്സക്കാരും പറഞ്ഞത് ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം ശരിയായിരുന്നുവെന്നാണ്. ഇസ്‌റാഈൽ യുദ്ധക്കുറ്റം നടത്തിയെന്നും ഹമാസായിരുന്നില്ല ഐ ഡി എഫിന്റെ ലക്ഷ്യമെന്നും 97 ശതമാനം പേരും വിശ്വസിക്കുന്നു. ഹമാസിനെ തോൽപ്പിച്ചതിന്റെ ഒരു വിജയ ദൃശ്യം പോലും സംഘടിപ്പിക്കാൻ ഇസ്‌റാഈൽ സൈന്യത്തിന് സാധിച്ചിട്ടില്ല. സ്വന്തം പൗരൻമാരെയും സഹ സൈനികരെയും അബദ്ധത്തിൽ കൊന്നതിന്റെ നാണക്കേടിലാണ് അവർ. സൗഹൃദ വെടിവെപ്പെന്നാണ് ആ നാണക്കേടിനെ അവർ വിളിക്കുന്നത്.
അതുകൊണ്ട് നെതന്യാഹുവും കൂട്ടരും ഇപ്പോഴും ‘ഒക്‌ടോബർ ഏഴിലെ ക്രൂരത’ വീഡിയോയായും വിവരണമായും വിതരണം ചെയ്തുകൊണ്ടിരിക്കുന്നു.

ഇനി പ്ലാൻ ബി. ഗസ്സ ജീവിക്കാൻ കൊള്ളാത്ത ഇടമാക്കി മാറ്റുക. സഹികെട്ട് ഗസ്സക്കാർ ഒഴിഞ്ഞു പോകുക. ഗസ്സക്കാരെ മുഴുവൻ ഈജിപ്തിലെ സിനായി പെനിൻസുലയിൽ പാർപ്പിക്കുക. ഇതായിരുന്നു നെതന്യാഹുവിന്റെ രഹസ്യ പദ്ധതി. ഇസ്‌റാഈൽ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ ചോർന്നു കിട്ടിയ രേഖ ഇത് വ്യക്തമാക്കുന്നു. ഈ രേഖ ഇസ്‌റാഈലിലെ ചില പത്രങ്ങൾ തന്നെ പുറത്ത് വിട്ടിരുന്നു. 1948ന്റെ ഓർമയിലാണ് നെതന്യാഹു സർക്കാർ ഈ പ്ലാൻ ബി സ്വപ്‌നം സൂക്ഷിക്കുന്നത്. അന്ന് ഫലസ്തീൻ വിഭജന പ്രമേയം യു എൻ പാസ്സാക്കിയതിനും ഇസ്‌റാഈൽ നിലവിൽ വന്നതിനും ഇടയ്ക്കുള്ള ഒരു വർഷത്തിനിടെ 7,80,000 മുസ്‌ലിംകളും ക്രിസ്ത്യാനികളും അടങ്ങിയ അറബ് വംശജരെയാണ് മേഖലയിൽ നിന്ന് ആട്ടിയോടിച്ചത്. അതാണ് നഖ്ബ. അന്ന് അയൽ രാജ്യങ്ങളിലേക്ക് ചിതറിപ്പോയ മനുഷ്യർക്ക് പിന്നെ ഒരിക്കലും തിരിച്ചു വരാനായില്ല. ഇസ്‌റാഈലിന്റെ എക്കാലത്തെയും സ്വപ്‌നമാണ് ഇത്തരമൊരു തുടച്ചു നീക്കൽ. പക്ഷേ, ഇത് 1948 അല്ല. പേടിപ്പിച്ചോടിക്കൽ അത്ര എളുപ്പമല്ല. 1950ൽ യു എൻ നേതൃത്വത്തിൽ നടന്ന ഡിസ്‌പ്ലേസ്‌മെന്റ് പദ്ധതിയെ പോലും ഫലസ്തീൻകാർ ചെറുത്തിട്ടുണ്ട്.
അതുകൊണ്ട് ഗസ്സ സമ്പൂർണമായി ഇടിച്ചു നിരത്തുകയെന്ന പദ്ധതിയാണ് നെതന്യാഹു നടപ്പാക്കിയത്. സ്‌കൂളുകൾ, യൂനിവേഴ്‌സിറ്റികൾ, ആശുപത്രികൾ, കടകൾ, കൃഷിയിടങ്ങൾ, ജലവിതരണ സംവിധാനങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ, സോളാർ സ്റ്റേഷനുകൾ എല്ലാം ബോംബിട്ട് തകർത്തു. ഗസ്സയിലേക്കുള്ള വെള്ളവും മരുന്നും ഭക്ഷണവും മറ്റ് മാനുഷിക സഹായങ്ങളുമെല്ലാം തടഞ്ഞാണ് ഈ തകർക്കൽ നടത്തിയത്. ഈ ഗസ്സയെ നോക്കിയാണ് യു എൻ മേധാവി ഭൂമിയിലെ നരകമെന്ന് വിളിച്ചത്.

മൊസ്സാദിന്റെ മുൻ മേധാവി രാംബിൻ ബാരക് അറിയാതെ പ്ലാൻ ബി പുറത്ത് പറഞ്ഞു പോയി. “ഗസ്സക്കാർക്ക് മുന്നിൽ ഒരു വഴിയേ ഉള്ളൂ. പുറത്തേക്ക് പോകുക. അയൽ രാജ്യങ്ങളിൽ ഞങ്ങൾ പൗരത്വം വാങ്ങിത്തരും’ നിങ്ങൾ അറബികളല്ലേ? ഈജിപ‌്തിലടക്കം നിങ്ങൾക്ക് ഇഴുകിച്ചേർന്ന് ജീവിക്കാമല്ലോ എന്നും ബരാക് ചോദിച്ചു. ഇന്ത്യയിലെ മുസ്‌ലിംകളോട് ചില സംഘ്പരിവാറുകാർ ചോദിക്കുന്ന അതേ ചോദ്യം. “നിങ്ങൾക്ക് പോകാൻ എത്ര രാജ്യങ്ങളുണ്ട്?’ എത്ര വ്യക്തമാണ് ഹിന്ദുത്വയുടെയും സയണിസത്തിന്റെയും ആശ്ലേഷം. “അങ്ങനെ ഞങ്ങളെ അറബികളാക്കേണ്ട. ഞങ്ങൾ ആദ്യം ഫലസ്തീനികളാണ്. രണ്ടാമത് മാത്രമാണ് അറബികൾ. ഇത് ഞങ്ങളുടെ രാജ്യമാണ്’ എന്ന് നിവർന്ന് നിന്ന് പറഞ്ഞതിന്റെ വിലയാണ് ഗസ്സയിലെ 20,000ത്തിലേറെ വരുന്ന രക്തസാക്ഷികൾ. കൊഴിഞ്ഞു പോയ കുഞ്ഞു പൂവുകൾ. മുക്കാൽ നൂറ്റാണ്ട് മുമ്പ് സിറിയയിലേക്കും ലബനാനിലേക്കും പലായനം ചെയ്തവരിൽ ചിലർ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. അവർ പുതിയ തലമുറയോട് പറയുന്നത് നിങ്ങളുടെ രാജ്യം ഫലസതീനാണ്; സ്വതന്ത്ര ഫലസ്തീനാണ് നിങ്ങൾ സ്വപ്‌നം കാണേണ്ടതെന്നാണ്.

ചിലർ ഈജിപ്ത് പ്രസിഡന്റ് ഫതാഹ് അൽ സീസിക്ക് നേരെ വിമർശന ശരമെയ്യുന്നുണ്ട്. ഗസ്സക്കാർക്ക് സുരക്ഷിത വഴിയൊരുക്കാൻ അദ്ദേഹം റഫാ ക്രോസ്സിംഗ് തുറന്ന് കൊടുത്തില്ലെന്നാണ് വിമർശം. ആ ശാഠ്യമാണ് ഒരർഥത്തിൽ പ്ലാൻ ബി പൊളിച്ചു കളഞ്ഞത്. എല്ലാ പ്ലാനും തകർന്ന് കൂടുതൽ ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ നിൽക്കുന്ന നെതന്യാഹുവാണ് അവശേഷിക്കുന്നത്. നിസ്സഹായനായി അദ്ദേഹം പറയുകയാണ്: ഇത് മൂന്നാം ലോകമഹായുദ്ധമാണെന്ന്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest