Connect with us

National

വോട്ടിംഗ് മെഷീനുകള്‍ നശിച്ചു ; വെടിവെപ്പിനെ തുടര്‍ന്ന് മണിപ്പൂരിലെ പതിനൊന്ന് ബൂത്തുകളില്‍ റീപോളിങ് നടത്തും

ഏപ്രില്‍ 22 നാണ് റീപോളിങ് നടക്കുക

Published

|

Last Updated

ഇംഫാല്‍ | ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ പതിനൊന്ന് ബൂത്തുകളില്‍ റീപോളിങ് നടത്തുമെന്ന് മണിപ്പൂര്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഏപ്രില്‍ 22 നാണ് റീപോളിങ് നടക്കുക.ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച മണിപ്പൂരില്‍ പോളിംങ് ബൂത്ത് പിടിച്ചെടുക്കാനുള്ള ശ്രമം നടന്നിരുന്നു. അക്രമികളെ തുരത്താന്‍ പോലീസ് വെടിയുതിര്‍ത്തു. നാല് സ്ഥലങ്ങളില്‍ നാല് വോട്ടിങ് മെഷിനുകള്‍ അക്രമികള്‍ തകര്‍ത്തു. ഒരു ബൂത്തിലെ വോട്ടിങ് മെഷിന്‍ തീയിട്ടു. അക്രമികള്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റ്മാരെ ബൂത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഇതോടെ പോളിങ് നിര്‍ത്തി ബൂത്ത് അടച്ചു.

തുടര്‍ന്ന് വെള്ളിയാഴ്ച ഈ ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് അസാധുവാക്കാനും പുതിയ തിരഞ്ഞെടുപ്പ് നടത്താനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നും ബൂത്തുകള്‍ പിടിച്ചെടുത്തെന്നും ആരോപിച്ച് 47 ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ പോളിങ് ബൂത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമികളില്‍ നിന്ന് 32 തോക്കുകളും മൂന്ന് മൊബൈല്‍ ഫോണുകളും ഒരു കാറും പിടിച്ചെടുത്തു.

രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍ മാത്രമുള്ള സംസ്ഥാനത്ത് ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ പൂര്‍ണമായും ഔട്ടറിലെ 15 നിയമസഭ മണ്ഡലങ്ങളിലുമാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്.

 

Latest