Connect with us

Kerala

വിഴിഞ്ഞം: ചൈനീസ് കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങുന്നതിന് അനുമതി

മുംബൈയില്‍നിന്നുള്ള കമ്പനിയുടെ വിദഗ്ധരും ഉടന്‍ എത്തും. കാലാവസ്ഥ കൂടി അനുകൂലമായാല്‍ വിഴിഞ്ഞത്ത് കപ്പലില്‍നിന്ന് ക്രെയിന്‍ ബര്‍ത്തില്‍ ഇറക്കുമെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം| വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ കപ്പലിലെ ക്രെയിനുകള്‍ ഇറക്കുന്നതിലെ അനിശ്ചിത്വം നീങ്ങുന്നു. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചു. ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍നിന്ന് തുറമുഖത്തെ ബര്‍ത്തിലേക്ക് ഇറങ്ങാനുള്ള അനുമതി വൈകുന്നതിനാല്‍ നാലു ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല. ഇതുസംബന്ധിച്ച ആശങ്ക നിലനില്‍ക്കെയാണ് അനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചത്.

കപ്പലിലെ രണ്ടു പേര്‍ക്കാണ് ആദ്യം എഫ്ആര്‍ആര്‍ഒ അനുമതി ലഭിച്ചത്. പിന്നീട് കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അനുമതി ലഭിച്ചതായുള്ള വിവരം അധികൃതര്‍ അറിയിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മുംബൈയില്‍നിന്നുള്ള കമ്പനിയുടെ വിദഗ്ധരും ഉടന്‍ എത്തും. കാലാവസ്ഥ കൂടി അനുകൂലമായാല്‍ വിഴിഞ്ഞത്ത് കപ്പലില്‍നിന്ന് ക്രെയിന്‍ ബര്‍ത്തില്‍ ഇറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കപ്പലിലെ ജീവനക്കാരുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ 15നാണ് വിഴിഞ്ഞത്ത് ഷെന്‍ ഹുവ 15ന് വരവേല്‍പ്പ് നല്‍കിയത്. തിങ്കളാഴ്ച മുതല്‍ കപ്പലില്‍ നിന്ന് ക്രെയിനുകള്‍ ഇറക്കാനുള്ള ജോലി തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കടല്‍ പ്രക്ഷുബ്ദമായതിനാലാണ് ക്രെയിന്‍ ഇറക്കുന്നത് വൈകുന്നത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ കപ്പലിലെ ജീവനക്കാര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്തതായിരുന്നു യഥാര്‍ഥ കാരണം.