Connect with us

Kerala

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: കുറ്റപത്രം നല്‍കാത്തതെന്ത്? അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി

എല്ലാ വിശദാംശങ്ങളും കൃത്യമായി എഴുതി നല്‍കണമെന്ന് എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം

Published

|

Last Updated

കൊച്ചി| എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ശശിധരനോടാണ് കോടതി ചോദ്യം ചോദിച്ചത്. കുറ്റപത്രം നല്‍കിയ കേസുകളുടെ എഫ്‌ഐആര്‍ നമ്പര്‍ നല്‍കാത്തതെന്താണ്, കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കി, ഏത് കേസില്‍ എവിടെ അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രം ഫയല്‍ ചെയ്തു, ഒരെണ്ണത്തില്‍ പോലും കുറ്റപത്രം നല്‍കിയില്ലല്ലോ, പ്രൊസിക്യൂഷന്‍ അനുമതി എത്ര കേസുകളില്‍ തേടി എന്നിങ്ങനെയാണ് കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ ഒരു കേസിലും കുറ്റപത്രം നല്‍കിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്. എല്ലാ വിശദാംശങ്ങളും കൃത്യമായി എഴുതി നല്‍കണമെന്നാണ് എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏഴ് കേസുകളിലും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറായെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ് ശശിധരന്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ മതിയായ വിവരങ്ങള്‍ ഇല്ലെന്നായിരുന്നു കോടതി നിരീക്ഷണം. അതിനാലാണ് എസ്പി എസ് ശസിധരന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചത്. പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്. കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് തന്നെ കോടതി പരിഗണിക്കും

പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനായി നബാര്‍ഡ്, പിന്നാക്ക വികസന കോര്‍പ്പറേഷന്‍ വഴി അനുവദിച്ച ഗ്രാന്റ് അമിത പലിശ ഈടാക്കി ദുരുപയോഗം ചെയ്‌തെന്നാണ് കേസ്. സംസ്ഥാനത്താകെ 124 കേസുകളാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. വെള്ളാപ്പള്ളി നടേശന്‍, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എം എന്‍ സോമന്‍ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. അന്വേഷണം വൈകുന്നതില്‍ നേരത്തെ ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചും വിമര്‍ശനം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ വിജിലന്‍സ് സംഘം വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ല്‍ വി എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരായ കേസില്‍ അന്വേഷണം ആരംഭിച്ചത്.

Content Highlights:
The High Court questioned investigating officer SP S Sashidharan regarding the SNDP Microfinance scam case. The court asked for details on charge sheets filed and prosecution approvals sought. The officer admitted that no charge sheets have been submitted yet, prompting court directives for full details.

 

---- facebook comment plugin here -----

Latest